Latest News

ബിദാറിലെ രാജ്യദ്രോഹക്കേസ്: യെദ്യൂരപ്പയുടെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ സിദ്ധരാമയ്യയെ കസ്റ്റഡിയിലെടുത്തു

സംസ്ഥാന സര്‍ക്കാര്‍ പോലിസ് വകുപ്പിനെ ദുരുപയോഗം ചെയ്‌തെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്.

ബിദാറിലെ രാജ്യദ്രോഹക്കേസ്: യെദ്യൂരപ്പയുടെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ സിദ്ധരാമയ്യയെ കസ്റ്റഡിയിലെടുത്തു
X

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നാടകം അവതരിപ്പിച്ചതിന് ബിദാറില്‍ രാജ്യദ്രോഹകേസ് ചുമത്തിയ സംഭവത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ അടക്കം നിരവധി നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സര്‍ക്കാര്‍ പോലിസ് വകുപ്പിനെ ദുരുപയോഗം ചെയ്‌തെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്. ദിനേശ് ഗുണ്ടു റാവു, സിദ്ധരാമയ്യ തുടങ്ങിയവരാണ് പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

കര്‍ണാടകയിലെ ബിദാറിലെ ശഹീന്‍ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ നാടകം കളിച്ച് പ്രതിഷേധിച്ചതിന് പ്രധാനധ്യാപികയേയും രക്ഷിതാവിനെയും രാജ്യദ്രോഹകുറ്റം ചുമത്തി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

സ്‌കൂളിലെ പ്രധാനധ്യാപിക ഫരീദാ ബീഗത്തിനെതിരേയും, നാടകം കളിച്ച വിദ്യാര്‍ത്ഥികളിലൊരാളുടെ മാതാവായ നസ്ബുന്നീസ മിന്‍സ എന്നിവര്‍ക്കെതിരേയാണ് പോലിസ് നടപടിയുണ്ടായത്. ഇവര്‍ക്ക് 14 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.ജനുവരി 21ന് സ്‌കൂള്‍ വാര്‍ഷിക ദിനത്തിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

അഞ്ച് ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് നാടകം കളിച്ചത്. നാടകം കളിച്ച് ദിവസങ്ങള്‍ക്ക് ശേഷം ഷഹീന്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് മാനേജ്‌മെന്റിനെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി പോലിസ് കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലിസ് നിരന്തരം സ്‌കൂളിലെത്തുകയും വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ നിര്‍ത്തിവെക്കാന്‍ കര്‍ണാടക ബാലാവകാശ കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.






Next Story

RELATED STORIES

Share it