Latest News

കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തിട്ടും ആന്റിബോഡിയുണ്ടായില്ല; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഐസിഎംആറിനുമെതിരേ പരാതി

കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തിട്ടും ആന്റിബോഡിയുണ്ടായില്ല; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഐസിഎംആറിനുമെതിരേ പരാതി
X

ലഖ്‌നോ: ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തിട്ടും തന്റെ ശരീരത്തില്‍ കൊവിഡ് വൈറസ് ആന്റിബോഡിയുണ്ടായില്ലെന്ന് ആരോപിച്ച് യുപിയില്‍ നിന്ന് പരാതി. ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡര്‍ പൂനവാല തുടങ്ങിയവര്‍ക്കെതിരേയാണ് ലഖ്‌നോ സ്വദേശിയായ പ്രതാപ് ചന്ദ്ര പരാതി നല്‍കിയത്.

കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തുകഴിഞ്ഞാല്‍ ശരീരത്തില്‍ ആന്റി ബോഡിയുണ്ടാകുമെന്നാണ് ഐസിഎംആര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്. എന്നാല്‍ താന്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതാണെന്നും പിന്നീട് നടന്ന പരിശോധനയില്‍ തന്റെ ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.

ഏപ്രില്‍ 8ാം തിയ്യതിയാണ് ചന്ദ്ര ആദ്യ ഡോസ് സ്വീകരിച്ചത്. മെയ് 25ന് പരിശോധന നടത്തി. കൊവിഷീല്‍ഡ് വാക്‌സിനാണ് സ്വീകരിച്ചത്. തൈറോകെയര്‍ എന്ന ലാബിലാണ് പരിശോധന നടത്തിയത്. തൈറോകെയര്‍ സര്‍ക്കാര്‍ അനുമതിയുള്ള ലാബാണ്. തന്റെ ശരീരത്തില്‍ ആന്റിബോഡിയുടെ അസാന്നിധ്യം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ചന്ദ്ര എഎന്‍ഐയോട് പറഞ്ഞു.

ഐസിഎംആര്‍ പറയുന്നതനുസരിച്ച് തന്റെ ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യം കാണാനായില്ലെന്നും അതൊരു തട്ടിപ്പാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു സുരക്ഷിതവലയം ഉണ്ടെന്ന വ്യാജമായ തോന്നലാണ് ഇതുവഴി ഉണ്ടാകുന്നത്.

കൊവിഷീല്‍ഡ്, വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നാണ് പലരും വിശ്വസിക്കുന്നത്. പലരും വാക്‌സിന്‍ എടുത്തശേഷം മരിച്ചു. അവരുടെ ശരീരത്തില്‍ ആന്റിബോഡിയുണ്ടായോ എന്ന് നമുക്കറിയില്ല. അവര്‍ വെറും വെളളമാണ് ശരീരത്തില്‍ കുത്തിവയ്ക്കുന്നത്- ചന്ദ്ര ആരോപിച്ചു.

ആഹിയാന പോലിസ് സ്‌റ്റേഷനിലാണ് ഐപിസി 307, 420 എന്നിവ പ്രകാരം കേസ് നല്‍കിയിരിക്കുന്നത്.

ഇത് തന്റെ മാത്രം ആവശ്യമല്ലെന്നും വലിയൊരു ജനവിഭാഗത്തിന്റെ പ്രശ്‌നമാണെന്നും ചന്ദ്ര പറയുന്നു.

Next Story

RELATED STORIES

Share it