Latest News

അസമില്‍ ബഹുഭാര്യത്വ നിരോധന നിയമം; നിയമസഭ പാസാക്കി

ഏഴു മുതല്‍ പത്തു വര്‍ഷം വരെ തടവിന് ബില്ല് വ്യവസ്ഥ ചെയ്യുന്നു, ഉത്തരാഖണ്ഡ് മാതൃകയിലുള്ള ഏകസിവില്‍ കോഡിനുള്ള ആദ്യ പടിയാണെന്ന് അസം മുഖ്യമന്ത്രി

അസമില്‍ ബഹുഭാര്യത്വ നിരോധന നിയമം; നിയമസഭ പാസാക്കി
X

ഗുവഹത്തി: ബഹുഭാര്യത്വം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ അസം നിയമസഭ പാസാക്കി. ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാമത് വിവാഹം കഴിക്കുന്ന വ്യക്തികള്‍ക്ക് ഏഴു മുതല്‍ 10 വര്‍ഷം വരെ തടവും കനത്ത പിഴയും ബില്ല് വ്യവസ്ഥ ചെയ്യുന്നു. തെറ്റ് ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ശിക്ഷയും ബില്ലില്‍ പറയുന്നു. ഇരയാകുന്ന സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. 'ദ അസം പ്രൊഹിബിഷന്‍ ഓഫ് പോളിഗമി ബില്‍ 2025' എന്നാണ് ബില്ലിന്റെ പേര്.

ബഹുഭാര്യത്വ നിരോധന ബില്‍ ഉത്തരാഖണ്ഡ് മാതൃകയിലുള്ള ഏകസിവില്‍ കോഡിനുള്ള ആദ്യ പടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ നിയമസഭ സമ്മേളനത്തിന്റെ ആദ്യ സെഷനില്‍ തന്നെ ഏക സിവില്‍ കോഡ് പാസാക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന് ഹിമന്ത ബിശ്വ ശര്‍മ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. നവംബര്‍ 25നാണ് ബില്ല് അസം നിയമസഭയില്‍ അവതരിപ്പിച്ചത്.

ബഹുഭാര്യത്വത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസില്‍ നിന്ന് മറച്ചുവെക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ബില്ല് നിര്‍ദേശിക്കുന്നുണ്ട്. ഇത്തരം വിവാഹങ്ങള്‍ നടത്തുന്ന പുരോഹിതര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും 1.5 ലക്ഷം രൂപ പിഴയും ബില്ല് വ്യവസ്ഥ ചെയ്യുന്നു. ആര്‍ട്ടിക്കിള്‍ 342 പ്രകാരം അംഗീകരിക്കപ്പെട്ട പട്ടികവര്‍ഗങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിയമം അസമിലെ ആറാം ഷെഡ്യൂള്‍ പ്രദേശങ്ങള്‍ക്കും ബാധകമല്ല.

Next Story

RELATED STORIES

Share it