Latest News

'ബസ് യാത്രയില്‍ ഒരാള്‍ ശല്യം ചെയ്തു'; പരാതി നല്‍കി ഷിംജിത

ദീപക് ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലാണ് ഷിംജിത

ബസ് യാത്രയില്‍ ഒരാള്‍ ശല്യം ചെയ്തു; പരാതി നല്‍കി ഷിംജിത
X

കണ്ണൂര്‍: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലായ പ്രതി ഷിംജിത മുസ്തഫയുടെ പേരില്‍ പയ്യന്നൂര്‍ പോലിസില്‍ പരാതി. ഷിംജിതയുടെ സഹോദരനാണ് പയ്യന്നൂര്‍ പോലിസിന് മെയില്‍ മുഖേന പരാതി നല്‍കിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ സ്റ്റാന്റിലേക്കുള്ള ബസ് യാത്രയില്‍ ഒരാള്‍ ശല്യം ചെയ്‌തെന്നാണ് പരാതി. ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ഷിംജിത പരാതിയില്‍ ആരോപിക്കുന്നു. ഇന്നലെ വൈകീട്ട് 5.01ന് പരാതി ലഭിച്ചെന്ന് പോലിസ്. അറസ്റ്റിന് മുന്‍പ് ഷിംജിത പരാതി തയ്യാറാക്കി. ഷിംജിത ഒപ്പിട്ട പരാതി പോലിസിന് കൈമാറിയത് സഹോദരന്‍ സിയാദാണ്.

അതേസമയം, ബസില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന ഷിംജിതയുടെ ആരോപണത്തെ തള്ളുന്ന വിവരങ്ങളാണ് പോലിസിന്റെ റിമാന്‍ഡ് റിപോര്‍ട്ടിലുള്ളത്. ബസില്‍വെച്ച് അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും ഇരുവരും സാധാരണ നിലയില്‍ ബസില്‍ നിന്നും ഇറങ്ങിപ്പോയതായും റിമാന്റ് റിപോര്‍ട്ടില്‍ പറയുന്നു. ബസില്‍വെച്ച് ദീപക്കിനെ ഉള്‍പ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലില്‍ ചിത്രീകരിച്ചത്. ശേഷം ആവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തി.

പൊതുജനങ്ങള്‍ വളരെ ഗൗരവത്തോടെ സോഷ്യല്‍ മീഡിയകളെ നോക്കി കാണുന്ന ഈ കാലഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുന്ന പക്ഷം ആയത് സമൂഹത്തിന് തന്നെ ഒരു തെറ്റായ സന്ദേശം നല്‍കുമെന്നും പോലിസ്. ദീപക്കിന്റെ ഭാഗത്തുനിന്ന് ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയായ ഷിംജിത ബിരുദാനന്തര ബിരുദധാരിയും മുന്‍പ് വാര്‍ഡ് മെമ്പറായിരുന്ന വ്യക്തിയുമാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാല്‍ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകള്‍ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചാല്‍ കുറ്റാരോപിതന്‍ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന് വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇന്നലെ പോലിസ് പിടികൂടിയത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 108 ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയുടെ ഫോണ്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിലീറ്റ് ചെയ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ നടന്നുവരുന്നു. നിലവില്‍ മഞ്ചേരി വനിതാ ജയിലില്‍ കഴിയുന്ന ഷിംജിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലിസിന്റെ നീക്കം. ഷിംജിത വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അടക്കം ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളും പോലിസ് പരിശോധിക്കും. നിലവില്‍ ഷിംജിത 14 ദിവസത്തെ റിമാന്റിലാണ്.

Next Story

RELATED STORIES

Share it