Latest News

'മദ്യത്തിനെതിരെ പറഞ്ഞയാൾ മദ്യനയമുണ്ടാക്കി'; കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് അണ്ണാ ഹസാരെ

മദ്യത്തിനെതിരെ പറഞ്ഞയാൾ മദ്യനയമുണ്ടാക്കി; കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് അണ്ണാ ഹസാരെ
X

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. താനും കെജ്‌രിവാളും മദ്യത്തിനെതിരെ ഒരുമിച്ച് ശബ്ദമുയര്‍ത്തിയവര്‍ ആയിരുന്നെന്നും എന്നാല്‍ കെജ്‌രിവാള്‍ പിന്നീട് മദ്യത്തിനായി പ്രത്യേക നയം കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്നെ ഏറെ വിഷമത്തിലാക്കിയതായും സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്‌രിവാള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തു.മുമ്പ് അണ്ണാ ഹസാരെയുടെ അനുയായി ആയിരുന്നു കെജ്‌രിവാള്‍. യുപിഎ ഭരണകാലത്തു നടന്ന അഴിമതികള്‍ക്കെതിരെ പ്രക്ഷോഭം നയിക്കാന്‍ ഇരുവരും ചേര്‍ന്നാണ് നേതൃത്വം നല്‍കിയത്. ആം ആദ്മി രൂപീകരിക്കാനുള്ള കെജ്‌രിവാളിന്റെ നീക്കത്തെ ഹസാരെ ശക്തമായി എതിര്‍ത്തിരുന്നു. പിന്നീട് ഇരുവരും അകന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തെ നേരത്തെയും അണ്ണാ ഹസാരെ വിമര്‍ശിച്ചിരുന്നു. മദ്യത്തേപ്പോലെ അധികാരവും മത്തുപിടിപ്പിക്കുമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിനെഴുതിയ കത്തില്‍ അദ്ദേഹം പറഞ്ഞത്. ശക്തമായ ലോക്പാലോ അഴിമതി വിരുദ്ധ നിയമങ്ങളോ കൊണ്ടുവരുന്നതിന് പകരം ജനങ്ങള്‍ക്കെതിരേ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരേയുള്ള നയമാണ് കെജ്‌രിവാള്‍ നടപ്പാക്കിയത്.

ഡല്‍ഹിയിലെ എല്ലാ കോണുകളിലും മദ്യശാലകള്‍ തുറക്കുകയാണെന്നും എഎപി പ്രവര്‍ത്തകര്‍ പണവും അധികാരവും കൈക്കലാക്കാനുള്ള പരക്കം പാച്ചിലിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മഹത്തായ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ ഒരു പാര്‍ട്ടിക്ക് ചേര്‍ന്ന കാര്യങ്ങളല്ല എഎപിയില്‍ നടക്കുന്നതെന്നും ഹസാരെ അന്ന് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it