Latest News

ദത്ത് കേസ്: അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി കുടുംബകോടതി

അനുപമ കുഞ്ഞുമായി ശിശു ക്ഷേമസമിതി ആസ്ഥാനത്തിന് മുന്നിലെ സമരപ്പന്തലില്‍ എത്തി

ദത്ത് കേസ്: അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി കുടുംബകോടതി
X

തിരുവനന്തപുരം: അമ്മ അറിയാതെ ദത്ത് നല്‍കിയ കേസില്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി കോടതി ഉത്തരവ്. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയാണ് അന്തിമ ഉത്തരവ് പ്രസ്ഥാവിച്ചത്. എയ്ഡന്‍ അനു അജിത് ഇനി രക്ഷകര്‍ത്താക്കള്‍ക്കൊപ്പമായിരിക്കും.

അനുപമയും പങ്കാളി അജിത്തും കോടതിയിലെത്തിയിരുന്നു. കോടതി ചെംബറിലാണ് നടപടി ക്രമങ്ങള്‍ ആദ്യം പുരോഗമിച്ചത്. പിന്നീട് തുറന്ന കോടതിയിലാണ് അന്തിമ വിധിയുണ്ടായത്.

കുഞ്ഞുമായി ശിശു ക്ഷേമസമിതി ആസ്ഥാനത്തിന് മുന്നിലെ സമരപ്പന്തലില്‍ എത്തിയ ശേഷം അനുപമ വീട്ടിലേക്ക് പോകുമെന്നാണ് അറിയുന്നത്.


നേരത്തെ ഡിഎന്‍എ ടെസ്റ്റ് നടത്തി കുഞ്ഞിന്റെ യാഥാര്‍ഥ രക്ഷിതാക്കളെ ഉറപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുടുംബ കോടതി അനുപമയുടെ കേസ് പരിഗണിച്ചത്.

കുഞ്ഞിന്റെ വൈദ്യപരിശോധിക്കായി കോടതി ഡോക്ടറെ വിളിച്ച് വരുത്തിയിരുന്നു. ശിശു ക്ഷേമ സമിതി അധ്യക്ഷയും സര്‍ക്കാര്‍ അഭിഭാഷകനും കോടതിയിലെത്തിയിരുന്നു.

ഫോസ്റ്റര്‍ കെയര്‍ പ്രകാരം കുഞ്ഞിനെ നല്‍കിയിരുന്ന ആന്ധ്ര സ്വദേശിയില്‍ നിന്ന് സിഡബ്ലുസി ഉത്തരവനുസരിച്ച് മടക്കിക്കൊണ്ട് വന്നിരുന്നു. കുഞ്ഞിനെ നിര്‍മലാ ഭവനിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ജില്ലാ ശിശു സംരക്ഷണ സമിതിയ്ക്കായിരുന്നു കുഞ്ഞിന്റെ സംരക്ഷണച്ചുമതല.

അതേസമയം, തുടക്കത്തില്‍ അനുപമയ്‌ക്കെതിരേ നിന്ന സര്‍ക്കാരും സിപിഎമ്മും പിന്നീട് അനുപമക്കൊപ്പമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it