Latest News

ഭരണഘടന വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യപ്രാപ്തിക്കു വേണ്ടി നിലകൊള്ളാന്‍ ആഹ്വാനവുമായി അഷ്റഫ് മൗലവി

ഭരണഘടന വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യപ്രാപ്തിക്കു വേണ്ടി നിലകൊള്ളാന്‍ ആഹ്വാനവുമായി അഷ്റഫ് മൗലവി
X

ജിദ്ദ: ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും സര്‍വ്വതും ത്യജിക്കുകയും ചെയ്ത മഹാത്മാക്കള്‍ സ്വപ്നം കണ്ട സമത്വത്തിന്റെയും സമഭാവനയുടെയും ഭൂമികയായി ഇന്ത്യ നിലകൊള്ളണമെനും രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടിയാണ് നാം നില കൊള്ളേണ്ടതെന്നും എസ്.ഡി.പി.ഐ. സംസ്ഥാന വൈസ് പ്രസിഡണ്ട് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. രാജ്യത്തിന്റെ എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി കേരള സ്റ്റേറ്റ് ഘടകം 'പോരാടി നേടിയ സ്വാതന്ത്ര്യം ' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓരോ വര്‍ഷം കഴിയുന്തോറും സ്വാതന്ത്ര്യത്തിന്റെ സന്തോഷവും സൗഹൃദവും ഉണ്ടാകേണ്ടതിനു പകരം രാജ്യത്തെ ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഫാഷിസ്റ്റ് ഭരണത്തിന് കീഴില്‍ ഭയവും ആശങ്കയും കൂടിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം കീഴടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിനു മുന്നില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ടത്തിലൂടെയും ജീവത്യാഗത്തിലൂടെയും നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ നേടിത്തന്ന സ്വാതന്ത്ര്യം എഴുപത്തിമൂന്നു വര്‍ഷത്തിനിപ്പുറവും അതര്‍ഹിക്കുന്ന വിധം ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്. പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തോടെ പാരതന്ത്ര്യം എന്ന് തുടങ്ങിയോ അന്ന് മുതല്‍ തുടങ്ങിയതാണ് ഇന്ത്യാ മഹാരാജ്യത്ത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം.

പറങ്കികള്‍ക്കു ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് പിന്നീട് ദശാബ്ദങ്ങള്‍ നീണ്ട പോരാട്ടം നടത്തേണ്ടി വന്നത്. ടിപ്പു സുല്‍ത്താനെ ചതിയിലൂടെ വക വരുത്തിയ ബ്രിട്ടീഷ് സൈനികത്തലവന്‍ ടിപ്പുവിന്റെ അവസാനത്തോടെ ഇന്ത്യാ മഹാരാജ്യം തങ്ങളുടെ കാല്‍ക്കീഴിലായി എന്ന് വിളിച്ചോതുകയായിരുന്നു. കുഞ്ഞാലി മരക്കാര്‍മാര്‍ മുതല്‍ ശാഹ് വലിയുല്ലാ ദഹ്ലവിയും ഷാ അബ്ദുല്‍ അസീസ് ദഹ് ലവിയും വെളിയംകോട് ഉമര്‍ ഖാളിയടക്കം വൈദേശിക ശക്തികളോട് പൊരുതി മരിച്ച ധീര ദേശാഭിമാനികള്‍ വിഭാവനം ചെയ്ത സ്വാതന്ത്ര്യമാണ് ഇന്ന് ഭാരത്തിലിരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ തച്ചുടക്കുന്നത്.

അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം നേടിത്തരാന്‍ നമ്മുടെ മുന്‍ഗാമികള്‍ എത്രമാത്രം ത്യാഗമനുഭവിച്ചിട്ടുണ്ടെന്നുള്ള ചരിത്രം തനതായ രൂപത്തില്‍ നമ്മിലൂടെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കോഓര്‍ഡിനേറ്റര്‍ അഷ്റഫ് മൊറയൂര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മതം നോക്കി പൗരത്വം നിര്‍ണയിക്കുന്ന കാലഘട്ടത്തില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകര്‍ അധികാരം വാഴുന്ന സാഹചര്യമാണ് രാജ്യത്തിപ്പോഴുള്ളത്. രാജ്യത്തെ സാധാരണക്കാര്‍ക്ക് പാര്‍പ്പിടം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം ജോലി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ എഴുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും ലഭ്യമാക്കുന്നതിന് ഭരണകര്‍ത്താക്കള്‍ക്ക് സാധിച്ചിട്ടില്ല. രാജ്യത്തെ സമ്പത്തും പ്രകൃതി വിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിച്ചു കൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കുകയാണ് ഭരണകൂടങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോ.അബ്ദുല്‍ അസീസ് (മിനിസ്ട്രി ഓഫ് നാഷണല്‍ ഗാര്‍ഡ് ഹോസ്പിറ്റല്‍, റിയാദ്), ഡോ. ലുഖ്മാന്‍ കോക്കൂര്‍ (കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി, അസീര്‍), ഡോ. വിനീത പിള്ള (അല്‍ റയാന്‍ ഹോസ്പിറ്റല്‍, ജിദ്ദ), മൂസക്കുട്ടി കുന്നേക്കാടന്‍ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, സൗദി സോണല്‍ പ്രസിഡന്റ്), സാദിഖലി തുവ്വൂര്‍ (മീഡിയാ ഫോറം, ജിദ്ദ), ഇബ്രാഹീം സുബ്ഹാന്‍ എനര്‍ജി ഫോറം, റിയാദ്), സിദ്ദീഖ് മാസ്റ്റര്‍ ( അല്‍ ജുനൂബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഖമീസ്) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി കണ്‍വീനര്‍ ബഷീര്‍ കാരന്തൂര്‍ സ്വാഗതം പറഞ്ഞു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇ.എം. അബ്ദുല്ല, മന്‍സൂര്‍ എടക്കാട് തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it