Latest News

കളരിപ്പയറ്റിന് ധനസഹായം നല്‍കുന്നുണ്ടെന്ന് സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രാലയം

കളരിപ്പയറ്റിന് ധനസഹായം നല്‍കുന്നുണ്ടെന്ന് സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: കളരിപ്പയറ്റ് അടക്കമുള്ള തദ്ദേശീയ ആയോധനകലകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രാലയം നടപ്പാക്കുന്നുണ്ടെന്ന് ലോക്‌സഭയില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയെ രേഖാമൂലം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ രൂപീകരിക്കുകയും അതിന് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തദ്ദേശീയ ആയോധനകല പദ്ധതി സ്‌കൂളുകളിലൂടെയും മറ്റ് സ്ഥാപനങ്ങളിലൂടെയും നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കളരിപ്പയറ്റ് പ്രോത്സാഹിപ്പിക്കാന്‍ തിരുവനന്തപുരത്തും ആറന്മുളയിലും രണ്ടു കളരികള്‍ സ്ഥാപിക്കുന്നതാണ്. ഇവയ്ക്ക് 80 ലക്ഷം രൂപ ഗ്രാന്‍ഡ് അനുവദിച്ചിട്ടുണ്ട്. മാത്രമല്ല ഈ കളരികളില്‍ കോച്ചുകളെ നിയമിക്കുന്നതിനു വേണ്ടി 60 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇത് 30 ലക്ഷം രൂപ വീതം രണ്ട് സ്ഥാപനങ്ങള്‍ക്കും ലഭിക്കും. അതിനുപുറമേ ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ സമ്മാനം നേടിയ 73 വിജയികള്‍ക്ക് 10,000 രൂപ വീതം സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കി വരുന്നുണ്ടെന്നും കിരണ്‍ റിജിജു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി യെ രേഖാമൂലം അറിയിച്ചു.




Next Story

RELATED STORIES

Share it