Latest News

ലോറിയില്‍ സ്‌കൂട്ടറിടിച്ച് മൂന്നു പേര്‍ മരിച്ചു, രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞു മടങ്ങിയ യുവാവ് ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മരിച്ചു

ലോറിയില്‍ സ്‌കൂട്ടറിടിച്ച് മൂന്നു പേര്‍ മരിച്ചു, രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞു മടങ്ങിയ യുവാവ് ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മരിച്ചു
X

തിരുവനന്തപുരം: ബാലരാമപുരം മടവൂര്‍പ്പാറയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ സ്‌കൂട്ടറിടിച്ച് മൂന്നു പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചും മരിച്ചു. ബുധനാഴ്ച രാത്രി ബാലരാമപുരം മടവൂര്‍പ്പാറയിലും താന്നിവിളയിലുമാണ് അപകടമുണ്ടായത്. മടവൂര്‍പ്പാറയില്‍ രാത്രി 11.30ന്, നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് സ്‌കൂട്ടര്‍യാത്രക്കാരും അയല്‍വാസികളുമായ രാജന്‍-ബീന ദമ്പതികളുടെ മകന്‍ അഖില്‍ (19), കളത്തുവിള പൂവന്‍വിള വീട്ടില്‍ തങ്കരാജ്-ശ്രീജ ദമ്പതികളുടെ മകന്‍ സാമുവല്‍ (22) എന്നിവര്‍ സംഭവസ്ഥലത്തും റസല്‍പുരം തേവരക്കോട് കിഴക്കിന്‍കര പുത്തന്‍ വീട്ടില്‍ ഷൈജു-സീമ ദമ്പതികളുടെ മകന്‍ അഭിന്‍(19) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടുമാണ് മരിച്ചത്. ഈ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ താന്നിവിള ചാത്തലമ്പാട്ടുകോണം വടക്കുംകര സന്തോഷ് ഭവനില്‍ മനോജാണ്(26) രാത്രി 12.45ന് മടവൂര്‍പ്പാറ താന്നിവിള റോഡില്‍ ബൈക്ക് വൈദ്യുതിത്തൂണിലിടിച്ചു മരിച്ചത്.

മടവൂര്‍പ്പാറയില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു മനോജ്. ഈ സമയത്ത് അപകടം കണ്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പിന്നീട് വീട്ടിലേക്കു മടങ്ങുമ്പോഴാണ് താന്നിവിള റോഡില്‍ അപകടമുണ്ടായത്. അഖിലും സാമുവലും അഭിനും ഭക്ഷണം കഴിക്കാന്‍ ബാലരാമപുരത്ത് എത്തിയതായിരുന്നു. ഐടിഐ പഠനം പൂര്‍ത്തിയാക്കി പിഎസ്‌സി പരിശീലനം നടത്തുകയായിരുന്നു അഖില്‍. സഹോദരി: അഖില. പന്തല്‍ നിര്‍മാണ തൊഴിലാളിയാണ് സാമുവല്‍. സനിത, സബിത എന്നിവര്‍ സഹോദരിമാരാണ്. അഭിന്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. സഹോദരി: അഭിയ. അഭിന്റെ സംസ്‌കാരം ഇന്നു നടക്കും. മറ്റു 3 പേരുടെയും സംസ്‌കാരം നടത്തി.

Next Story

RELATED STORIES

Share it