Latest News

ബജറ്റ് 2026: പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് 200.94 കോടി രൂപ

ബജറ്റ് 2026: പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് 200.94 കോടി രൂപ
X

തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, ഉപജീവനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ബജറ്റില്‍ 200.94 കോടി രൂപയുടെ പ്രത്യേക വകയിരുത്തല്‍ പ്രഖ്യാപിച്ചു. ഒബിസി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനായി 130.78 കോടി രൂപയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഇസി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക്കുലേഷന്‍ സഹായ പദ്ധതിയുടെ അടങ്കല്‍ 80 കോടി രൂപയായി വര്‍ധിപ്പിച്ചു. മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ മേഖലകളില്‍ പഠിക്കുന്ന പിന്നാക്ക വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 28 ലക്ഷം രൂപയും നീക്കിവെച്ചു.

ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വിദേശ സ്‌കോളര്‍ഷിപ്പ്' എന്ന പുതിയ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിലൂടെ വിദേശത്തുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് സാമ്പത്തിക സഹായം ലഭ്യമാകും. പദ്ധതിയുടെ നടപ്പാക്കലിനായി നാലു കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. അതേസമയം, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും നല്‍കുന്ന ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന്റെ വിഹിതം എട്ടു കോടി രൂപയായി ഉയര്‍ത്തി. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മാര്‍ഗദീപം പദ്ധതിക്കായി 22 കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി.

Next Story

RELATED STORIES

Share it