Latest News

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റം; മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമമെന്നും എം ബി രാജേഷ്

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണ്

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റം; മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമമെന്നും എം ബി രാജേഷ്
X

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണെന്ന് സ്പീക്കര്‍ എംബി രാജേഷ്. മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി അതു കൊണ്ടു തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റമായി കണക്കാക്കണം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട നീക്കങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ട്. ആ ഭരണകൂട നീക്കങ്ങള്‍ ജനാധിപത്യത്തിന് ആഘാതമേല്‍പ്പിക്കുന്നവയാണ്. മാധ്യമങ്ങളെ പ്രലോഭനവും സമ്മര്‍ദ്ദവും ഭീഷണിയും ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമങ്ങളും നിരന്തരമായും ആസൂത്രിതമായും നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങളെ ജനാധിപത്യവാദികള്‍ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്.

രമേശ് ചെന്നിത്തല

മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലിലൊന്നായ മീഡിയാവണ്ണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ താന്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കോണ്‍ഗ്രസ്നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യം രാജ്യത്ത് ഇല്ലാതാവുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. അടുത്ത കാലത്തൊന്നും ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് നേരെ ഇത്തരം നടപടിയുണ്ടായിട്ടില്ല. ഇത് ജനാധിപത്യത്തിന് അപമാനകരവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്ന് കയറ്റവുമാണ്. ഇത് ഒരു ടെസ്റ്റ് ഡോസാണോ എന്ന് പോലും സംശയമുണ്ട്. രണ്ടാം തവണയാണു മീഡിയ വണ്ണിനെതിരെ നടപടി എടുക്കുന്നത്. ആര്‍എസ്എസിന്റെയും ബി ജെപിയുടെയും ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി ഇന്ത്യയിലെ ജനങ്ങള്‍അണിനിരക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടന്ന് ഈ നിയന്ത്രണം പിന്‍വലിക്കണമെന്നും സ്വതന്ത്രമായി വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാനുളള അവകാശം പുനസ്ഥാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എംഎം ഹസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഫാസിസ്റ്റ് നടപടിയാണ് മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്കെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം വരുന്ന ഒരു നടപടിയും മീഡിയാവണ്‍ ചാനലിന്റെ ഭാഗത്ത് നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. വിമര്‍ശന ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ഫാഷിസ്റ്റ് നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹസന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it