Latest News

ബീഹാറിലെ ബിജെപി-ജെഡി(യു) സഖ്യം: നിര്‍ണായക തീരുമാനം നാളെ

ബീഹാറിലെ ബിജെപി-ജെഡി(യു) സഖ്യം: നിര്‍ണായക തീരുമാനം നാളെ
X

പട്‌ന: നാല് വര്‍ഷം മുമ്പ് രൂപംകൊണ്ട ബീഹാറിലെ ജെഡി(യു)-ബിജെപി സഖ്യം അന്ത്യത്തോടടുക്കുകയാണെന്ന് സൂചന. സഖ്യം അപകടനിലയിലാണെന്നതിനുള്ള നിരവധി തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

നാളെ നടക്കുന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലായിരിക്കും സഖ്യം തുടരേണ്ടതുണ്ടോയെന്ന തീരുമാനമെടുക്കുകയെന്ന് മുതിര്‍ന്ന നേതാവും മന്ത്രിയുമായ വിജയ് ചൗധരി പറഞ്ഞു.

നിതീഷ് കുമാറിന്റെ വലംകൈയായി അറിയപ്പെടുന്ന നേതാവാണ് വിജയ് ചൗധരി.

ജെഡി(യു) പിളര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നതായി നേതാക്കള്‍ ആരോപിച്ചു.


പാര്‍ട്ടികള്‍ക്കിടയില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നാണ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ തര്‍കിഷോര്‍ പ്രസാദുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷം നിതീഷ് കുമാര്‍ പറഞ്ഞത്. പക്ഷേ, തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ജെഡി(യു) നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

രാജ്യത്ത് പ്രാദേശികപാര്‍ട്ടികള്‍ക്ക് പ്രാധാന്യമില്ലെന്നും ബിജെപി മാത്രമേ അവശേഷിക്കുകയുള്ളൂവെന്നും ബിജെപി മേധാവി ജെ പി നദ്ദ പറഞ്ഞത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

2017ല്‍ നിതീഷിന്റെ ജെഡി(യു)വും ബിജെപിയും തമ്മില്‍ കൈകോര്‍ത്തതിനുശേഷമുണ്ടായ ഏറ്റവും വലിയ സംഘര്‍ഷത്തിലൂടെയാണ് ഇരുപാര്‍ട്ടികളും കടന്നുപോകുന്നത്. ജെഡി(യു)-ബിജെപി ബന്ധം തകരാനും സാധ്യതയുണ്ടെന്ന് കരുതുന്നു.

തന്റെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അകറ്റാനും തന്റെ സ്വാധീനം കുറയ്ക്കാനും ബിജെപി ശ്രമിക്കുന്നുവെന്ന് നിതീഷ്‌കുമാര്‍ ആരോപിക്കുന്നു. ഇക്കാര്യം ജെഡി(യു)പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിങ് തുറന്നുപറയുകതന്നെ ചെയ്തു.

പ്രതിപക്ഷ നേതാവ് രാഷ്ട്രീയജതാദളിന്റെ തേജസ്വി യാദവ് പിന്തുണ നല്‍കാന്‍ തയ്യാറാണ്. നിലവില്‍ ആര്‍ജെഡിയാണ് നിയമസഭയിലെ ഏറ്റവും വലിയ കക്ഷി. ആര്‍ജെഡി, ജെഡി(യു), കോണ്‍ഗ്രസ് എന്നിവര്‍ ഒരുമിച്ച് നിന്നാല്‍ ബിജെപിയെ പുറത്താക്കാനാവും.

അമിത് ഷാ തങ്ങളെ റിമോട്ട് കണ്‍ട്രോള്‍വച്ച് നിയന്ത്രിക്കുകയാണെന്ന് ജെഡി(യു) പറയുന്നു. ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയിലെ ഏക ജെഡി(യു) മന്ത്രി ആര്‍ സി പി സിങ് കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജ്യസഭാ അംഗമായ ഇദ്ദേഹത്തെ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കില്ലെന്ന ജെഡി(യു)വിന്റെ തീരുമാനമാണ് വിനയായത്. അതിനര്‍ത്ഥം ഇദ്ദേഹം കേന്ദ്ര മന്ത്രിസ്ഥാനത്തുനിന്ന് പുറത്താവുമെന്നാണ്. താമസിയാതെ അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു.

Next Story

RELATED STORIES

Share it