Latest News

ഭീകരബന്ധ ആരോപണം; അസമില്‍ ഒരു മാസത്തിനിടയില്‍ പൊളിച്ചുനീക്കിയത് 3 മദ്രസകള്‍

ഭീകരബന്ധ ആരോപണം; അസമില്‍ ഒരു മാസത്തിനിടയില്‍ പൊളിച്ചുനീക്കിയത് 3 മദ്രസകള്‍
X

ഗുവാഹത്തി: കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളില്‍ അസമില്‍ ഭീകരബന്ധം ആരോപിച്ച് മൂന്ന് മദ്രസകള്‍ സംസ്ഥാന സര്‍ക്കാര്‍ പൊളിച്ചുനീക്കി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മദ്രസകളുടെ ഒരു ഡയറക്ടറി ഉണ്ടാക്കാനുള്ള ശ്രമത്തിനിടയിലാണ് ഇത്രയും മദ്രസകള്‍ നിയമവിരുദ്ധമായി പൊളിച്ചുനീക്കിയത്.

2022 മാര്‍ച്ചിനുശേഷം 'ജിഹാദി' ആരോപണമുന്നയിച്ച് 37 മുസ് ലിംകളെ അറസ്റ്റ് ചെയ്തിനുപിന്നാലെയാണ് അവരുമായി ബന്ധണ്ടെന്നതിന്റെ പേരില്‍ മദ്രസകള്‍ തന്നെ പൊളിച്ചുനീക്കിയത്. ഭീകരബന്ധ ആരോപണം കെട്ടിച്ചമച്ചതാണെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.


ആഗസ്റ്റ് 4ാം തിയ്യതിയാണ് ആദ്യ മദ്രസ പൊളിച്ചുനീക്കിയത്, അസമിലെ മോറിഗാവ് ജില്ലയിലെ മൊയ്‌റാബാരിയിലുള്ള ജാമിഉല്‍ ഹുദാ അക്കാദമി. ആഗസ്റ്റ് 29ന് ആദ്യ മദ്രസയുടെ അതേ പേരിലുള്ള മറ്റൊന്നുകൂടി പൊളിച്ചു. അത് ബാര്‍പേട്ട ജില്ലയിലെ ഹൗളിയിലാണ്. മൂന്നാമത്തേത് ആഗസ്റ്റ് 31ന് അസമിലെ ബോംഗൈഗാവ് ജില്ലയിലെ ജോഗിഘോപ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മര്‍കസുല്‍ മാആരിഫ് ക്വാരിയാന മദ്രസ.


ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് മൂന്നും പൊളിച്ചുകളഞ്ഞത്. സ്ഥലം നിരപ്പാക്കിയിടുകയും ചെയ്തു. സര്‍ക്കാര്‍ സ്ഥലത്താണ് മദ്രസ നില്‍ക്കുന്നതെന്നും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നുമാണ് പോലിസ് ആരോപണം.

'മദ്രസ കെട്ടിടം സര്‍ക്കാര്‍ ഭൂമിയിലായിരുന്നു, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു'- പോലിസ് ബോംഗെഗാവ് അഡി. ഡെപ്യൂട്ടി കമ്മീഷണര്‍ ലചിത് കുമാര്‍ ദാസ് പറഞ്ഞു.


കെട്ടിടം അപകടകരമായ നിലയിലായിരുന്നുവെന്നും സമീപവാസികള്‍ക്ക് അപകടമുണ്ടാക്കുമെന്നതുകൊണ്ട് പൊളിച്ചുനീക്കിയെന്നുമാണ് പോലിസിലെ മറ്റൊരു വിഭാഗത്തിന്റെ വിശദീകരണം. ബോംഗെഗാവ് എസ് പി സ്വപ്‌നനീല്‍ ദേകയാണ് ഈ വാദത്തിന്റെ പ്രചാരകന്‍.

അസമിലേക്ക് വരുന്ന മതപ്രചാരകരെ സ്‌ക്രീന്‍ ചെയ്യുമെന്നും മദ്രസകളുടെ ഡയറക്ടറിയുണ്ടാക്കുമെന്നും അസം മുഖ്യമന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

പ്രഖ്യാപനം പുറത്തുവന്ന ഉടന്‍ ഗോപാല്‍പാറ പോലിസ് സ്‌റ്റേഷിലെ ജെഹരുള്‍ ഇസ് ലാം (35) എന്ന മദ്രസ അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന് അല്‍ ഖാഈദ ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. ഇതേ ആരോപണമുയര്‍ത്തി ഹഫിസുര്‍ റെഹ്മാന്‍ മുഫ്തിയെയും അറസ്റ്റ് ചെയ്തു. അദ്ദേഹവും മദ്രസ അധ്യാപകനാണ്.

മദ്രസകള്‍ പൊളിച്ചുനീക്കുന്നതിനെതിരേ വലിയ പ്രതിഷേധങ്ങളൊന്നും ഉയര്‍ന്നുവന്നിട്ടില്ല. കോണ്‍ഗ്രസ് എം പി അബ്ദുള്‍ ഖല്‍ഖ് ആണ് ഏക അപവാദം. 'ബോംഗൈഗാവ് ജില്ലയിലെ കബൈതരി ഖരിയാന മദ്രസ തകര്‍ത്തതിനെ ഞാന്‍ ശക്തമായി അപലപിക്കുന്നു.'- അദ്ദേഹം ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it