Latest News

അബ്ദുറഹിമാന്‍ മൗലവി: സ്‌കൂളില്‍ പഠിക്കാത്ത പാഠപുസ്തക രചയിതാവ്

സ്‌കൂളില്‍ പോയി പഠിക്കാനുള്ള അവസരം ലഭിക്കാതിരുന്ന അബ്ദുറഹിമാന്‍ മൗലവിയുടെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നിലമ്പൂര്‍ വനമേഖലയിലെ ആദിവാസികളിലേക്കു വരെയെത്തി.

അബ്ദുറഹിമാന്‍ മൗലവി: സ്‌കൂളില്‍ പഠിക്കാത്ത പാഠപുസ്തക രചയിതാവ്
X

മലപ്പുറം: ഇന്നലെ അന്തരിച്ച റാന്‍ഫെഡ് മൗലവി എന്ന അബ്ദുറഹിമാന്‍ മൗലവിയുടെ ജീവിതം ഏറനാട്ടിലെ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ചരിത്രത്തോട് ചേര്‍ത്തുവെക്കപ്പെടേണ്ടതാണ്. സ്‌കൂളിന്റെ പടിപോലും കാണാതെ വളര്‍ന്ന അബ്ദുറഹിമാന്‍ പിന്നീട് സാക്ഷരതാ പ്രവര്‍ത്തനത്തിനു വേണ്ടി സര്‍ക്കാര്‍ തിരഞ്ഞെടുത്ത പാഠപുസ്തകത്തിന്റെ രചയിതാവു വരെയായി എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വങ്ങളിലൊന്ന്. കേരളത്തിലെ സാക്ഷരതാ പഠിതാക്കള്‍ക്ക് വേണ്ടി ഉപയോഗിച്ചത് അദ്ദേഹത്തിന്റെ 'കുട്ടിക്കാലം' എന്ന പുസ്‌കതമായിരുന്നു.

മലപ്പുറത്തിനടുത്ത പൂക്കോട്ടൂരിലെ പിലാക്കാടന്‍ സെയ്താലിയുടെയും പാത്തോമ്മയുടെയും മകനായ അബ്ദുറഹിമാന്‍ ദര്‍സ് വിദ്യാഭ്യാസത്തിനു ശേഷം ഓത്തുപള്ളി അധ്യാപകനായാണ് ജീവിതമാരംഭിച്ചത്. ഒഴുകൂരില്‍ മദ്റസ അധ്യാപകനായിരിക്കെയാണ് ഇദ്ദേഹം മലയാളം പഠിക്കുന്നത്. 1962ല്‍ എടക്കരക്കടുത്തുള്ള പാലേമാട് ഓത്തുപള്ളി അധ്യാപകനായി എത്തി. മലയോര മേഖലയിലെ തൊഴിലാളികളുടെ ജീവിത കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയ അദ്ദേഹം ഓത്തുപള്ളിയിലെ ജോലി അവസാനിപ്പിച്ച് കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സാമൂഹിക പ്രവര്‍ത്തനത്തിന് പാര്‍ട്ടിയുടെ ചട്ടക്കൂട് തടസ്സമായപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു. അക്കാലത്താണ് കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ മാര്‍ഗ്ഗദര്‍ശി പി എന്‍ പണിക്കര്‍, പി ടി ഭാസ്‌കരപ്പണിക്കര്‍, ശൂരനാട് കുഞ്ഞന്‍പിള്ള എന്നിവര്‍ 'കാന്‍ഫെഡ്' ജാഥയുമായി എടക്കരയിലെത്തിയത്. അബ്ദുറഹിമാന്‍ മൗലവിയും അവരോടൊപ്പം ചേര്‍ന്നു. 'റാന്‍ഫെഡ്' എന്ന പേരിലുള്ള സംഘടന രൂപീകരിച്ചായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.' റാന്‍ഫെഡ് ശബ്ദം' എന്ന പേരില്‍ മാസികയും അദ്ദേഹം ആരംഭിച്ചിരുന്നു. എടക്കരയില്‍ നിന്നായിരുന്നു ഇത് പ്രസിദ്ധപ്പെടുത്തിയിരുന്നത്.

സ്‌കൂളില്‍ പോയി പഠിക്കാനുള്ള അവസരം ലഭിക്കാതിരുന്ന അബ്ദുറഹിമാന്‍ മൗലവിയുടെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നിലമ്പൂര്‍ വനമേഖലയിലെ ആദിവാസികളിലേക്കു വരെയെത്തി. ചോലനായ്ക്കര്‍ ഉള്‍പ്പടെയുള്ള ആദിവാസികളില്‍ വിദ്യാഭ്യാസ അവബോധം സൃഷ്ടിക്കുന്നതില്‍ അബ്ദുറഹിമാന്‍ മൗലവിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാന പങ്കുവഹിച്ചു. ആദിവാസി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി വയനാട്, ഇടുക്കി ജില്ലകളിലേക്കും അദ്ദേഹമെത്തി. 1981ല്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള സംസ്ഥാന അാര്‍ഡിന് അബ്ദുറഹിമാന്‍ മൗലവി അര്‍ഹനായി. സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ പദ്ധതി തുടങ്ങിയപ്പോള്‍ വയോജന വിദ്യാഭ്യാസ രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു.

കേരളത്തിലെ ആദ്യകാല മനുഷ്യാവകാശ സംഘടനാ നേതാവു കൂടിയായിരുന്നു അബ്ദുറഹിമാന്‍ മൗലവി. മുകുന്ദന്‍ സി മേനോന്‍, കെ പാനൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സിഎച്ച്ആര്‍ഒ (കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍) മലപ്പുറം ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായിരുന്നു അദ്ദേഹം. നിലമ്പൂര്‍ താലൂക്ക് പ്രസിഡന്റ് കൂടിയായിരുന്ന മൗലവി മനുഷ്യവകാശ ഇടപെടലുകളില്‍ സജീവ സാനിധ്യമായിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ സി അച്യുത മേനോന്‍, ഇ കെ നായനാര്‍, കെ കരുണാകരന്‍ എന്നിവരുമായി അബ്ദുറഹിമാന്‍ മൗലവിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it