Latest News

അമിത് ഷായുടെ അസം, മണിപ്പൂര്‍ ദ്വിദിന സന്ദര്‍ശനം ശനിയാഴ്ച ആരംഭിക്കും; കാത്തിരിക്കുന്നത് വലിയ രാഷ്ട്രീയ നാടകങ്ങള്‍

അമിത് ഷായുടെ അസം, മണിപ്പൂര്‍ ദ്വിദിന സന്ദര്‍ശനം ശനിയാഴ്ച ആരംഭിക്കും; കാത്തിരിക്കുന്നത് വലിയ രാഷ്ട്രീയ നാടകങ്ങള്‍
X

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസം, മണിപ്പൂര്‍ സന്ദര്‍ശനം ശനിയാഴ്ച ആരംഭിക്കും. രണ്ട് സംസ്ഥാനങ്ങളിലും ഏതാനും കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി നിര്‍വഹിക്കും. അസം ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി 8,000 വൈഷ്ണവ മഠങ്ങള്‍ക്കുള്ള സാമ്പത്തിക പാക്കേജിന്റെ ഉദ്ഘാടനം ശനിയാഴ്ച ഗുവാഹത്തിയില്‍ അമിത് ഷാ നിര്‍വഹിക്കും. അമിത് ഷായുടെ ആദ്യ പരിപാടിയും ഇതാണ്. ശ്രീ ശങ്കരദേവന്റെ ജന്മസ്ഥലം മോടിപിടിപ്പിക്കുന്നതിനുള്ള 155 കോടിയുടെ പദ്ധതി, ഗുവാഹത്തിയില്‍ മെഡിക്കല്‍ കോളജ്, അസമില്‍ 9 ലോ കോളജ് എന്നിവയുടെ തറക്കല്ലിടല്‍ കര്‍മവും നിര്‍വഹിക്കും.

ഇതിനും പുറമെ പാര്‍ട്ടിയുടെ ഒരു തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ 2021ലാണ് അസം തിരഞ്ഞെടുപ്പ്.

നിരവധി പ്രതിപക്ഷ നേതാക്കള്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി വൈസ് പ്രസിഡന്റും അസമിന്റെ ഇന്‍ ചാര്‍ജുമായ ബൈജയന്ത് പാണ്ഡ പറഞ്ഞിരുന്നു. ബംഗാളില്‍ സംഭവിച്ചതുതന്നെ അസമിലും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച അമിത് ഷാ ബംഗാള്‍ സന്ദര്‍ശിച്ച സമയത്ത് ഏതാനും ത്രിണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഐ, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് പ്രതിപക്ഷ നേതാക്കളെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

''അസമില്‍, ഞങ്ങളെ എതിര്‍ക്കുന്ന പാര്‍ട്ടികളില്‍ നിന്ന് നിരവധി നേതാക്കള്‍ ഞങ്ങളുമായി ദിവസേന ബന്ധപ്പെടുന്നുണ്ട്. തീര്‍ച്ചയായും അവരില്‍ പലരും ബിജെപിയില്‍ ചേരുന്നത് നിങ്ങള്‍ കാണാം. അസം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ, ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ അസമില്‍ ഭരണകക്ഷിയായ ബിജെപിയില്‍ ചേരാന്‍ ശ്രമിക്കുന്നുണ്ട്'' - പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

അസമിലെ ഏറ്റവും മുതര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ അജന്ത നിയോഗ്, അമിത് ഷായെ കാണുമെന്നു മാത്രമല്ല, ബിജെപിയില്‍ ചേരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളില്‍ സംഭവിച്ചതുപോലെ ഇതോടൊപ്പം കൂടുതല്‍ നേതാക്കള്‍ അമിത് ഷായ്‌ക്കൊപ്പം അണിനിരക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

ഞായറാഴ്ചയാണ് അമിത് ഷാ മണിപ്പൂരിലെത്തുന്നത്. അന്നദ്ദേഹം ചുരചന്ദ്പൂര്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിടും. ഇംഫാലിലെ സംസ്ഥാന സര്‍ക്കാര്‍ അതിഥി മന്ദിരം, മുവാങ്‌കോങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇംഫാലിലെ സംസ്ഥാന പോലിസ് ആസ്ഥാനം, ഇംഫാലിലെ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സിറ്റി തുടങ്ങിയവയ്ക്കും തറക്കല്ലിടും.

പൗരത്വ സമരവുമായി ബന്ധപ്പെട്ട് മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട സമരത്തിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനത്തെ കുറിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതാണ് മറ്റൊരു പദ്ധതി.

Next Story

RELATED STORIES

Share it