Latest News

ഉമ്മുല്‍ ഖുറായിലെ പാറക്കെട്ടില്‍

ഇ അബൂബക്കറിന്റെ ആത്മരേഖാ രചന 'ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍' എന്ന ഗ്രന്ഥത്തില്‍നിന്നുള്ള ഒരു അധ്യായം

ഉമ്മുല്‍ ഖുറായിലെ പാറക്കെട്ടില്‍
X

ഇ അബൂബക്കര്‍

1986ലാണ് എന്റെ ആദ്യത്തെ വിദേശയാത്രയും വിമാനയാത്രയും. സിമിയുടെ സംസ്ഥാന സമ്മേളനം കോഴിക്കോട് നഗരത്തില്‍ വെച്ചു നടത്താന്‍ നേരത്തേ തീരുമാനിച്ചതാണ്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ചില ഉത്തരവാദിത്വങ്ങള്‍ അന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ജമാഅത്തെ ഇസ്‌ലാമി സ്വന്തമായി എസ്.ഐ.ഒ എന്ന വിദ്യാര്‍ഥി സംഘടന രൂപീകരിച്ച ഘട്ടമാണത്. സിമിക്ക് ആളും ധനവും ഏറെ കുറഞ്ഞ കാലം. ഒപ്പം അതുവരെ ഒന്നിച്ചു പ്രവര്‍ത്തിച്ച വലിയൊരു സംഘം സുഹൃത്തുക്കള്‍ വിട്ടുപോയ ഏറെ സംഘര്‍ഷം നിറഞ്ഞ സന്ദര്‍ഭം. പരമ്പരാഗത സംഘടനകളുടെ എതിര്‍പ്പ് ഒരു ഭാഗത്ത്. അതുവരെ ഒന്നിച്ചുനിന്നവരുടെ വിരോധവും എതിര്‍പ്പും കൂടിയായപ്പോള്‍ സമ്മേളനം വിജയിപ്പിക്കാന്‍ ഏറെ ക്ലേശിച്ചു. കോഴിക്കോട്ട് മാനാഞ്ചിറയിലായിരുന്നു പൊതുസമ്മേളനം. മാനാഞ്ചിറയില്‍ പ്രസംഗിക്കാന്‍ അവസരം കിട്ടുകയെന്നതുതന്നെ വലിയൊരു ആവേശമാണ്.


സമ്മേളനം കഴിഞ്ഞ് അടുത്ത ദിവസം തന്നെയാണ് എനിക്ക് സൗദിയിലേക്ക് പോകേണ്ടതും. അതും മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് മുംബൈ വഴി സൗദി അറേബ്യയിലെ ദമ്മാമിലേക്ക്. സമ്മേളനത്തിന്റെ തിരക്കുകളും സംഘര്‍ഷങ്ങളും മാസങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ്. ഗംഭീരമായിരുന്നു സിമിയുടെ അന്നത്തെ പൊതുസമ്മേളനം. ജനങ്ങള്‍ സമ്മേളനത്തിലേക്ക് ഒഴുകിയെത്തി. എന്റെ മനസ്സില്‍ യാത്രയുടെ ബദ്ധപ്പാടുകളുമുണ്ടുതാനും. 20 മിനിറ്റ് നീണ്ട എന്റെ പ്രസംഗം പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്വീകരിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആ പ്രസംഗം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായിരുന്നു.

സമ്മേളനം കഴിഞ്ഞ് മംഗലാപുരത്തേക്കു യാത്രതിരിച്ചു. അവസാന സമയത്തെ ഒരുക്കക്കാരനായ എനിക്ക് അന്നും യാത്രയ്ക്ക് ആവശ്യമായ പലതും മറന്നുപോയിരുന്നു, ടിക്കറ്റടക്കം. ഭാര്യാസഹോദരന്‍ ടി.എം. ഖാലിദും യൂത്ത് സെന്ററിലെ എം.എ. റഹ്മാന്‍ സാഹിബുമാണ് അതൊക്കെ പരിഹരിച്ചത്. ദീര്‍ഘമായ മണിക്കൂറുകള്‍ക്കു ശേഷം മംഗലാപുരത്തിറങ്ങി. അവിടെ നിന്നു ബജ്‌പെ എയര്‍പോര്‍ട്ടില്‍.

വിമാനത്താവളത്തില്‍ നാം കടന്നുപോകേണ്ട നടപടിക്രമങ്ങള്‍ എനിക്ക് പുതിയതായിരുന്നു. ബജ്‌പെയില്‍ നിന്നു വിമാനം വഴി ബോംബെയിലേക്ക്. കുട്ടിക്കാലത്ത് മാനത്തു നീന്തിപ്പോകുന്ന കുഞ്ഞുവിമാനക്കാഴ്ച എന്റെ ബാലമനസ്സിനു കൗതുകമായിരുന്നു. ഇരമ്പം കേട്ട് വീട്ടില്‍ നിന്നു മുറ്റത്തേക്കും ശരിയായ കാഴ്ചക്കായി തൊടിയിലെ വിജനതയിലേക്കും ഓടിനടന്ന ഒരു ബാല്യകൗമാരം എനിക്കുമുണ്ട്. മുതിര്‍ന്ന് ആദ്യ വിമാനയാത്രയ്ക്ക് ഒരുങ്ങുമ്പോഴും പഴയ ആ ബാലന്‍ എന്റെ ഉള്ളില്‍ കുതൂഹലപ്പെടുന്നുണ്ട്.

ബോംബെയില്‍ നിന്ന് സൗദി അറേബ്യയിലെ തെഹ്‌റാന്‍ വിമാനത്താവളത്തിലേക്കാണ് എനിക്കു പോകേണ്ടത്. ഒറ്റയ്ക്കാണ് യാത്ര. എനിക്ക് തീര്‍ത്തും അപരിചിതമാണാ ദേശവും രീതികളും. മൂന്നര പതിറ്റാണ്ടിനപ്പുറത്തെ കാലവും രീതിമട്ടങ്ങളുമാണല്ലോ. ഭയങ്കരമായ പൊടിക്കാറ്റ്. വിമാനം ആടുകയും കുലുങ്ങുകയും ചെയ്യുന്നു. ചിലപ്പോള്‍ വിമാനം കുഴികളില്‍ വീഴുന്ന പ്രതീതിയുണ്ടായി. അക്കാലത്തെ കോഴിക്കോട് കോര്‍പറേഷനിലെ റോഡിലൂടെയാണോ പോകുന്നതെന്നു തോന്നിപ്പോയി. ഏതായാലും ദുബൈ എയര്‍പോര്‍ട്ടില്‍ നാലു മണിക്കൂര്‍ വിമാനം നിര്‍ത്തിയിട്ടു. സമാധാനമായി!

തെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്നു നേരെ ദമ്മാമിലേക്ക്. ദമ്മാം വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോള്‍ അവിടെയും പെരും പൊടിക്കാറ്റ്. ഒരു വിധത്തിലും ലാന്‍ഡിങ് സാധ്യമായില്ല. ആകാശത്ത് വിമാനം ഏറെ നേരം വട്ടം ചുറ്റി. എന്നെ സ്വീകരിക്കാന്‍ സുഹൃത്തുക്കളായ ജമാല്‍ മലപ്പുറവും ചേളന്നൂര്‍ അബ്ദുല്ലയും കാത്തിരിപ്പുണ്ടായിരുന്നു. അവര്‍ മണിക്കൂറുകള്‍ തന്നെയായി അവിടെ. ദുബൈയില്‍ കറങ്ങി തിരിച്ചുവരുവോളം അവര്‍ അവിടെ കാത്തിരിപ്പായിരുന്നു. വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ കഠിനമായ ശൈത്യം. അസ്ഥികളിലേക്ക് തിളച്ചെത്തുന്ന ശൈത്യം എന്റെ സങ്കല്‍പത്തിന് അപ്പുറമായിരുന്നു. അറേബ്യന്‍ തണുപ്പ് എനിക്ക് മുന്‍പരിചയമില്ലാത്ത ഒന്നാണ്. അപ്പോള്‍ ചേളന്നൂര്‍ അബ്ദുല്ല ഒരു കട്ടിയുള്ള കമ്പിളിക്കോട്ടുകൊണ്ട് എന്നെ പൊതിഞ്ഞു. തണുപ്പിന്റെ യുദ്ധമുഖത്തുനിന്ന് എനിക്കൊരു രക്ഷാകവചം.

ഞാന്‍ സൗദി യാത്രയ്ക്കു പോയത് പ്രധാനമായും കോഴിക്കോട് ഇസ്‌ലാമിക് യൂത്ത് സെന്ററിനു വേണ്ടിയായിരുന്നു.

ദമ്മാമിലെ ചുമതലകള്‍ തീര്‍ത്ത് നേരെ റിയാദിലേക്ക്. അന്നു പോലും റിയാദ് ഗംഭീര നഗരമാണ്. അത്രയ്ക്കും പ്രൗഢിയാണതിന്. റിയാദില്‍ അന്ന് 'വമി'യുടെ ഒരു അന്താരാഷ്ട്ര സമ്മേളനം നടക്കുന്നുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിം ബുദ്ധിജീവികളും സാമൂഹിക-സാംസ്‌കാരിക നായകരും അന്ന് അവിടെയുണ്ട്. അല്‍ ഖുസാമ ഹോട്ടലിലാണ് സമ്മേളനം. കേരളത്തില്‍ നിന്നു പ്രബോധനം എഡിറ്ററും എഴുത്തുകാരനും സുഹൃത്തുമായ വി.എ. കബീറുമുണ്ട്. അദ്ദേഹത്തിന് അതില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാനുണ്ടായിരുന്നു. കാനഡയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് കനേഡിയന്‍ പൗരനും മലയാളിയുമായ ടി.കെ. ഇബ്രാഹീം സാഹിബുമുണ്ട്. മൂന്നു ദിവസം നീണ്ടുനിന്ന ആ സമ്മേളനത്തില്‍ ഞാനും പങ്കെടുത്തു. എന്റെ ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനമായിരുന്നു അത്. അന്ന് അവിടെ വെച്ച് ഞാന്‍ തുര്‍ക്കിയിലെ മില്ലി സലാമത്ത് പാര്‍ട്ടിയുടെ നേതാവും പ്രമുഖ ഇസ്‌ലാമിസ്റ്റുമായിരുന്ന നജ്മുദ്ദീന്‍ അര്‍ബകാനെ പരിചയപ്പെട്ടത് ഏറെ ആഹ്ലാദകരമായ ഒരനുഭവമായി. അര്‍ബകാന്‍ ഉള്‍പ്പെടെയുള്ള ലോക മുസ്‌ലിം നേതൃസാന്നിധ്യങ്ങളോടൊപ്പം മൂന്നു നാള്‍. ജീവിതത്തിലെ ആഹ്ലാദകരമായ ദിനങ്ങളായിരുന്നു അത്. ശേഷം എന്റെ യാത്രയുടെ മറ്റു ദൗത്യങ്ങളും നിര്‍വഹിച്ചുകൊണ്ടിരുന്നു. യൂത്ത് സെന്ററിന്റെ ധനസമാഹരണവും പ്രോജക്റ്റുകള്‍ സമര്‍പ്പിക്കലുമൊക്കെയായി തിരക്കുള്ളൊരു യാത്ര.

കുട്ടിക്കാലത്തേ മനസ്സില്‍ ജ്വലിച്ചുനിന്ന മോഹമാണ് മക്കയും മദീനയും കാണുക എന്നത്. ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിനേക്കാള്‍ മനസ്സില്‍ തെളിഞ്ഞുനിന്നത് 1400 ആണ്ടുകള്‍ക്കപ്പുറമുള്ള മക്കയുടെയും യസ്‌രിബിന്റെയും ഊടുവഴികളും പ്രാന്തദേശങ്ങളുമാണ്. അന്നത്തെ ഗോത്രജീവിതവും അതിന്റെ വിമലതകളുമാണ്. ഒട്ടകങ്ങള്‍ നിരയായി പോകുന്ന അവരുടെ കച്ചവട സഞ്ചാരങ്ങളാണ്. ഉക്കാദിലെയും മജന്നയിലെയും വാണിഭച്ചന്തകളാണ്. പ്രവാചകന്റെ ശൈശവം, ഉമ്മബാപ്പമാരുടെ മരണം, പിന്നെ ആ ബാല്യം നേരിട്ട അനാഥജീവിതം- ഇതൊക്കെയും എന്റെ കൗതുകങ്ങള്‍ തന്നെയായിരുന്നു. ഒരു ഹജ്ജ് യാത്ര അന്ന് ആലോചനക്കപ്പുറത്താണ്. ശാരീരികമായി ക്ഷമതയുണ്ടെങ്കിലും ഒരു കുടുംബനാഥന്‍ എന്ന ബാധ്യത, വരുമാനമായി ഒരധ്യാപകന്റെ മാസശമ്പളം മാത്രവും. പിന്നെയുള്ളത് ഉംറയാണ്. അന്ന് ഇന്നത്തെപ്പോലെ വിപുലമായ ഉംറയാത്രകള്‍ അസാധ്യമാണ്. സൗദിയില്‍ എത്തിയ സ്ഥിതിക്ക് എനിക്ക് മക്കയും മദീനയും കാണണം. അവിടെയൊക്കെ പ്രവാചകന്റെ കൂടെ സഞ്ചരിക്കണം. സുഹൃത്തുക്കളുടെ സഹായത്തോടെ ഞാന്‍ റിയാദില്‍ നിന്നു പ്രവാചകന്റെ ഗ്രാമങ്ങളിലേക്ക് കുതിച്ചു.

ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന മക്ക ഇന്ന് അവിടെയില്ല. ഖുര്‍ആനിലും ഹദീസിലും നമ്മുടെ മദ്‌റസാ പഠനങ്ങളിലും മതപ്രഭാഷണങ്ങളിലും തിളങ്ങിനില്‍ക്കുന്ന മക്ക എന്നേ പോയ്മറഞ്ഞു. നൂറ്റാണ്ടുകള്‍ നീണ്ടുപോയതോടെ, തലമുറകള്‍ മാറിമറിഞ്ഞതോടെ ഹദീസിലെ മക്ക ഒരു മഹാനഗരമായി മാറിക്കഴിഞ്ഞു. അപ്പോഴും വിശ്വാസികളെ പ്രചോദിപ്പിക്കുന്ന കഅ്ബ അഭിജാതമായി അങ്ങനെത്തന്നെ നിലനില്‍ക്കുന്നു. തീക്ഷ്ണമായ ആലോചനകളും വിതുമ്പുന്ന കണ്ണുകളുമായി ഞാന്‍ ആ ദേവമന്ദിരത്തിനരികെ നിന്നു. പറഞ്ഞറിയിക്കാനാവാത്തൊരു വികാരവായ്പായി അതെന്റെ മനസ്സിന്റെ വിസ്താരത്തില്‍ ഇന്നും തിമിര്‍ത്തുനില്‍ക്കുന്നു. പരിക്രമണവും കുന്നുകളില്‍ നിന്നുള്ള ഓട്ടവും തീര്‍ത്ത് ഞാന്‍ എത്ര നേരമെന്നറിയില്ല സഫാ കുന്നിലെ പാറകളില്‍ ഇരുന്നത്. അന്ന് എന്റെ ജഡം മാത്രമേ ആ പാറയില്‍ ഉണ്ടായിരുന്നുള്ളൂ. ദേഹി നാലായിരം കൊല്ലങ്ങള്‍ക്കപ്പുറത്തെ ഒരു കുഞ്ഞുഖാഫിലയില്‍ പതിയെ യാത്രക്കിറങ്ങി. വൃദ്ധനായൊരു കുടുംബനാഥനും അയാളുടെ കുടുംബവും. ഒരു ഉമ്മയും കുഞ്ഞുമകനും ഉച്ചവെയില്‍ പെയ്യുന്ന ആ കല്ലുഭൂമിയില്‍ ഒരു ഈന്തമരച്ചോട്ടില്‍ ആ യാത്രാസംഘം പാളയമിറങ്ങുന്നു. മാനത്ത് നക്ഷത്രങ്ങള്‍ ചിരിച്ചുനിന്ന വിജനതയില്‍ ആ നറുംപൈതല്‍ വാവിട്ടു കരഞ്ഞുവോ! അപ്പോള്‍ അവനു ചുറ്റുമിരുന്നു മാലാഖമാര്‍ രാക്കഥകള്‍ പറഞ്ഞുവോ! ആ വാരിളം പൈതലിന് ദാഹജലം തേടി വിഹ്വലതയോടെയാണ് സഫാ മര്‍വാ കല്ലുമലകള്‍ ഹാജര്‍ മണ്ടിക്കയറിയത്. ആ പാല്‍പ്പത തുടര്‍ച്ചയിലൂടെയാണ് ഉമ്മുല്‍ ഖുറാ വിസ്തൃതമായത്. സത്യപരീക്ഷകളൊക്കെയും ജയിച്ച് സ്രഷ്ടാവിന്റെ ആത്മസൗഹൃദത്തിലേക്ക് ഉയര്‍ന്ന ഇബ്രാഹീം ആ കല്ലുകടല്‍ കടഞ്ഞ് ഭൂമിയിലെ ആദ്യത്തെ മണിമന്ദിരം പണിത ദേശം. ഇളംകാലുകള്‍ പിച്ച നടന്ന അങ്കണത്തുറവി. ആ പാല്‍പ്പതപ്പുഞ്ചിരിയില്‍ നിന്ന് ഉറഞ്ഞെത്തിയ പുതുതലമുറകളിലൂടെ ഒഴുകിപ്പരന്ന് അദ്‌നാനിലൂടെ, കിനാനയിലൂടെ, ഖുസയ്യും അബ്ദു മനാഫും പിന്നിട്ട് അബ്ദുല്‍ മുത്തലിബില്‍ നിന്ന് അബ്ദുല്ലയ്ക്ക് മക്കാ ഗ്രാമത്തില്‍ ഒരു വാര്‍ത്തിങ്കള്‍ കല ഉദയം കൊള്ളുന്നു. ഞാന്‍ അവിടെയിരുന്നുതന്നെ ആ കുഞ്ഞിന്റെ ഇളം മുഖം കണ്ടു. നുണക്കുഴി കാട്ടിയുള്ള ആ പാല്‍പ്പുഞ്ചിരി കണ്ടു. അനാഥനെങ്കിലും ആ മുഖം അഭിജാതമായി മനസ്സിന്റെ സ്മൃതിപഥത്തില്‍ മിന്നിമറഞ്ഞ കാലത്രയം ഇന്ന് ആലോ ചിക്കുമ്പോള്‍ ഏറെ കൗതുകം തോന്നുന്നു.

പിന്നെയും ആലോചനകള്‍ അനുഭൂതികളായി മനസ്സിന്റെ ആകാശത്ത് പൂത്തുനിന്നു. ബാലനായ മുഹമ്മദിനെയും ഒപ്പം ചേര്‍ത്തുള്ള ആമിനയുടെ യസ്‌രിബ് യാത്ര. ആ തുറന്ന മരുപ്പറമ്പില്‍ വെച്ച് മകന്റെ കണ്‍മുന്നിലുള്ള അവരുടെ മരണം. ഉമ്മയെ അവിടെ അടക്കി മകന്റെ തിരിച്ചുവരവ്. ബാല്യം, കൗമാരം, നടന്നുപോയ വഴിത്താരകള്‍, കയറി നടന്ന മലമ്പാതകള്‍, വാണിഭം നടത്തിയ ചന്തകള്‍, കളിച്ചുനടന്ന വെളിമ്പുകള്‍, കച്ചവട യാത്രകള്‍, ഖദീജയുടെ വീടും തൊടിയും, വിവാഹം, വെളിപാട്, പീഠാനുഭവങ്ങള്‍, പിന്നിട്ടുപോന്ന പരിഹാസം...

അബൂത്വാലിബിന്റെ മലമേടുകള്‍, അബൂബക്കര്‍, ഉമര്‍, അലി, ഉസ്മാന്‍, അബൂലഹബ്, അയാളുടെ ഭാര്യ, അവരുടെ കൊടൂരതകള്‍, ഉമറിന്റെ ഇസ്‌ലാമാശ്ലേഷം, ഉമറിന്റെ ചോദ്യങ്ങള്‍, റസൂലിന്റെ മറുപടി, ഉമറിന്റെയും ഹംസയുടെയും നേതൃത്വത്തിലുള്ള മുസ്‌ലിംകളുടെ ആദ്യ പ്രകടനം, ഖബ്ബാബ് വന്ന് നബിയോട് പ്രാര്‍ഥിക്കാന്‍ പറയുന്നത്, അതിനുള്ള നബിയുടെ മറുപടി, അവസാനം സ്വന്തം ഗ്രാമസൗരഭ്യം ഉപേക്ഷിച്ചുള്ള സഞ്ചാരം... ഇതൊക്കെയായി ആ പാറക്കെട്ടില്‍ ഇരുന്ന ഞാന്‍ സഞ്ചരിച്ചുപോയ കാലദൈര്‍ഘ്യവും അതിന്റെ പ്രവേഗവും എത്രയെന്നറിയില്ല.

അനുഷ്ഠാന വസ്ത്രം ധരിച്ചാണ് ഞാന്‍ ഹറമിലെത്തിയത്. പരിക്രമണവും മലശിഖരങ്ങള്‍ താണ്ടിയുള്ള നടത്തവും പിന്നിട്ട് ഞാന്‍ ഉംറ പൂര്‍ത്തിയാക്കി. അപ്പോള്‍ തരളിതമായിനിന്ന എന്റെ മനോതലം ശാന്തമായി. അപ്പോഴും കഅ്ബയുടെ ഗാംഭീര്യമോലുന്ന ഘനരൂപം എന്നെ അതിലേക്കുതന്നെ വലിച്ചടുപ്പിച്ചു. അതിന്റെ ഭവ്യതയാര്‍ന്ന കേന്ദ്രബലം എന്നില്‍ പ്രസരിപ്പിക്കുന്ന സാന്ദ്രതയാകാം കാരണം.

അവിടം വിട്ടുപോരാന്‍ എനിക്കാവുന്നില്ല. അല്ലെങ്കില്‍ ആര്‍ക്കു പറ്റും ഭൂമിയും ആകാശവും സംഗമിക്കുന്ന അപൂര്‍വസ്ഥലി ഉപേക്ഷിച്ചുപോരാന്‍? നിമിഷാര്‍ധം കൊണ്ട് ഞാന്‍ ഹജറുല്‍ അസ്‌വദിനു ചാരത്തെത്തി. ദീര്‍ഘനേരം കഅ്ബയെ നോക്കിയിരുന്നു. പിന്നീട് നമസ്‌കരിച്ചു. ഇരു കരതലങ്ങളും കുമ്പിള്‍ കുത്തി ഞാനെന്റെ നാഥനു മുന്നില്‍. പിന്നെ ഞാനാരെയും കാണുന്നില്ല. ഒന്നും കേള്‍ക്കുന്നില്ല. അവിടെ ഞാനും എന്റെ ഏകനായ റബ്ബും മാത്രമായി. പക്ഷേ, ഞാനെന്റെ നാഥനെ അറിയുന്നു. അവന്‍ എന്നെ കാണുന്നു.

ഇനി ഒന്നേ ശിഷ്ടമായുള്ളൂ. അതെന്റെ ആവലാതികളുടെയും പങ്കപ്പാടുകളുടെയും ഭാണ്ഡം തുറക്കലാണ്. ഇവിടെയല്ലാതെ ഞാന്‍ അത് എവിടെ അഴിച്ചു നിരത്തും? എന്റെ സ്രഷ്ടാവിന്റെ ആത്മസുഹൃത്ത് ഈ അങ്കണത്തില്‍ വെച്ചാണ് അവനോട് പ്രാര്‍ഥിച്ചത്. അദ്ദേഹത്തിന്റെ പൗത്രന്‍ ഇരവു തേടിയതും ഈ മണ്ണിലും വിണ്ണിലും നിന്ന്.

തീര്‍ച്ചയായും എനിക്ക് പ്രാര്‍ഥിക്കാനും ഇതിനേക്കാള്‍ ഭേദമായൊരിടമില്ല. എന്റെ കണ്ണുകള്‍ നിറഞ്ഞു. അത് ഞാന്‍ അറിഞ്ഞതേയില്ല. ഒരു സമാന്തര സംസം പ്രവാഹം കവിളുകളില്‍ ഉര്‍വരതയായി. എല്ലാ ജീവിതപങ്കപ്പാടുകളും ഞാന്‍ അവിടെ അഴിച്ചു നിരത്തി. അതില്‍ അവന്‍ പൊറുത്തുതരേണ്ട കുറ്റബോധങ്ങളുണ്ട്. പരിഹാരമാകേണ്ട സംഘര്‍ഷങ്ങളുണ്ട്. തീര്‍ത്തുതരേണ്ട വേദനകളുണ്ട്. സാമ്പത്തിക ഞെരുക്കങ്ങളുണ്ട്. കുടുംബപ്രാരബ്ധങ്ങളുണ്ട്.

എന്റെ ഏകനായ റബ്ബ് ഇതൊക്കെയും പരിഹരിക്കാന്‍ കഴിവുറ്റവനാണെന്ന ബോധ്യവുമായാണ് ഞാന്‍ ഇക്കാലമത്രയും ജീവിതം തുഴഞ്ഞത്. ദീര്‍ഘനേരം ഞാന്‍ അതൊക്കെയും പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ മനസ്സ് ഘനം വിട്ട് അടങ്ങിപ്പാര്‍ത്തു. ഞാന്‍ പതിയെ എഴുന്നേറ്റുനോക്കി. എനിക്ക് അവിടെ അധികം സമയമില്ല. യാത്ര തുടരേണ്ടതുണ്ട്. എനിക്ക് മദീന കാണണം. പിന്നീട് നാട്ടിലേക്കുള്ള യാത്രയും. സത്യം പറയട്ടെ, അന്ന് ഞാന്‍ അവിടെ നിന്ന് പ്രാര്‍ഥിച്ചതും ചോദിച്ചതും സമ്പൂര്‍ണമായിത്തന്നെ അവന്‍ എനിക്കു പൂര്‍ത്തിയാക്കിത്തന്നു എന്നത് ഇന്ന് അനുസ്മരിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ വിനീതനാവുന്നു.

ഓര്‍മ മുളച്ച കാലം തൊട്ടേ മനസ്സിന്റെ മണിമച്ചില്‍ സൂക്ഷിച്ച ഒരു മയില്‍പ്പീലിത്തുണ്ടാണിന്ന് എന്റെ മുന്നില്‍ ഏഴഴകായി നിന്നു പൊലിച്ചത്. സംസം കുടിച്ച് മനസ്സ് ഏറെ വിമലമായി പതിയെ ഞാന്‍ ഹറമില്‍ നിന്നിറങ്ങി നടന്നു. അന്ന് ഞാന്‍ മറ്റൊരാളായി മാറിയപോലെ ഏറെ തരളിതനായിരുന്നു. ഇനി എനിക്ക് നബിയുടെ സ്വന്തം നാട് കാണണം. അദ്ദേഹം പാതിരാത്രിയില്‍ സുഹൃത്തുമൊന്നിച്ച് രക്ഷിതാവിന്റെ വഴിയില്‍ ദീര്‍ഘസഞ്ചാരം ചെയ്‌തെത്തിയ ദേശം. യസ്‌രിബിലെ ബാലകൗമാരങ്ങള്‍ അന്നൊരുനാള്‍ ആ മഹാപഥികരെ പാട്ടും പാടി ആനയിച്ച ദേശം. ആടിനെ മേച്ചു ജീവിച്ചിരുന്ന അന്നത്തെ ഗോത്രപ്പെരുമകളെ വിശ്വാസത്തിന്റെ വിനയതല്‍പത്തിലെത്തിച്ച ദേശം. അതിനായി ആ വിശുദ്ധ ജീവിതം പടയോടിപ്പോയ ദേശം. സ്വന്തത്തേക്കാള്‍ അദ്ദേഹം ജനതയെ സ്‌നേഹിച്ചു. ജനം അവരേക്കാള്‍ പ്രവാചകനെ സ്‌നേഹിച്ചു. അങ്ങനെ സ്‌നേഹം പൂത്തിറങ്ങിയ ആ ദേശം എന്നും എനിക്കൊരു അഭിനിവേശമായിരുന്നു. ഒടുവില്‍ സമൃദ്ധിയും സുരക്ഷിതത്വവും നിറഞ്ഞ ദേശം പണിത് സര്‍വ കര്‍മസാക്ഷ്യവും പൂര്‍ത്തിയായി മരിച്ചുകിടന്ന കുഞ്ഞുകുടിലും പ്രാന്തവും... എന്റെ മനസ്സിലാ ചിത്രമുണ്ട്. ഞാന്‍ ഇനി പോകുന്നത് അവിടേക്കാണ്. ഞാനൊറ്റയ്ക്കാണ്. കൈയില്‍ പണവും കുറവാണ്. പൊതുആവശ്യത്തിനു മാത്രമേ അവരുടെ പണം ഉപയോഗിക്കാവൂ. മക്കയും മദീനയും എന്റെ സ്വന്തം കാര്യമാണ്.

മക്കയില്‍ നിന്നു ജിദ്ദയിലേക്കു മടങ്ങി. പ്രഫ. കെ. മൊയ്തീന്‍ കുട്ടിയായിരുന്നു ജിദ്ദയില്‍ എന്റെ പ്രധാന ആതിഥേയന്‍. കൂടാതെ വണ്ടൂര്‍ സ്വദേശി മുഖ്താറും സുഹൃത്തുക്കളും സഹായത്തിനെത്തി. മദീനയിലേക്കു പോകുന്നവര്‍ സംഘം ചേര്‍ന്ന് വിളിച്ചുപോകുന്ന ടാക്‌സികള്‍ അന്ന് ധാരാളമാണ്. ഇത്തരമൊരു സംഘത്തില്‍ ഞാനും പങ്കുചേര്‍ന്നു. ഒട്ടും സമയമില്ല. മദീനയില്‍ നിന്നും റിയാദിലേക്കുള്ള വിമാന ടിക്കറ്റും ബോര്‍ഡിങ് പാസും എന്റെ കീശയിലാണുള്ളത്. അങ്ങനെ മദീനാ യാത്രയ്ക്കു നില്‍ക്കുന്ന ഒരു സംഘത്തോടൊപ്പം അവരെപ്പോലെ വിഹിതം നല്‍കി ഞാനും മദീനയില്‍. പകല്‍സമയമാണ്. വിജനമായ മരുഭൂമിയില്‍ മൃഗതൃഷ്ണകള്‍ തിളയ്ക്കുന്നു. ഞാന്‍ അപ്പോള്‍ പ്രവാചകന്റെ കൂടെ ഒരു ഹിജ്‌റയിലായിരുന്നു. അറേബ്യ ഇന്നത്തെപ്പോലെ പകിട്ട് കെട്ടിയാടാത്ത കാലം. തുറന്ന മരുഭൂമി. വിജനഭീകരതയുടെ വഴിയോരം. ഞങ്ങളുടെ വാഹനം ഒരു വഴിയിറമ്പില്‍ പതിയെ ഒന്ന് നിര്‍ത്താന്‍ പോകുന്നതായി തോന്നി. തീര്‍ത്തും അനാര്‍ഭാടതയാര്‍ന്ന താല്‍ക്കാലിക നിര്‍മിതി. വളരെ കുറച്ച് ആളുകള്‍. വണ്ടി നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി ആ നെടുമ്പുരക്കകത്തേക്ക് കടന്നുപോയി. കൂടെ ഞാനും. എന്തെന്നറിയാനുള്ള വെറും വാസനാബലം മാത്രം. ഒപ്പം പലായനകാലങ്ങളില്‍ പ്രവാചകനോ അദ്ദേഹത്തിന്റെ വല്‍സല ശിഷ്യരിലാരെങ്കിലുമോ ഇതുവഴി പോയെങ്കില്‍ അവരുടെ കാലടികള്‍ പതിഞ്ഞ മണ്ണില്‍ എനിക്കും പങ്കു പറ്റാമല്ലോ. അന്നും ഇതിലൂടെ എത്രയോ ഖാഫിലകള്‍ മക്കയിലേക്കും തിരിച്ചു മദീനയിലേക്കും കടന്നുപോയിക്കാണും. അന്നും ഇതൊരു ഇടത്താവളമായിരിക്കാം. മനസ്സാസകലം ആ കാലവും ചരിത്രവുമാണ്. അകത്തേക്ക് കയറിയപ്പോഴാണ് മനസ്സിലായത്, അത് ഹുക്ക വലിക്കുന്നവരുടെ വഴിയമ്പലമാണ്. വളരെ പരുക്കന്‍ പരിസ്ഥിതിയില്‍ ഒരു ഹുക്ക കേന്ദ്രം. മരക്കരിയുടെ ഒത്ത മധ്യത്തില്‍ അഗ്‌നിയുടെ ഒരു ചെമ്പഴുക്കാ നാളം. അതില്‍ ലഹരിയുടെ നേര്‍ത്ത ധൂമം പടലകളായി മുറിയാസകലം നിറഞ്ഞുകവിഞ്ഞുനില്‍ക്കുന്നു. ഞങ്ങളുടെ ഡ്രൈവര്‍ ധൂപക്കുറ്റിക്കടുത്തേക്ക് നീങ്ങി. പൊടുന്നനെ അയാളുടെ കണ്ണുകളില്‍ ആലസ്യത്തിന്റെ അരയന്നങ്ങള്‍ നീന്തിനടന്നു.

പതിയെ അയാള്‍ ഇറങ്ങി. വാഹനം നിരങ്ങി നീങ്ങി. അത് മരുഭൂമിയിലൂടെ വേഗമാര്‍ജിച്ച് പറക്കാന്‍ തുടങ്ങി. എന്റെ മനസ്സ് അതിനേക്കാള്‍ വേഗതയിലാണ് മദീനയിലേക്കു പറക്കുന്നത്. എന്നെ അവിടെ ഒരു കാലഘട്ടമപ്പാടെ കാത്തിരിക്കുന്നുണ്ട്. ദീര്‍ഘമായ മരുഭൂമി. വഴികള്‍ക്കൊക്കെയും പ്രവാചകന്റെ ഗന്ധം. അബൂബക്കറിന്റെയും ഉമറിന്റെയും സാന്നിധ്യം. മദീനയില്‍ നബിയുടെ കുഞ്ഞുവീടിനരികെ ഞങ്ങളുടെ ഒട്ടകം മുട്ടിട്ട് നിന്നു. ആയിശയും ഫാത്വിമയും കൂടി എന്നെ സ്വീകരിച്ചതായി എനിക്ക് തോന്നി! മുറ്റത്തു നിന്ന് കളിക്കുന്ന കിടാങ്ങളില്‍ ഞാന്‍ ഹസനെയും ഹുസൈനെയും കണ്ടുവോ! ഞാന്‍ കണ്ട മദീന നഗരവത്കരിക്കപ്പെട്ട വന്‍ നഗരമേയല്ല. അത് ഒട്ടകങ്ങള്‍ സഞ്ചരിക്കുന്ന ഒരു വിശുദ്ധ ദേശം. സത്യവും നീതിയും ഒട്ടകങ്ങളേക്കാള്‍ അനുസരണയോടെ വഴിഞ്ഞൊഴുകുന്ന ദേശം. വിശ്വാസികള്‍ക്ക് ഒരു ചെന്നായയെയും പേടിക്കേണ്ടതില്ലാത്ത ദേശം. ആ ദേശത്ത് പക്ഷേ, എനിക്ക് നില്‍ക്കാന്‍ ഒട്ടും സമയമില്ല. വിമാനത്താവളത്തില്‍ എത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ആദ്യമായി നബിയുടെ നാട്ടിലും വീട്ടുമുറ്റത്തും എത്തിയിട്ട് വിസ്തരിച്ചൊന്ന് വര്‍ത്തമാനം പറഞ്ഞു പിരിയാന്‍ സാധിക്കുന്നില്ലല്ലോ. ഒരു നെടുംഖേദം എന്നെയാസകലം പൊതിഞ്ഞു. ഞാന്‍ ഉള്ള നേരം നബിയെ കാണാന്‍ പോയി.

എന്റെ കൈയില്‍ ഭാരം കൂടിയൊരു പെട്ടിയാണുള്ളത്. എടുത്തു നടക്കാന്‍ ഒട്ടും പറ്റാത്ത ഭാരം. വലിച്ചുനടക്കാന്‍ സാധ്യമാവാത്ത വിധം അതിന്റെ ചക്രങ്ങള്‍ പൊട്ടിപ്പോയിരിക്കുന്നു. റോഡ്പണിയായതുകൊണ്ട് നബിയുടെ പള്ളിയിലേക്ക് നടക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. കുറേ ദൂരം ഞാനാ ഭാരവും പേറി നടന്നു. ഒരുവിധം പാറാവുകാരന്റെ അടുത്തെത്തി. അവര്‍ തടഞ്ഞു: ''ഇത് കൊണ്ടുപോവാന്‍ പറ്റില്ല.''

''ഇതിവിടെ വെക്കാം. ഞാന്‍ പോയി രണ്ട് റക്അത്ത് നമസ്‌കരിച്ചു വരുന്നതുവരെ എന്റെ ജംഗമം ഇവിടെ സുരക്ഷിതമായിരിക്കുമോ?''

എന്റെ ചോദ്യത്തിന് അവരുടെ മറുപടി ''ഞങ്ങള്‍ ഏല്‍ക്കുകയില്ല'' എന്നായി. രണ്ടും കല്‍പിച്ച് എന്റെ രേഖകളും യൂത്ത് സെന്ററിനും മറ്റുമായി ഞാന്‍ സുഹൃത്തുക്കളില്‍ നിന്നു സമാഹരിച്ച ഇത്തിരി റിയാലും പുറത്തെടുത്ത് കീശയില്‍ വെച്ചു. ഭാരമേറെയുള്ള പെട്ടി അവിടെ ഇട്ട് ഞാന്‍ നബിയുടെ പള്ളിയിലേക്കോടി. നേരെ എത്തിയത് ആയിശയുടെ വീട്ടില്‍. ആ വീട്ടില്‍ പ്രവാചകനും അബൂബക്കറും ഉമറും ശാന്തമായി ഉറങ്ങുന്നു. ഏതോ ഒരു ഉന്‍മാദിയെപ്പോലെ ഞാന്‍ അവിടേക്ക് മണ്ടിക്കയറി. അകത്ത് സെക്യൂരിറ്റി അകമ്പടിയോടെ എന്തോ പണികള്‍ നടക്കുകയാണ്.

തുറന്നുവെച്ച കവാടം മുറിച്ചുകടന്നു ഞാന്‍ അകത്തെത്തി. ഞാന്‍ എന്റെ പ്രിയപ്പെട്ട പ്രവാചകന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ തൊട്ടു ചാരെ അപ്പുറത്ത് തന്റെ രണ്ട് ഉത്തരാധികാരികള്‍. ഞാന്‍ പ്രവാചകനെ കാണാനെത്തിയ എത്രാമത്തെ തലമുറയിലാണ് ചെന്നുചേരുന്നത്. കണ്ണുകള്‍ തുളുമ്പി ഒഴുകി. ഒരു നിമിഷം ഞാന്‍ എന്നെത്തന്നെ വിസ്മരിച്ചുനിന്നു. അപ്പോഴേക്കും പാറാവുസംഘങ്ങള്‍ എന്റെ ചുമലില്‍ പിടിത്തമിട്ടുകഴിഞ്ഞു. അവര്‍ ക്രുദ്ധമായി എന്നെ നോക്കി. ''നീ എന്തിനാണിവിടെ...? എങ്ങനെയാണ് ഇവിടേക്ക് കയറിയത്?''

ഈ ചോദ്യങ്ങളൊന്നും എന്നെ ബാധിച്ചതേയില്ല. ഞാന്‍ പറഞ്ഞ മറുപടികളൊക്കെയും എനിക്ക് ഇന്നും നിശ്ചയമുണ്ട്: ''ഞാന്‍ വന്നത് നബിയെ കണ്ട് സലാം പറയാനാണ്. നബിയുടെ വീട്ടിലും പള്ളിയിലും വന്നു പ്രാര്‍ഥിക്കാനും. ഇവിടെ ഇങ്ങനെ തുറന്നു കണ്ടു. ഞാന്‍ കയറിപ്പോയി. പതിനായിരം മര്‍ഹലക്കപ്പുറത്തു നിന്നാണ് വരുന്നത്. ഒരു മണിക്കൂര്‍ മാത്രമേ എനിക്കീ നാട്ടില്‍ സമയമുള്ളൂ. എന്റെ ടിക്കറ്റും ബോര്‍ഡിങ് പാസുമിതാ.'' അപ്പോള്‍ അവരുടെ തിളയ്ക്കുന്ന കണ്ണുകളില്‍ കരുണയുടെ മാന്‍പേടകള്‍ മേഞ്ഞുനടന്നു.

ഞാന്‍ ധൃതിപ്പെട്ട് മസ്ജിദിലേക്കു കയറി. ദീര്‍ഘമായി ഞാനാ നിന്ന നില്‍പില്‍ പ്രാര്‍ഥിച്ചു. വിതുമ്പിക്കരഞ്ഞ് എന്റെ ആവലാതികളത്രയും അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിച്ചു. എന്റെ ജീവിത പ്രതിസന്ധികളത്രയും അവന്റെ മുമ്പില്‍ പറഞ്ഞേല്‍പിച്ചു. എന്റെ കരള് തന്നെ പറിച്ച് ഞാന്‍ എന്റെ നാഥനു നല്‍കി. ഒടുവില്‍ ഞാന്‍ ഒരു തുള്ളി കണ്ണുനീര്‍ക്കണം മാത്രമായി മാറി.

എന്റെ വിമാനം എന്നെയും കാത്ത് റസൂലിന്റെ നാട്ടില്‍ ഒരിക്കലും താമസിക്കുകയില്ല. അതിനു കൃത്യമായ സമയമുണ്ടല്ലോ. എനിക്കിനി സൗദിയില്‍ അധികം താമസിക്കാനും അവകാശമില്ല. ഞാന്‍ പള്ളിയില്‍ നിന്നു പിടഞ്ഞിറങ്ങി. അപ്പോള്‍ മുന്നില്‍ ഉഹ്ദ് മല നീണ്ടുനിവര്‍ന്നങ്ങനെ കാണുമാറായി. മുന്നില്‍ കണ്ട ഒരു ടാക്‌സിക്കാരനോട് എന്നെ എത്രയും പെട്ടെന്ന് എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ പറഞ്ഞു. അയാള്‍ 11 റിയാല്‍ പേശിയുറപ്പിച്ചു. തര്‍ക്കിക്കാന്‍ എനിക്ക് സമയമില്ല. ബോര്‍ഡിങ് പാസ് എന്റെ കീശയിലാണ്. ഞാനാ കനം തൂങ്ങുന്ന പെട്ടി ഡിക്കിയിലേക്ക് എടുത്തുവെച്ചു. ഡ്രൈവര്‍ എന്നെയും കൊണ്ട് കുതികുത്തിപ്പാഞ്ഞു. കൗണ്ടര്‍ അടയ്ക്കാന്‍ ജീവനക്കാര്‍ എഴുന്നേറ്റതായി കാണുന്നു. വണ്ടിക്കാരന് ധൃതിയില്‍ പറഞ്ഞ പണം നല്‍കി. പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് അയാള്‍ എനിക്ക് എട്ട് റിയാല്‍ സദയം തിരിച്ചുതന്നു. എന്നെ എത്രയും കുറഞ്ഞ സമയം കൊണ്ട് വിമാനത്താവളത്തില്‍ എത്തിക്കാന്‍ ആ സുഹൃത്ത് കിണഞ്ഞ് ഉല്‍സാഹിക്കുന്നത് വണ്ടിയില്‍ ഇരുന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നു.

പ്രവാചകന്‍ സൃഷ്ടിച്ച മദീന അതിന്റെ സര്‍വ നൈര്‍മല്യങ്ങളും സൗരഭ്യങ്ങളും ഇന്നും തുടരുന്നുവെന്നത് എന്നില്‍ ഏറെ സന്തോഷമുണ്ടാക്കി. എത്രയേറെ ആത്മസംതൃപ്തിയോടെയും നിര്‍വൃതിയോടെയുമാണ് ഞാന്‍ അന്ന് നബിയുടെ നാട്ടില്‍ നിന്നു തിരിച്ചുപോന്നത്! യൂത്ത് സെന്ററിന്റെയും മറ്റ് അനുബന്ധ യാത്രാ ഉദ്ദേശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ആദ്യത്തെ ഒരു വിദേശയാത്രയുടെ ഉദ്വേഗം അനുഭവിച്ചു. എന്നാല്‍ എന്നോ മനസ്സില്‍ നോറ്റ ഒരു വ്രതം പൂര്‍ത്തീകരിക്കാനായി. പിന്നെ എത്രയോ തവണ ഞാന്‍ സൗദി അറേബ്യയില്‍ പോയിട്ടുണ്ട്. സംഘടനാപരവും തീര്‍ത്തും കുടുംബപരവുമായ ആവശ്യങ്ങള്‍ക്കു വേണ്ടിയൊക്കെ. നിരവധി തവണ എനിക്ക് ഉംറയും ഒരിക്കല്‍ ഹജ്ജും നിര്‍വഹിക്കാനായി. അപ്പോഴൊന്നും ആദ്യയാത്രയിലെ ആ ഒരനുഭൂതി അനുഭവിക്കാനായിട്ടില്ല. വെറുതെയല്ല, ഹജ്ജ് ഒരിക്കല്‍ മാത്രമേ നിര്‍ബന്ധമുള്ളൂവെന്നും നിങ്ങള്‍ കഅ്ബയില്‍ പോയാല്‍ പെട്ടെന്ന് അവിടെ നിന്നു മടങ്ങിക്കൊള്ളണമെന്നും പ്രവാചകന്‍ നിര്‍ദേശിച്ചത്.

( തേജസ് ദൈ്വവാരികയില്‍ 2021 ഓക്ടോബര്‍ 1-15ന് പ്രസിദ്ധീകരിച്ചത്)

Next Story

RELATED STORIES

Share it