Latest News

എന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്‌ലിം നേതാക്കള്‍ പാര്‍ട്ടിവിട്ടു

എന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്‌ലിം നേതാക്കള്‍ പാര്‍ട്ടിവിട്ടു
X

ബെംഗളൂരു: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍ ചേരാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ മന്ത്രി എന്‍എം നബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മുസ്ലീം നേതാക്കള്‍ ജെ ഡി എസ് വിടാന്‍ തീരുമാനിച്ചു. ജെഡി(എസ്) സീനിയര്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഷഫീഉല്ല, ന്യൂഡല്‍ഹി മുന്‍ പ്രതിനിധി മൊഹിദ് അല്‍ത്താഫ്, യുവജന വിഭാഗം പ്രസിഡന്റ് എന്‍ എം നൂര്‍, മുന്‍ ന്യൂനപക്ഷ വിഭാഗം തലവന്‍ നാസിര്‍ ഹുസൈന്‍ ഉസ്താദ് എന്നിവരാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ച മറ്റു നേതാക്കള്‍.

മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ജെഡിഎസ് എന്‍ ഡി എയില്‍ ചേര്‍ന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെ കര്‍ണാടക ജെ ഡി എസിലെ മുസ്‌ലിം നേതാക്കള്‍ കുമാരകൃപ ഗസ്റ്റ്ഹൗസില്‍ യോഗം ചേര്‍ന്ന് പാര്‍ട്ടി വിടാന്‍ തീരുമാനിക്കുയായിരുന്നുവെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കുമാരസ്വാമിയുടെ ന്യൂഡല്‍ഹി യാത്രയും ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അറിഞ്ഞയുടന്‍ താന്‍ പാര്‍ട്ടി വിട്ടതായി ഷഫിഉല്ല പറഞ്ഞു. പാര്‍ട്ടിയിലെ നിരവധി മുസ്‌ലിം നേതാക്കള്‍ രാജിവെക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോള്‍ നിരവധി വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ബിജെപിയോടൊപ്പം ചേരാനുള്ള ജെഡിഎസ് തീരുമാനത്തില്‍ തങ്ങള്‍ക്ക് സന്തോഷമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം നേതാക്കള്‍ മാത്രമല്ല, ചില ''മതേതര ഹിന്ദുക്കള്‍'' പോലും നിരാശരാണെന്നും ഷഫിഉല്ല പറഞ്ഞു.



ഒരു ആഭ്യന്തര യോഗത്തില്‍, ജെഡിഎസിലെ മുസ്ലീം നേതാക്കള്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള പാര്‍ട്ടി തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജെഡിഎസ് മേധാവി എച്ച്ഡി ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നും ഷഫിഉല്ല പറഞ്ഞു.



കോണ്‍ഗ്രസിന് ബദലായി സ്വയം ഉയര്‍ത്തിക്കാട്ടപ്പെട്ട ജെ ഡി എസ് ബിജെപി പക്ഷത്തേക്ക് ചാഞ്ഞത് പാര്‍ട്ടിയില്‍ വന്‍ പ്രതിസന്ധികള്‍ക്കിടയാക്കുമെന്ന സൂചനയാണ് മുതിര്‍ന്ന നേതാക്കളുടെ രാജിതീരുമാനം വ്യക്തമാക്കുന്നത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, ജെ ഡി എസ് ബിജെപിയുടെ 'ബി' ടീമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. ആ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ വലിയതോതില്‍ സമാഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുകയും ചെയ്തിരുന്നു.






Next Story

RELATED STORIES

Share it