Latest News

ബിന്ദു പത്മനാഭന്‍ വധക്കേസ്; പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്

ബിന്ദു പത്മനാഭന്‍ വധക്കേസ്; പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്
X

ചേര്‍ത്തല: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്. ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് സംഘമാണ് ശനിയാഴ്ച രാവിലെ സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് കൊലപാതകക്കേസായി മാറ്റിക്കൊണ്ട് നേരത്തേ ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ, സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. തുടര്‍നടപടികളുടെ ഭാഗമായാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നത്.

വീട്ടുകാരുമായി അകന്നുകഴിഞ്ഞിരുന്ന ബിന്ദു പത്മനാഭനെ 2006-ലാണ് കാണാതാകുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം സഹോദരന്‍ നല്‍കിയ പരാതിയിലാണ് തിരോധാനക്കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ ബിന്ദുവിന്റെ സ്വത്തുക്കള്‍ സെബാസ്റ്റ്യനും കൂട്ടരും വ്യാജരേഖയുണ്ടാക്കി വിറ്റതായി പോലിസ് കണ്ടെത്തി. ജെയ്നമ്മ തിരോധാനക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ ചോദ്യം ചെയ്യലിനിടെയാണ് ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞത്.

ബിന്ദുവിനെ കൊന്ന് വീടിനുസമീപത്ത് കുഴിച്ചിടുകയും പിന്നീട് മാസങ്ങള്‍ക്കുശേഷം അസ്ഥികള്‍ കത്തിക്കുകയും ചെയ്തുവെന്നാണ് സെബാസ്റ്റ്യന്റെ മൊഴിയെന്ന് പോലിസ് പറയുന്നത്. മറ്റ് തെളിവുകളൊന്നും പോലിസിന് ഇതുവരെ ലഭിച്ചിട്ടില്ല. തെളിവുകള്‍ വീണ്ടെടുക്കല്‍ അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാണ്.

Next Story

RELATED STORIES

Share it