Latest News

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; പിന്‍വാതിലിലൂടെ എന്‍ആര്‍സി കൊണ്ടുവരാനുള്ള ശ്രമം: എസ്‌ഡിപിഐ

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; പിന്‍വാതിലിലൂടെ എന്‍ആര്‍സി കൊണ്ടുവരാനുള്ള ശ്രമം: എസ്‌ഡിപിഐ
X

ന്യൂഡൽഹി: ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച സമഗ്രമായ വോട്ടര്‍ പട്ടിക പുനരവലോകനം വലിയ തരത്തിലുള്ള ആശങ്കകളാണുയർത്തുന്നതെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. പെട്ടെന്നുള്ള ഈ നീക്കം വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും വോട്ടവകാശത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ ഇങ്ങനെയൊരു പുനരവലോകനം 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടക്കുന്നത്. ഇത് വോട്ടര്‍മാര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ വളരെ കുറഞ്ഞ സമയം മാത്രമേ നല്‍കുന്നുള്ളൂ. പുനരവലോകന പ്രക്രിയ സെപ്തംബര്‍ 30-ഓടെ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് അനുസരിച്ച്, എല്ലാ വോട്ടര്‍മാരും പുതിയ പട്ടികയില്‍ ഉള്‍പ്പെടാന്‍ അവരുടെ ജനനസ്ഥലവും ജനനത്തിയ്യതിയും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. 1987-ന് ശേഷം ജനിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ യോഗ്യരാകണമെങ്കില്‍ അവരുടെ മാതാപിതാക്കളുടെയും ഇതേ രേഖകള്‍ ഹാജരാക്കണം. 2003-ലെ പുനരവലോകനത്തില്‍ ഉള്‍പ്പെടാത്തവരും പുതിയ പട്ടികയില്‍ ഉള്‍പ്പെടാന്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാള്‍, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഇങ്ങനെയൊരു തീവ്രമായ പരിശോധന ഉടന്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചിപ്പിച്ചിട്ടുണ്ട്. കൗതുകകരമെന്നു പറയട്ടെ, പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗത്തിനും ഗണ്യമായ മുസ് ലിം ജനസംഖ്യയുണ്ട് എന്നതാണ്.

നേരത്തെ ബിജെപി സര്‍ക്കാര്‍ നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (NRC) കൊണ്ടുവന്നിരുന്നു, ഇത് മുസ്‌ലിം ജനസംഖ്യയ്ക്ക് മേലുള്ള ഒരു വലിയ വേട്ടയാടലായി മാറി. ദശലക്ഷക്കണക്കിന് ആളുകളെ 'ഡി' വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ജര്‍മ്മനിയിലെ നാസി ഭരണകൂടം 1930-കളില്‍ വലിയൊരു വിഭാഗം ജനങ്ങളെ രാജ്യത്തിന്റെ പൗരത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ സമാനമായ ശ്രമങ്ങള്‍ നടത്തിയ രീതിയോട് സമാനമാണിത്.

പല പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഇത്രയും കുറഞ്ഞ സമയം കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ച നീക്കത്തില്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ നീക്കം നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ, അതായത് ന്യൂനപക്ഷങ്ങള്‍, ദലിതര്‍, ആദിവാസികള്‍, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരെയും, ജോലിയുടെയും സാമ്പത്തിക അവസരങ്ങളുടെയും അഭാവത്തില്‍ പ്രതിഷേധിക്കുന്ന യുവജനങ്ങളെയും വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപിയും സഖ്യകക്ഷികളും ബിഹാറില്‍ അധികാരം തിരിച്ചുപിടിക്കാനും ബംഗാളിലെയും മറ്റും നിലവിലെ ഭരണകര്‍ത്താക്കളെ സ്ഥാനഭ്രഷ്ടരാക്കാനും ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി, തങ്ങളുടെ ദുര്‍ഭരണത്തില്‍ പ്രതിഷേധിക്കുന്ന വോട്ടര്‍മാരെ മനഃപൂര്‍വം വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള എല്ലാ ഉപാധികളും ഉപയോഗിക്കാന്‍ അവര്‍ തയ്യാറാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിയുടെ ദുഷിച്ച പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്.

ഇതൊരു ദൗര്‍ഭാഗ്യകരമായ സാഹചര്യമാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിഷ്പക്ഷതയെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്ന ഒന്നാണെന്നും മുഹമ്മദ് ഷെഫി പറഞ്ഞു. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വലിയ അഴിമതി നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അവിടെ ഭരണകക്ഷി തിരഞ്ഞെടുപ്പ് കമ്മീഷനെ അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചതായി തോന്നുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് പോലും പരസ്യമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും, തെറ്റിദ്ധാരണകള്‍ നീക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് വിശ്വസനീയമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ബിഹാറിലെ വോട്ടര്‍ പട്ടികയുടെ സമഗ്രമായ പുനരവലോകനം പെട്ടെന്ന് ആരംഭിക്കാനുള്ള നീക്കം നിര്‍ത്തിവെക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അതേസമയം, ഏതൊരു തിടുക്കപ്പെട്ട നടപടിയും നമ്മുടെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് തുല്യമാകുമെന്നും ഇത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയക്ക് ഭീകരവും നികത്താനാവാത്തതുമായ തിരിച്ചടിയായി മാറുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it