Latest News

ആപ്പ് നിരോധനം: ഇന്ത്യയിലെ തൊഴില്‍ മേഖലയെയും ചൈനീസ് സംരംഭകരെയും ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി

ആപ്പ് നിരോധനം: ഇന്ത്യയിലെ തൊഴില്‍ മേഖലയെയും ചൈനീസ് സംരംഭകരെയും ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി
X

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പേരില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടി ഇന്ത്യന്‍ തൊഴില്‍മേഖലയെയും തൊഴിലാളികളെയും ഉപഭോക്താക്കളെയും ചൈനിസ് സംരംഭകരെയും ദോഷകരമായി ബാധിക്കുമെന്ന് ചൈനീസ് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയില്‍ തങ്ങളുടെ ആപ്പുകള്‍ ഉപയോഗിക്കുന്ന ധാരാളം പേരുണ്ടെന്നും ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് തങ്ങള്‍ അവ നിര്‍മിച്ചിട്ടുള്ളതെന്നും ഉപഭോക്താക്കള്‍ക്ക് വേഗതയുള്ള സര്‍വ്വീസുകള്‍ നല്‍കുന്നുണ്ടെന്നും എംബസിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

''ഇന്ത്യയിലെ തൊഴിലവസരങ്ങളെ ഈ നടപടി ദോഷകരമായി ബാധിക്കുമെന്നുമാത്രമല്ല, ഇതുപയോഗിക്കുന്ന ഇന്ത്യയിലെ കോടിക്കണക്കിനു സംരംഭകര്‍ക്കും ചൈനീസ് സംരംഭകര്‍ക്കും ഇത് ദോഷകരമാവും''- ചൈനീസ് എംബസി വക്താവ് ജി റോങ് ആണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.

നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി വകുപ്പ് പുറത്തുവിട്ട നോട്ടിസില്‍ ചൈനീസ് ആപ്പുകള്‍ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും അപകടകരവുമാണെന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ആഗോള ഓണ്‍ലൈന്‍ വ്യാപാര സംവിധാനത്തെ അട്ടിമറിക്കുന്നതും ഡബ്ല്യൂ ടി ഒ അടക്കം വിവിധ കരാറുകളുടെ ലംഘനമാണെന്നും എംബസി കുറ്റപ്പെടുത്തി. ഈ വിഷയം തങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്നാണ് ബീജിങിന്റെ ഇതുംബന്ധിച്ച ആദ്യ പ്രതികരണം.

ഇന്ത്യയും ചൈനയും ഈ വ്യാപാരത്തിലൂടെ വലിയ നേട്ടമുണ്ടാക്കുന്നുണ്ടെന്നും ചൈനയ്‌ക്കെതിരേയുള്ള വിവേചനം ഇല്ലാതാക്കണമെന്നും എല്ലാ സംരംഭകരെയും സേവനദാതാക്കളെയും വിവേചനമില്ലാതെ കാണണമെന്നും എംബസി ആവശ്യപ്പെട്ടു.

കിഴക്കന്‍ ലഡാക്കില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ജൂണ്‍ 15ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 20ഓളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഘര്‍ത്തെ തുടര്‍ന്നാണ് ഇരുവശത്തും പ്രതിസന്ധി രൂക്ഷമായത്.

Next Story

RELATED STORIES

Share it