Latest News

125 സിസി ഇരുചക്രങ്ങളില്‍ എബിഎസ് നിര്‍ബന്ധം; സമയപരിധി ജനുവരിയിലേക്ക് നീട്ടാന്‍ സാധ്യത

125 സിസി ഇരുചക്രങ്ങളില്‍ എബിഎസ് നിര്‍ബന്ധം; സമയപരിധി ജനുവരിയിലേക്ക് നീട്ടാന്‍ സാധ്യത
X

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 125 സിസി ശേഷിയുള്ള ബൈക്കുകളിലും സ്‌കൂട്ടറുകളിലും എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടാന്‍ സാധ്യത. റോഡ് ഗതാഗത മന്ത്രാലയവും ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് സമയപരിധി 2026 ജനുവരിയിലേക്ക് മാറ്റാന്‍ സാധ്യതയുള്ളതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബ്രേക്കിങ്ങ് സമയത്ത് ചക്രങ്ങള്‍ ലോക്ക് ചെയ്യുന്നത് തടഞ്ഞ് വാഹനം സ്‌കിഡ് ചെയ്യാനുള്ള സാധ്യത കുറയ്ക്കുന്ന സുരക്ഷാ സംവിധാനമാണ് എബിഎസ്. ട്രാക്ഷന്‍ നിയന്ത്രണത്തിലൂടെ അടിയന്തര സാഹചര്യങ്ങളില്‍ സ്ഥിരതയോടെ നിയന്ത്രിക്കാന്‍ റൈഡര്‍മാര്‍ക്ക് ഇത് സഹായകരമാണ്. എങ്കിലും, 125 സിസി വരെ ശേഷിയുള്ള ഇരുചക്രങ്ങളില്‍ എബിഎസ് പ്രയോഗത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് നിര്‍മ്മാതാക്കള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, വിഷയത്തില്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി (എആര്‍എഐ) വിശദമായ പഠനം നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.

2026 ജനുവരി ഒന്നിനു ശേഷം നിര്‍മ്മിക്കുന്ന എല്ലാ ഇരുചക്ര വാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച കരട് നിയമങ്ങള്‍ മന്ത്രാലയം ജൂണ്‍ 27നു നിര്‍മാതാക്കള്‍ക്ക് അയച്ചിരുന്നു. നിലവില്‍ 150 സിസിക്ക് മുകളിലുള്ള മോഡലുകളില്‍ ഇത് സജ്ജീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it