Latest News

ഓഡിറ്റ് പൂര്‍ത്തിയാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ഓഡിറ്റ് പൂര്‍ത്തിയാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
X

തിരുവനന്തപുരം: കൃത്യ സമയത്ത് ഓഡിറ്റ് റിപോര്‍ട്ട് പൂര്‍ത്തിയാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൃത്യമായ ഓഡിറ്റും ലാഭകരമായ പ്രവര്‍ത്തനവും ഉണ്ടെങ്കില്‍ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ. ഓഡിറ്റ് റിപോര്‍ട്ട് അടിസ്ഥാനമാക്കി മാത്രമേ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കൂ എന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 17 നകം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സാമ്പത്തിക വര്‍ഷത്തെ റിപോര്‍ട്ട് സമര്‍പ്പിക്കണം. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വിദഗ്ധ സമിതി റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാപനങ്ങളുടെ പ്രവര്‍ത്തന കാര്യങ്ങളില്‍ കൂടുതല്‍ സ്വയംപര്യാപ്തത നേടാന്‍ ശ്രമിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 21 എണ്ണം ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത വര്‍ഷം കൂടുതല്‍ സ്ഥാപനങ്ങള്‍ ലാഭത്തിന്റെ പാതയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു വര്‍ഷം തുടര്‍ച്ചയായി ലാഭകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഓഡിറ്റ് കൃത്യമായി സമര്‍പ്പിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് 10 കോടി രൂപ വരെയുള്ള ഇടപാടുകളില്‍ സ്വയം തീരുമാനമെടുക്കാം. ഓരോ വര്‍ഷവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം, എം.ഡി എന്നിവര്‍ക്ക് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ അധികാരങ്ങള്‍ കൈമാറുന്നതിനായി 28 വിഷയങ്ങള്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ധനകാര്യം, പ്രോജക്ട് നടപ്പാക്കല്‍, എച്ച്.ആര്‍, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, പാര്‍ട്ണര്‍ഷിപ്പ് തുടങ്ങിയ മേഖലകളിലാണ് സ്വയംഭരണാധികാരം നല്‍കുന്നത്.

Next Story

RELATED STORIES

Share it