Latest News

കല്ലട്ക്ക പ്രഭാകറിനെ അറസ്റ്റ് ചെയ്താല്‍ തീരദേശം കത്തുമെന്ന് ഹിന്ദുത്വ യൂട്യൂബര്‍; വ്യാപക പ്രതിഷേധം

കല്ലട്ക്ക പ്രഭാകറിനെ അറസ്റ്റ് ചെയ്താല്‍ തീരദേശം കത്തുമെന്ന് ഹിന്ദുത്വ യൂട്യൂബര്‍; വ്യാപക പ്രതിഷേധം
X

മംഗളൂരു: ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനെ അറസ്റ്റ് ചെയ്താല്‍ തീരദേശം കത്തുമെന്ന് ഹിന്ദുത്വ യൂട്യൂബര്‍ വസന്ത് ഗില്യാര്‍. ''ഭട്ടാരുവിനെ അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് കേള്‍ക്കുന്നു. അങ്ങനെയുണ്ടായാല്‍ തീരദേശം കത്തും. അദ്ദേഹത്തിന്റെ സ്വാധീനം പരിശോധിക്കാതിരിക്കുന്നതാണ് നല്ലത്. കര്‍ണാടകയുടെ തീരദേശം ശാന്തിയില്‍ തുടരട്ടെ.''-വസന്ത് ഗില്യാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിന് നിരവധി കേസുകളില്‍ പ്രതിയാണ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ വസന്ത് ഗില്യാര്‍.

സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനെതിരേ വീണ്ടും കേസെടുത്തത്. ഉപ്പലിഗയില്‍ ഒക്ടോബര്‍ 20ന് നടന്ന ദീപോവല്‍സവം എന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് കേസ്. മുസ്‌ലിം സ്ത്രീകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നുവെന്നും ഹിന്ദു സ്ത്രീകള്‍ക്ക് കുറവാണെന്നും അതിനാലാണ് ഉള്ളാള്‍ മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയാത്തതെന്നുമായിരുന്നു പ്രസംഗം. വസന്ത് ഗില്യാര്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയാണെന്നും നടപടി വേണമെന്നും നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ ആവശ്യപ്പെട്ടു.

കടുത്ത സ്ത്രീവിരുദ്ധനാണ് ഭട്ടെന്ന് ദിവ്യനാഥ് കെ പൂജാരി എന്ന ആള്‍ കമന്റ് ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്താല്‍ ഒന്നും സംഭവിക്കില്ലെന്നും ഇനി അക്രമമുണ്ടായാല്‍ അവര്‍ തന്നെയായിരിക്കും ഉത്തരവാദികളെന്നും യാദവ കുന്താലപാടി എന്നയാള്‍ എഴുതി. ഭട്ടിനെ അറസ്റ്റ് ചെയ്താല്‍ ഗതാഗതം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, ഹോട്ടല്‍ തുടങ്ങിയ മേഖലകള്‍ സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് കെ ടി പ്രകാശ് എന്നയാള്‍ എഴുതി. പ്രിയങ്ക് ഖാര്‍ഗെ എന്ന കുട്ടിയെയാണ് ആദ്യം തീര്‍ക്കേണ്ടതെന്ന് ബി സി ശശികാന്ത് എന്നയാള്‍ എഴുതി.

അതേസമയം, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ മണ്ഡലമായ ചിറ്റാപൂരില്‍ നവംബര്‍ രണ്ടിന് മാര്‍ച്ച് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമാധാന കമ്മിറ്റി നോട്ടിസ് അയച്ചു. ആര്‍എസ്എസ്, ഭാരതീയ ദലിത് പാന്തര്‍, ഭീം ആര്‍മി, ഗോണ്ട-കുറുബ എസ്‌സി ആക്ഷന്‍ കമ്മിറ്റി, ചാലവാടി വെല്‍ഫെയര്‍ അസോസിയേഷന്‍, കര്‍ണാടക റയ്ത്തു സംഘ, ഹസിരു സേന തുടങ്ങിയവര്‍ക്കാണ് നോട്ടിസ്. ഒക്ടോബര്‍ 28നാണ് സമാധാന യോഗം.

ഒക്ടോബര്‍ 19ന് ചിറ്റാപൂരില്‍ മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചിരുന്നു. എന്നാല്‍, കല്‍ബുര്‍ഗി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. തുടര്‍ന്ന് ആര്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, അന്നു തന്നെ തങ്ങള്‍ക്കും മാര്‍ച്ച് നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മി അടക്കമുള്ളവരും ഹൈക്കോടതിയെ സമീപിച്ചു. സമാധാന കമ്മിറ്റി യോഗത്തിലെ തീരുമാനത്തിന് അനുസൃതമായി കേസ് പരിഗണിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it