Latest News

ബിഹാറില്‍ ഘോഷയാത്രയിലേക്ക് ട്രക്കിടിച്ച് കയറി; കുട്ടികളടക്കം 12 പേര്‍ മരിച്ചു

ബിഹാറില്‍ ഘോഷയാത്രയിലേക്ക് ട്രക്കിടിച്ച് കയറി; കുട്ടികളടക്കം 12 പേര്‍ മരിച്ചു
X

പട്‌ന: ബിഹാറിലെ വൈശാലി ജില്ലയില്‍ മതഘോഷയാത്രയിലേക്ക് അമിതവേഗതയിലെത്തിയ ട്രക്കിടിച്ച് കയറി കുട്ടികളും സ്ത്രീകളുമടക്കം 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരില്‍ നാലു കുട്ടികളാണുള്ളത്. ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. രാത്രി 9 മണിയോടെ വടക്കന്‍ ബിഹാര്‍ ജില്ലയിലെ ദേസ്‌രി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍, തലസ്ഥാനത്തു നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഘോഷയാത്ര 'ഭൂമിയാ ബാബ' ദേവനോട് പ്രാര്‍ത്ഥിക്കുന്നതിനായി റോഡരികിലെ അരയാല്‍ മരത്തിന് മുന്നില്‍ ഒത്തുകൂടിയപ്പോഴാണ് ട്രക്ക് ഇടിച്ചുകയറിയത്.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. 'ബിഹാറിലെ വൈശാലിയിലുണ്ടായ അപകടം ദു:ഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ'- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അനുശോചിച്ചു. അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് രാഷ്ട്രപതി കുറിച്ചു.

ഒമ്പത് പേരെങ്കിലും അപകടസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ആര്‍ജെഡി എംഎല്‍എ മുകേഷ് റൗഷന്‍ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷണ്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍തന്നെ ഹാജിപൂരിലുള്ള സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ ആശുപത്രിയിലേക്കുള്ള മധ്യേയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ളവരെ പട്‌നയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായാണ് ഘോഷയാത്ര നടത്തിയതെന്ന് വൈശാലി പോലിസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു.

ഏറെ വൈകിയതിന് ശേഷമാണ് പോലിസ് എത്തിയതെന്നാരോപിച്ച് നാട്ടുകാര്‍ രോഷാകുലരായി. പോലിസിനെതിരേ സമീപവാസികളും അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും മുദ്രാവാക്യം വിളിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ക്രമസമാധാന നില നിയന്ത്രണവിധേയമാക്കാനും സമീപത്തെ നിരവധി പോലിസ് സ്‌റ്റേഷനുകളില്‍ നിന്ന് എസ്പിയുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു.

അതേസമയം, അപകടത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദു:ഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് ശരിയായ ചികില്‍സ ഉറപ്പാക്കാനും അപകടത്തില്‍പ്പെട്ട ഓരോ കുടുംബത്തിനും മാനദണ്ഡങ്ങള്‍ക്കനുസൃതമായി നഷ്ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യാനും ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ഉപമുഖ്യമന്ത്രി തേജസ്വി യാദവും അനുശോചനം അറിയിച്ചു.

Next Story

RELATED STORIES

Share it