Latest News

ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷന്‍ ഫോം നല്‍കിയതായി കാണിക്കാന്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം

ബിഎല്‍ഒമാരുടെ പ്രതിഷേധം കാരണം സംസ്ഥാനത്ത് എന്യുമറേഷന്‍ ഫോം വിതരണത്തില്‍ ഇടിവ്, ഡിസംബര്‍ നാലിനകം എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷന്‍ ഫോം നല്‍കിയതായി കാണിക്കാന്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം
X

തിരുവനന്തപുരം: ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷന്‍ ഫോം നല്‍കിയതായി കാണിക്കണമെന്ന് ബിഎല്‍ഒമാര്‍ക്ക് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ നിര്‍ദേശം. ഫോം കൊടുക്കുന്നതിനു മുന്‍പു തന്നെ സ്‌കാന്‍ ചെയ്ത് നല്‍കിയതായി രേഖപ്പെടുത്തണം. ഫോം തിരികെ കിട്ടിയില്ലെങ്കില്‍ 'അണ്‍കളക്റ്റഡ്' എന്ന കോളത്തില്‍ ഏതെങ്കിലും ഓപ്ഷന്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. മരണം, സ്ഥലം മാറി, ആളില്ല ഇതില്‍ ഏതെങ്കിലും ഓപ്ഷന്‍ നല്‍കാനാണ് നിര്‍ദേശം. ഫോം വിതരണം പൂര്‍ത്തിയായെന്നു കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ബിഎല്‍ഒമാരുടെ ഗ്രൂപ്പില്‍ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അയച്ച സന്ദേശത്തിലാണ് ഇതുപറയുന്നത്.

ഡിസംബര്‍ നാലിനകം എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണം. ചില ബിഎല്‍ഒമാര്‍ ജോലി പൂര്‍ത്തിയാക്കിയെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇടങ്ങള്‍ സജ്ജമാക്കണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം, ബിഎല്‍ഒമാരുടെ സംസ്ഥാന വ്യാപക പ്രതിഷേധം കാരണം സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനുള്ള എന്യുമറേഷന്‍ ഫോം വിതരണത്തില്‍ ഇടിവ്. 3,83,737 ഫോമുകള്‍ മാത്രമാണ് ഇന്നലെ വിതരണം ചെയ്തത്. ഇതോടെ 2,67,05,632 പേര്‍ക്ക് ഫോം വിതരണം ചെയ്തു. ആകെ വോട്ടര്‍മാരുടെ 95.89 ശതമാനമാണിത്. വരും ദിവസങ്ങളിലും ഫോം വിതരണം മന്ദഗതിയിലാവാനാണ് സാധ്യത. കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധത്തിലാണ് ജീവനക്കാര്‍. വിഷയത്തെ നിയമപരമായി നേരിടാനാണ് സര്‍വീസ് സംഘടനകളുടെയും തീരുമാനം. സംസ്ഥാന വ്യാപക പ്രതിഷേധമുണ്ടായിട്ടും ഇതുവരെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it