Top

കൃഷിയില്‍ നഷ്ട കണക്ക് ഇല്ലാതെ വൈവിധ്യങ്ങളുമായി ഗിരീശന്‍

കൃഷിയില്‍ നഷ്ട കണക്ക് ഇല്ലാതെ വൈവിധ്യങ്ങളുമായി ഗിരീശന്‍
X

മാള(തൃശൂര്‍): കൃഷി എന്നും നഷ്ടമാണെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി തന്റെതായ വ്യത്യസ്ഥ കൃഷി രീതിയുമായി മുന്നേറുകയാണ് പൂപ്പത്തി സ്വദേശി ചുണ്ടങ്ങപറമ്പില്‍ ഗിരീശന്‍. കൃഷി നഷ്ടമാണെന്ന് പറയുമ്പോള്‍ കൃഷിയിലൂടെ എല്ലാം നേടാമെന്നും ഗിരീശന്‍ തെളിയിച്ചിരിക്കുകയാണ്. വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ലയെന്നതാണ് കര്‍ഷകരുടെ മുഖ്യ പരാതി.

ഇതിനെ മറികടക്കാനാണ് ഗീരീശന്‍ തന്റെതായ കൃഷിരീതി അവലംബിച്ചത്. സ്വന്തം സ്ഥലത്തും ഭൂമി പാട്ടത്തിനെടുത്തും പ്രധാനമായും ഏത്തവാഴ കൃഷിയാണ് ഇദ്ദേഹം ചെയ്യുന്നത്. ഓരോ മാസവും നിശ്ചിത എണ്ണം വാഴ നടുക എന്നതാണ് മുഖ്യ കൃഷിരീതി. ഇതു മൂലം ഏല്ലാ മാസവും വിളവെടുപ്പ് നടത്താന്‍ സാധിക്കുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ മാസങ്ങളില്‍ വില കുറഞ്ഞാല്‍ പോലും ബാക്കി മാസങ്ങളില്‍ നല്ല വില ലഭിക്കുന്നതോടെ കൃഷി ലാഭകരമാക്കി മാറ്റുകയാണ് ഗിരീശന്റെ രീതി. ഇത് മൂലം ഒന്നിച്ച് വിളവെടുക്കുമ്പോള്‍ വിറ്റഴിക്കാനുള്ള ബുദ്ധിമുട്ട് ഇല്ലാതാകുന്നു. എല്ലാ കൃഷികളും ഇത്തരത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്നതാണ് ഗിരീശന്റെ വാദം. ഏത്തവാഴകൃഷിയോടൊപ്പം മറ്റ് പച്ചക്കറികളും ഇദ്ധേഹം കൃഷി ചെയ്യുന്നുണ്ട്.

ഈ വര്‍ഷം കപ്പ കൃഷിക്കാരാണ് വില ലഭിക്കാതെ ഏറ്റവും ദുരിതം അനുഭവിച്ചത്. ഇതിന്റെ വെളിച്ചത്തില്‍ പലരും ഈ കൃഷിയില്‍ നിന്നും പിന്‍മാറിയപ്പോള്‍ ഗിരീശന്‍ ഈ വര്‍ഷവും കപ്പയും കൃഷി ചെയ്തീട്ടുണ്ട്. വില കുറയുമ്പോള്‍ ആ കൃഷി ഉപേക്ഷിക്കുകയല്ല കൂടുതല്‍ സ്‌നേഹിക്കുകയും പുതിയ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ഉദ്പാദിപ്പിച്ച് കച്ചവട സാദ്ധ്യതകള്‍ കണ്ടെത്തുകയാണ് വേണ്ടതെന്ന് ഗിരീശന്‍ അടിവരയിട്ട് പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കാന്‍ നിരവധി പദ്ധതികള്‍ അവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും അതിനൊപ്പം കാര്‍ഷിക ഉത്പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുവാനും കൂടുതല്‍ നാള്‍ കേട്കൂടാതെ സൂക്ഷിച്ചു വെക്കാനുമുള്ള പുതിയ പദ്ധതികള്‍ കൂടി ഒരോ പഞ്ചായത്ത് തലത്തിന്‍ ആവിഷ്‌ക്കരിക്കണമെന്നാണ് ഗിരീശന്റെ അഭിപ്രായം.

കഴിഞ്ഞ 25 വര്‍ഷമായി വിട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും സ്വന്തം കൃഷിയിലൂടെ കണ്ടെത്തുകയും ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. ഇതു വരെയും കൃഷി തന്നെ കടക്കെണിയിലേക്ക് തള്ളിവിട്ടീട്ടില്ലെന്ന് ഗിരീശന്‍ അഭിമാനത്തോടെ പറയുന്നു.

കിസാന്‍ സഭ ജില്ലാ തലത്തില്‍ നല്‍കുന്ന 2019 ലെ മോഹനം കര്‍ഷക അവാര്‍ഡ് ഗിരീശന് ലഭിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി കര്‍ഷക പുരസ്‌ക്കാരങ്ങള്‍ ഗീരിശനെ തേടി എത്തിയിട്ടുണ്ട്.

നാട്ടിക എസ് എന്‍ കോളേജിലെ ലാബ് അസിസ്റ്റന്റായിരുന്ന ഗിരീശന്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും മുഴുവന്‍ സമയവും കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

അധ്യാപികയായ ഷീബയും മക്കള്‍ അനന്തുവും അക്ഷരയും അഛനൊപ്പം കൃഷിയില്‍ സഹായിക്കാന്‍ കൂടെ ഉള്ളതുകൊണ്ടാണ് ജോലിയില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പും ജോലിക്കാപ്പം കൃഷിയും മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചതെന്ന് ഗിരീശന്‍ കൂട്ടിച്ചേര്‍ത്തു. കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാനായി

ഗിരീശനെ വിളിക്കാം. 7736850120.

Next Story

RELATED STORIES

Share it