Latest News

എനിക്കെന്റെ അരുവി തിരിച്ചുതരിക, എനിക്ക് എന്നെ തിരിച്ചു തരിക

ജോലി കിട്ടുമ്പോഴും മതം മാറുമ്പോഴും വിവാഹം ചെയ്യുമ്പോഴും പ്രണയിക്കുമ്പോഴും ജാതിശരീരത്തിനകത്താണ് എല്ലാം സംഭവിക്കുന്നതെന്ന ബോധ്യമാണു ഭാഷയില്‍ അയ്യപ്പനെ മുന്നോട്ടു നടത്തിയത്. അതിനാല്‍ ദലിതന്റെ ഓര്‍മയില്‍ ഹ്യൂമനിസത്തിനോ റൊമാന്റിസിസത്തിനോ സ്ഥാനമില്ല, ഓര്‍മകള്‍ കൊണ്ട് പ്രത്യേകിച്ചൊരു സുഖവുമില്ല

എനിക്കെന്റെ അരുവി തിരിച്ചുതരിക, എനിക്ക് എന്നെ തിരിച്ചു തരിക
X

അജയ് പി മാങ്ങാട്ട്‌

വാക്കുകളിലൂടെ വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ നഷ്ടമാകുന്നതു സത്യത്തിന്റെ ചോരയാണെന്നോര്‍ത്തു ഞാനപ്പോഴും ചിരിച്ചു എന്ന് സി. അയ്യപ്പന്‍ എഴുതിയിട്ടു ദശകങ്ങളായി. വായില്‍ പഴം തിരുകിയ ഒരു ദൈവം എന്ന് അയ്യപ്പന്‍ വിരല്‍ ചൂണ്ടിയതു സ്വന്തം വംശത്തിന്റെ നിലയ്ക്കാത്ത ചോര കണ്ടാണ്. ജോലി കിട്ടുമ്പോഴും മതം മാറുമ്പോഴും വിവാഹം ചെയ്യുമ്പോഴും പ്രണയിക്കുമ്പോഴും ജാതിശരീരത്തിനകത്താണ് എല്ലാം സംഭവിക്കുന്നതെന്ന ബോധ്യമാണു ഭാഷയില്‍ അയ്യപ്പനെ മുന്നോട്ടു നടത്തിയത്. അതിനാല്‍ ദലിതന്റെ ഓര്‍മയില്‍ ഹ്യൂമനിസത്തിനോ റൊമാന്റിസിസത്തിനോ സ്ഥാനമില്ല, ഓര്‍മകള്‍ കൊണ്ട് പ്രത്യേകിച്ചൊരു സുഖവുമില്ല : 'ഇരുട്ടിലെ വനത്തിലെ നിനച്ചിരിക്കാത്ത നേരത്തു തോളിലേക്കു വീണു നിലം പൊത്തിക്കുന്ന മലമ്പാമ്പുകളാണ് ഓര്‍മകള്‍'.


ദലിതനെ സംബന്ധിച്ചിടത്തോളം എല്ലാ ബന്ധങ്ങളുടെയും അനുഭൂതികളുടെയും സ്വഭാവനിര്‍ണയം നടത്തുന്നതു ജാതിയാണ്. സവര്‍ണന്‍ തനിക്കു ജാതിയില്ലെന്നു വാദിക്കും. കാരണം അവന്റെ സാമൂഹികപദവിയെ അതുയര്‍ത്തും, എന്നാല്‍ ദലിതന്‍ തനിക്കു ജാതിയില്ലെന്നു പറഞ്ഞാല്‍ നിന്ദ കൂടുകയേയുള്ളു. അവന് ആദ്യമായും അവസാനമായും സ്വന്തമായതു ജാതി മാത്രമാണ്. അതിനാല്‍ ഓരോ ദുര്‍മരണത്തിനും ശേഷം 'എനിക്കെന്റെ അരുവി തിരിച്ചുതരിക, എനിക്ക് എന്നെ തിരിച്ചു തരിക' എന്നു സംസാരിക്കുന്ന നാവുകളായി, പ്രേതാത്മക്കളായി അവര്‍ മാറുന്നു. ഇത് സാധാരണ നിലയില്‍ നാം സാഹിത്യത്തിനുണ്ടെന്നു കരുതുന്ന പൊതുഗുണങ്ങളെ നിരാകരിക്കുന്നുണ്ട്. ഒരു കലാരൂപവും വര്‍ണവും ജാതിയുമടക്കമുള്ള മര്‍ദകസ്ഥാപനങ്ങളിൽനിന്നു സ്വതന്ത്രമല്ലെന്നും അയ്യപ്പന്‍ ഓര്‍മിപ്പിക്കുന്നു (അജഗരകബളിതം എന്ന കഥ ഉദാഹരണം) ഇംഗ്ലിഷില്‍ ജെയിംസ് ബോള്‍ഡ്‌വിനോ പോള്‍ ബീറ്റിയോ ചെയ്തതു പോലെയുള്ള ഭാവുകത്വ പുനരെഴുത്തിന്‌ അയ്യപ്പൻ ശ്രമിച്ചു. 'നഷ്ടമായ കഥ വീണ്ടെടുക്കാന്‍ അല്‍പം പിറകോട്ടു നടക്കുന്ന' രീതിയായിരുന്നു അത്‌.(courtesy: fb)



Next Story

RELATED STORIES

Share it