Latest News

വായ്പയുടെ പേരില്‍ കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചു; പിന്നാലെ ആദിവാസി വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍

വായ്പയുടെ പേരില്‍ കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചു; പിന്നാലെ ആദിവാസി വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍
X

വയനാട്: നെന്മേനിയില്‍ ആദിവാസി വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍. അമ്പുകുത്തി കൈപ്പഞ്ചേരി ഉന്നതിയിലെ ശങ്കരന്‍കുട്ടിയാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത ബാങ്ക് വായ്പയുടെ പേരില്‍ ബത്തേരി മുന്‍സിഫ് കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ശങ്കരന്‍കുട്ടിയുടെ കുടുംബം പറയുന്നു.

വീടിനോടു ചേര്‍ന്നുള്ള കാപ്പിത്തോട്ടത്തിലാണ് ശങ്കരന്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ശങ്കരന്‍കുട്ടി മനപ്രയാസത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. 20 വര്‍ഷം മുമ്പ് ശങ്കരന്‍കുട്ടി സുല്‍ത്താന്‍ ബത്തേരി ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് 25,000 രൂപ ലോണെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ നിലവില്‍ പലിശയുള്‍പ്പടെ രണ്ട് ലക്ഷത്തിലധികം രൂപ കുടിശ്ശികയുണ്ട്. ഇതിനെ തുടര്‍ന്നാണ് ബാങ്ക് കോടതിയെ സമീപിച്ചത്.

കോടതി ശങ്കരന്‍കുട്ടിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ചു. ഇതിനെ തുടര്‍ന്ന് നാടുവിടുമെന്ന് പിതാവ് പറഞ്ഞിരുന്നതായി മകന്‍ ബാബു പറയുന്നു. അമ്പലവയല്‍ പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it