Latest News

അഗ്‌നിപഥ്: കരട് വിജ്ഞാപനം ഇന്ന്; ഡിസംബര്‍ ആദ്യവാരം പരിശീലനം

അഗ്‌നിപഥ്: കരട് വിജ്ഞാപനം ഇന്ന്; ഡിസംബര്‍ ആദ്യവാരം പരിശീലനം
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിലെ കരട് വിജ്ഞാപനം കരസേന ഇന്ന് പുറത്തിറക്കും. അഗ്‌നിവീറുകള്‍ക്കു പ്രത്യേക ഇളവുകള്‍ നല്‍കിയ ശേഷം ഇറങ്ങുന്ന വിജ്ഞാപനമാണിത്. കരസേനയിലെ റിക്രൂട്ട്‌മെന്റ് റാലി ആഗസ്ത് പകുതിയോടെ നടക്കും. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. സൈനികകാര്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍പുരിയാണ് ഇക്കാര്യം അറിയിച്ചത്.

ആഗസ്ത് പകുതി മുതല്‍ നവംബര്‍ വരെ രാജ്യമെമ്പാടും 83 റിക്രൂട്ട്‌മെന്റ് റാലികള്‍ നടത്താനാണ് തീരുമാനം. ആദ്യ ബാച്ചില്‍ 25,000 പേര്‍ കരസേനയില്‍ ചേരും. രണ്ടാമത്തെ ബാച്ചിലൂടെ 15,000 പേരും സേനയിലെത്തും. നാവികസേനയിലെ നിയമനത്തിന്റെ വിശദരൂപരേഖ ജൂണ്‍ 26ന് പ്രസിദ്ധീകരിക്കും. വനിതകള്‍ക്കും അവസരം ലഭിക്കും. യുദ്ധക്കപ്പലിലും വനിതകള്‍ക്ക് നിയമനം ലഭിക്കും. ആദ്യ ബാച്ചിന്റെ പരിശീലനം നവംബര്‍ 21 ന് ആരംഭിക്കും. വ്യോമസേനയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 24ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24 മുതല്‍. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബര്‍ 30 മുതല്‍ നടക്കും.

ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിവരിച്ച് വ്യോമസേന ഞായറാഴ്ച മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. 70 ശതമാനം തുക നേരിട്ട് അഗ്‌നിവീര്‍ അംഗങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കും. ബാക്കി മുപ്പതും സര്‍ക്കാരിന്റെ വിഹിതവും കൂടി ചേര്‍ത്ത് കോര്‍പസ് ഫണ്ടാക്കി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ നല്‍കും. സിയാച്ചിന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരം സൈനികര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവും. ഏതെങ്കിലും കേസുകളുടെ എഫ്‌ഐആറില്‍ പേരുള്ളവര്‍ക്ക് അഗ്‌നിപഥ് പദ്ധതി വഴി ജോലി ലഭിക്കില്ല. രാജ്യവ്യാപകമായി പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

Next Story

RELATED STORIES

Share it