Latest News

വിഗ്രഹ നിമജ്ജനത്തിനിടെ അഞ്ച് യുവാക്കള്‍ യമുനയില്‍ മുങ്ങി മരിച്ചു

വിഗ്രഹ നിമജ്ജനത്തിനിടെ അഞ്ച് യുവാക്കള്‍ യമുനയില്‍ മുങ്ങി മരിച്ചു
X

ന്യൂഡല്‍ഹി: യമുനാ നദിയില്‍ കൃഷ്ണ വിഗ്രഹം നിമജ്ജനം ചെയ്തുള്ള പൂജയ്ക്കിടെ അഞ്ച് യുവാക്കള്‍ മുങ്ങി മരിച്ചു. നോയിഡയിലെ സലാര്‍പൂര്‍ ഗ്രാമത്തിലുള്ള യുവാക്കളാണ് മരിച്ചത്. ഇന്നലെ ഡിഎന്‍ഡി ഫ്‌ളൈയോവര്‍ മേഖലയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടയിലാണ് അപകടം സംഭവിച്ചത്. അങ്കിത് (20), ലക്കി (16), ലളിത് (17), ബീരു (19), റിതു രാജ് (20) എന്നിവരാണ് മരിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ സലാര്‍പൂര്‍ ഗ്രാമവാസികളാണ് ഇവരെല്ലാം. നിമജ്ജനത്തിന് ശേഷം വിഗ്രഹം നദിയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട് നദിയിലിറങ്ങിയ അഞ്ച് യുവാക്കള്‍ മുങ്ങിത്താഴുകയായിരുന്നു.

സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങളെല്ലാം കണ്ടെടുത്തതായും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായും പോലിസ് അറിയിച്ചു. വിഗ്രഹ നിമജ്ജനത്തിനായി സലാര്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് 20 ഓളം യുവാക്കളുടെ സംഘം യമുനാ തീരത്ത് എത്തിയതായി ഡിസിപി ഇഷാ പാണ്ഡെ പറഞ്ഞു. വിഗ്രഹം ശരിയായി നിമജ്ജനം ചെയ്യാത്തതിനാല്‍ ആറ് യുവാക്കള്‍ വീണ്ടും നദിയിലേക്ക് ഇറങ്ങി. അവര്‍ ഒഴുക്കില്‍പ്പെട്ടു. അവരില്‍ ഒരാള്‍ക്ക് മാത്രമേ രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളൂ- പോലിസ് പറഞ്ഞു.

ജാമിഅ നഗര്‍ പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി മറ്റ് ഏജന്‍സികളെ വിവരമറിയിച്ചു. അഞ്ച് യുവാക്കളുടെ മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നദിയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സോണിയ വിഹാറില്‍ വിഗ്രഹ നിമജ്ജനത്തിനിടെ മൂന്ന് കുട്ടികള്‍ യമുനാ നദിയില്‍ മുങ്ങി മരിച്ചിരുന്നു.

Next Story

RELATED STORIES

Share it