Latest News

'കേന്ദ്ര ഏജന്‍സികള്‍ പൗരന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയണം'; ചീഫ് ജസ്റ്റിസിനോട് മമത ബാനര്‍ജി

കേന്ദ്ര ഏജന്‍സികള്‍ പൗരന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയണം; ചീഫ് ജസ്റ്റിസിനോട് മമത ബാനര്‍ജി
X

കൊല്‍ക്കത്ത: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളില്‍ നിന്ന് സാധാരണക്കാരേയും ഭരണഘടനയെയും സംരക്ഷിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥനയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യം, നീതിന്യായം എന്നിവ സംരക്ഷിക്കണമെന്നാണ് മമത അഭ്യര്‍ഥിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ ചടങ്ങില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ വേദിയിലിരുത്തിയായിരുന്നു മമതയുടെ അഭ്യര്‍ഥന. രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കിന്റെ സാള്‍ട്ട് ലേക്ക് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് പരാമര്‍ശം. തന്റെ പാര്‍ട്ടിയുടെ ആഭ്യന്തരരേഖകള്‍ പിടിച്ചെടുക്കാന്‍ ഏജന്‍സി ശ്രമിക്കുന്നതായി മമത ആരോപിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരിയിലുള്ള സര്‍ക്യൂട്ട് ബെഞ്ചിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് മമത ഇക്കാര്യം പറഞ്ഞത്.

'നമ്മുടെ ഭരണഘടന ദുരന്തത്തില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നുണ്ടെന്നും നമ്മുടെ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ എല്ലാ ജഡ്ജിമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ചരിത്രം, ഭൂമിശാസ്ത്രം, അതിര്‍ത്തികള്‍ എന്നിവയെല്ലാം സംരക്ഷിക്കപ്പെടണം. കേസുകള്‍ അന്തിമമാകുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ വിചാരണ നടത്തരുത്. ഇത് ആളുകളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരു പ്രവണതയായി മാറിയിരിക്കുന്നു. ഏജന്‍സികള്‍ മനഃപൂര്‍വ്വം പൗരന്മാരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഞാന്‍ എനിക്കുവേണ്ടിയല്ല സംസാരിക്കുന്നത്. ജനാധിപത്യത്തെ രക്ഷിക്കാനും, ആളുകളെ രക്ഷിക്കാനും, ജുഡീഷ്യറിയെ രക്ഷിക്കാനും, രാജ്യത്തെ രക്ഷിക്കാനും, ഭരണഘടനയെ രക്ഷിക്കാനുമാണ് ഞാനിത് പറയുന്നത്. ഞങ്ങള്‍ നിങ്ങളുടെ കസ്റ്റഡിയിലാണ്. നിങ്ങള്‍ ഭരണഘടനയുടെ കാവല്‍ക്കാരാണ്,' മമത ബാനര്‍ജി പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഐ-പാക്ക് ഓഫിസില്‍ നടന്ന ഇഡി റെയ്ഡില്‍ മമത ഇടപ്പെട്ടതിനെതിരേ കഴിഞ്ഞ ദിവസം സുപ്രിംകോടതിയുടെ പരാമര്‍ശം വന്നതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം. കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐ-പാക് സഹസ്ഥാപകന്‍ പ്രതീക് ജെയ്നിന്റെ ഓഫിസില്‍ നടന്ന റെയ്ഡ് മുഖ്യമന്ത്രി നേരിട്ടെത്തി തടസപ്പെടുത്തിയെന്ന് ആരോപിച്ച് ഇഡി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍, മമത ബാനര്‍ജിക്കും ബംഗാള്‍ സര്‍ക്കാറിനും ഡിജിപി രാജീവ് കുമാറിനും സുപ്രിംകോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it