Latest News

ആപ്പിള്‍ ചാമ്പ: വരുമാനം കായ്ക്കുന്ന മരം

കായ്ഫലമുള്ള ചെടിയുടെ കമ്പുകളില്‍ നിന്നും ഗ്രാഫ്റ്റിങ് വഴി തയ്യാറാക്കുന്ന തൈകള്‍ നട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ പൂവിട്ടു തുടങ്ങും

ആപ്പിള്‍ ചാമ്പ: വരുമാനം കായ്ക്കുന്ന മരം
X

കോഴിക്കോട്: കേരളത്തില്‍ സമൃദ്ധമായി കായ്ക്കുന്ന ചാമ്പക്കക്ക് വിപണിയില്‍ വലിയ വിലയൊന്നും ലഭിക്കാറില്ല. എന്നാല്‍ ചാമ്പക്കയുടെ അതേ ഇനത്തില്‍പ്പെട്ട തായ്‌വാന്‍ റോസ് ആപ്പിളിന്റെ വില കേട്ടാല്‍ ആരും അദ്ഭുതപ്പെടും. കിലോഗ്രാമിന് 600 രൂപയോളമാണ് ഈ പഴത്തിന്റെ വില. വിദേശത്തു നിന്നുമെത്തുന്നതിനാലാണ് ഈ വിലക്കൂടുതല്‍.


കേരളത്തിന്റെ മണ്ണില്‍ നന്നായി വളരുന്ന തായ്‌വാന്‍ റോസ് ആപ്പിള്‍ എന്ന ആപ്പിള്‍ ചാമ്പക്ക ഇപ്പോള്‍ നമ്മുടെ നാട്ടിലും വേരുറപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പനിനീര്‍ ചാമ്പ എന്നും പേരുള്ള തായ്‌വാന്‍ റോസ് ആപ്പിളിന്റെ സ്വദേശം തായ്‌വാന്‍ ആണ്. ചാമ്പക്കയുടെ ചൈനീസ് ഇനത്തില്‍ നിന്നും വികസിപ്പിച്ചെടുത്തതാണ് വലുപ്പവും മധുരവും അധികമുള്ള ഈ ഇനം. കായ്ഫലമുള്ള ചെടിയുടെ കമ്പുകളില്‍ നിന്നും ഗ്രാഫ്റ്റിങ് വഴി തയ്യാറാക്കുന്ന തൈകള്‍ നട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ പൂവിട്ടു തുടങ്ങും.മഴക്കാലത്ത് രണ്ടു പ്രാവശ്യമായി വളപ്രയോഗവും വേനലില്‍ ജലസേചനവും നടത്തിയാല്‍ മരം നിറഞ്ഞു കായ്ക്കും എന്നതിനാല്‍ കൃഷി രൂപത്തില്‍ ചെയ്യുന്നവര്‍ക്കും വലിയ അധ്വാനം ആവശ്യമായി വരുന്നില്ല.


ചെറിയ മണികള്‍ പോലെ കമ്പുകളോട് ചേര്‍ന്ന് ഒറ്റയായും കൂട്ടമായും കാണപ്പെടുന്ന കായകള്‍ മാര്‍ച്ച്- ഏപ്രില്‍ മാസത്തോടെയാണ് പാകപ്പെടുക. കടുംചുവപ്പു നിറത്തില്‍ തുടുത്ത പഴങ്ങള്‍ മാര്‍ദ്ദവമുള്ളതും അതോടൊപ്പം കറുമുറെ കഴിക്കാന്‍ പറ്റിയതുമാണ്. ശരിയായി പഴുത്ത പഴങ്ങള്‍ക്ക് നല്ല മധുരവുമുണ്ടാകും. ഒഴിവാക്കേണ്ട ഒരു ഭാഗവുമില്ല എന്നതാണ് തായ്‌വാന്‍ റോസ് ആപ്പിളിന്റെ പ്രത്യേകത. ഇതിന് കുരു ഉണ്ടാകാറില്ല.


വീടിനോട് ചേര്‍ന്ന് കുറച്ച് സ്ഥലം മാത്രമുള്ളവര്‍ക്കും നടാവുന്ന പഴച്ചെടിയാണ് തായ്‌വാന്‍ റോസ് ആപ്പിള്‍. വീടിന് ഭീഷണിയാകാത്ത തരത്തിലുള്ള ചെറിയ മരമായിട്ടാണ് ഇതിന്റെ വളര്‍ച്ച. പരിചരണം കുറവാണ് എന്നതും, നട്ട് കുറഞ്ഞ സമയത്തിനകം തന്നെ പഴങ്ങള്‍ ലഭിച്ചു തുടങ്ങും എന്നതും തായ്‌വാന്‍ റോസ് ആപ്പിളിനെ മറ്റു പഴച്ചെടികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഇവയുടെ ദൗര്‍ലഭ്യം കാരണം നമ്മുടെ നാട്ടിലെ പഴക്കടകളില്‍ സാധാരണമായി ലഭ്യമല്ല. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് പഴക്കടകളിലൂടെ തന്നെ അനായാസമായി വിപണി കണ്ടെത്താനാവും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ സ്‌ക്വാഷ്, ജാം എന്നീ രൂപത്തില്‍ വിപണനം ചെയ്യാന്‍ കൂടി സാധിച്ചാല്‍ നല്ല വരുമാനം നേടിത്തരുന്ന കൃഷിയിനം കൂടിയാണ് തായ്‌വാന്‍ റോസ് ആപ്പിള്‍.




Next Story

RELATED STORIES

Share it