Latest News

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ബുള്ളറ്റ് കണ്ണന്‍ പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ബുള്ളറ്റ് കണ്ണന്‍ പിടിയില്‍
X

കുറ്റിപ്പുറം: പത്തൊമ്പത് വര്‍ഷമായി ഒളിവിലായിരുന്ന ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി പുളിക്കത്തറ വീട്ടില്‍ ജയകുമാര്‍ എന്ന ബുള്ളറ്റ് കണ്ണനെയാണ് പാലക്കാട് ജില്ലയിലെ വാണിയംകുളത്തിനു സമീപം പത്തംകുളത്ത് നിന്ന് പിടികൂടിയത്.

2006ല്‍ കുറ്റിപ്പുറത്തിനടുത്ത് നടക്കാവില്‍ വെച്ച് എറണാകുളം കള്ളിയത്ത് സ്റ്റീല്‍സിന്റെ കളക്ഷന്‍ ഏജന്റ് വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബിനെ വെട്ടിക്കൊലപ്പെടുത്തി 20 ലക്ഷത്തിലധികം രൂപ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയശേഷം വിവിധ ജില്ലകളില്‍ പല പേരുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടാതലവന്‍ കോടാലി ശ്രീധരന്റെ പ്രധാന കൂട്ടുപ്രതിയായ ജയകുമാര്‍ പത്തനംതിട്ട, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ്.

2000ല്‍ ഒല്ലൂരില്‍വെച്ച് ബസില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലും തൃശ്ശൂര്‍ നഗരത്തില്‍ വയോധികയുടെ മാല പൊട്ടിച്ച കേസിലും പത്തനംതിട്ടയില്‍ സ്വര്‍ണക്കവര്‍ച്ച നടത്തിയ കേസിലും 2017ല്‍ ഒറ്റപ്പാലത്തെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കവര്‍ച്ച ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.

Next Story

RELATED STORIES

Share it