Latest News

ബാബരി മസ്ജിദ് കേസ്: പ്രധാന പ്രതികളായ അദ്വാനിയും ജോഷിയും കല്യാണ്‍സിങ്ങും കോടതിയിലെത്തില്ല

ബാബരി മസ്ജിദ് കേസ്: പ്രധാന പ്രതികളായ അദ്വാനിയും ജോഷിയും കല്യാണ്‍സിങ്ങും കോടതിയിലെത്തില്ല
X

ന്യൂഡല്‍ഹി: 28 വര്‍ഷം പഴക്കമുളള ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയുമ്പോള്‍ പ്രധാന പ്രതികളൊന്നും കോടതിയിലെത്തില്ല. പ്രതികളായ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്ങ് എന്നിവരാണ് എത്തില്ലെന്ന് ഉറപ്പായിട്ടുള്ളത്. 92 വയസ്സായ അദ്വാനിയെയും 86 വയസ്സായ ജോഷിയെയും ആരോഗ്യകാരണങ്ങളാല്‍ ഒഴിവാക്കിയിരിക്കുകയാണ്. ഉമാഭാരതിയും കല്യാണ്‍ സിങ്ങും കൊവിഡ് ചികില്‍സയിലാണ്.

ഇവര്‍ക്കു പുറമെ സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, സതീഷ് ചന്ദ്ര സാഗര്‍, ബാല്‍താക്കറെ, അശോക് സിംഘല്‍, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ തുടങ്ങി 48 പേരാണ് കേസിലെ പ്രതികള്‍. 48 പ്രതികളില്‍ 16 പേര്‍ മരിച്ചു. ബാക്കി പ്രതികളോട് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ സിബിഐ ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആവശ്യപ്പെട്ടിരുന്നു.

1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദിനു സമീപത്തുവച്ച് നടത്തിയ പ്രസംഗത്തിലൂടെ കര്‍സേവകരെ മസ്ജിദ് തകര്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ജോഷിക്കും അദ്വാനിക്കുമെതിരേയുള്ള കുറ്റം. ജൂലൈ 24 ന് അദ്വാനി ഇതു സംബന്ധിച്ച് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കോടതിയില്‍ ഹാജരായിരുന്നു. അദ്ദേഹത്തോട് കോടതി നൂറ് ചോദ്യങ്ങള്‍ ചോദിച്ചു. അതിനു തൊട്ടു മുന്‍ ദിവസം ജോഷിയും കോടതിയില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജരായി. രണ്ടു പേരും കുറ്റം നിഷേധിച്ചു.

ബിജെപി നേതാവായ കല്യാണ്‍ സിങ് ബാബരി മസ്ജിദ് പൊളിക്കുന്ന സമയത്ത് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായിരുന്നു. കലാപം പൊട്ടിപ്പുറപ്പെടുകയും 3000 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് കല്യാണ്‍ സിങ് സര്‍ക്കാരിനെ പിരിച്ചുവിട്ടു.

ഉമാഭാരി മുന്‍ കേന്ദ്ര മന്ത്രിയാണ്. കൊവിഡ് ബാധയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ചികില്‍സയിലാണ്. കുറ്റം വിധിക്കുകയാണെങ്കില്‍ താന്‍ ജാമ്യമെടുക്കില്ലെന്ന് അവര്‍ ബിജെപി നേതാവ് ജെ പി നദ്ദയ്ക്ക് എഴുതിയിരുന്നു.

Next Story

RELATED STORIES

Share it