Latest News

കടത്തില്‍ നിന്നും രക്ഷപ്പെടാന്‍ 'മരണനാടകം'; ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

കടത്തില്‍ നിന്നും രക്ഷപ്പെടാന്‍ മരണനാടകം; ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍
X

ഭോപാല്‍: കടംവാങ്ങിയ 1.40 കോടിരൂപയില്‍ നിന്നും രക്ഷപ്പെടാന്‍ കാളിസിന്ധ് നദിയിലേക്ക് കാര്‍ മറിഞ്ഞ് മരണപ്പെട്ടതായി വരുത്തി തീര്‍ത്ത ബിജെപി നേതാവ് മഹേഷ് സോണിയുടെ മകന്‍ വിശാല്‍ സോണി അറസ്റ്റില്‍. മധ്യപ്രേദേശ് പോലിസും ദുരന്തനിവാരണസേനയും പത്തുദിവസമായി 20 കിലോമീറ്ററോളം പരിധിയില്‍ കാളിസിന്ധ് നദിയില്‍ തിരച്ചില്‍നടത്തുകയായിരുന്നു. നദിയില്‍നിന്ന് കാര്‍ കണ്ടെത്തിയെങ്കിലും വിശാല്‍ സോണിയെ കിട്ടിയില്ല. പിന്നീട് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വിശാല്‍ മഹാരാഷ്ട്രയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്ര പോലിസിന്റെ സഹായത്തില്‍ കസ്റ്റഡിയിലെടുത്ത വിശാല്‍ സോണി വലിയൊരു തട്ടിപ്പിനുള്ള ശ്രമമാണ് നടത്തിയത്.

1.40 കോടി രൂപയുടെ കടത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി വിശാല്‍ സോണി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു. മധ്യപ്രദേശില്‍ രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ വിശാല്‍ മഹാരാഷ്ട്രയില്‍ ഒളിവിലായിരുന്നു. സെപ്റ്റംബര്‍ അഞ്ചിനാണ് കാളിസിന്ധ് നദിയില്‍ ഒരു കാര്‍ മുങ്ങിയതായി പോലിസിന് വിവരം ലഭിക്കുന്നത്. രാജ്ഗഢ് ബിജെപി നേതാവ് മഹേഷ് സോണിയുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞതോടെ തിരച്ചില്‍ ശക്തമാക്കി. ഏകദേശം രണ്ടാഴ്ച തിരഞ്ഞെങ്കിലും ഒരുതുമ്പും കിട്ടാതായതോടെ ചില സംശയങ്ങള്‍ക്ക് തോന്നി തുടങ്ങി. തുടര്‍ന്ന് പോലിസ് മൊബൈല്‍ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നതോടെ വിശാല്‍ മഹാരാഷ്ട്രയിലുണ്ടെന്ന് കണ്ടെത്തി.

മഹാരാഷ്ട്ര പോലിസിന്റെ സഹായത്തോടെ മധ്യപ്രദേശ് പോലിസ് സംഭാജി നഗര്‍ ജില്ലയിലെ ഫര്‍ദാപുര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍വെച്ച് വിശാലിനെ കസ്റ്റടിയിലെടുത്തു. ചോദ്യംചെയ്യലില്‍ കടബാധ്യതയാണെന്ന് വിശാല്‍ സമ്മതിച്ചു. മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുമെന്നു കരുതിയാണ് ഇതിന് തയ്യാറായതെന്നും മൊഴിനല്‍കി. ട്രക്ക് ഡ്രൈവറുടെ സഹായത്തോടെ കാര്‍ നദിയിലേക്ക് തള്ളിയിട്ട് ഇയാളുടെ ബൈക്കില്‍ ഇന്ദോറിലേക്ക് കടക്കുകയായിരുന്നു. പത്രങ്ങളിലൂടെ തന്റെ മരണവാര്‍ത്ത വായിച്ച് ഉറപ്പുവരുത്തിയാണ് വിശാല്‍ മഹാരാഷ്ട്രയിലേക്കു കടന്നത്.

Next Story

RELATED STORIES

Share it