Latest News

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; ആള്‍ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

ആഗസ്റ്റ് മുതല്‍ ഒളിവിലായിരുന്നു

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; ആള്‍ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ഒളിവിലായിരുന്ന ആള്‍ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍. ഡല്‍ഹി പോലിസ് ആഗ്രയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റുചെയ്ത ചൈതന്യാനന്ദ സരസ്വതിയെ ഡല്‍ഹിയിലേക്ക് കൊണ്ടുവരും. ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ഥിനികളാണ് ചൈതന്യാനന്ദ സരസ്വതിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത്. അഞ്ച് അന്വേഷണ സംഘങ്ങളാണ് പോലിസ് ചൈതന്യാനന്ദയെ പിടികൂടാനായി നിയോഗിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് ആഗ്രയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

32 വിദ്യാര്‍ഥിനികളെ ചൈതന്യാനന്ദ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. അന്‍പത് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണ്‍ പോലിസ് പരിശോധിച്ചപ്പോള്‍ പതിനാറ് യുവതികളെ ചൈതന്യാനന്ദ ചൂഷണം ചെയ്തതായി പോലിസ് കണ്ടെത്തിയിരുന്നു. സ്വാമി ചൈതന്യക്കെതിരെ നിരവധി വിദ്യാര്‍ഥിനികളാണ് പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്.

സൗജന്യ വിദേശ യാത്രയും പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വാമി പെണ്‍കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. കാറുകള്‍, ഐഫോണുകള്‍, ലാപ് ടോപ്പുകള്‍ എന്നിവ വാഗ്ദാനം ചെയ്തിരുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ഥിനി പറഞ്ഞു. അഡ്മിഷന്‍ സമയത്തു തന്നെ വിദ്യാര്‍ഥിനികളെ നോട്ടമിടും. ഉയര്‍ന്ന മാര്‍ക്ക്, വിദേശ ഇന്റേണ്‍ഷിപ്പുകള്‍, മികച്ച പ്ലേസ്മെന്റുകള്‍ തുടങ്ങിയ ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികളെ സമീപിക്കും. ചൈതന്യാനന്ദ സരസ്വതി തന്നെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.

122 കോടി രൂപയുടെ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളില്‍ ആരോപണങ്ങള്‍ നേരിടുന്ന ചൈതന്യാനന്ദ സരസ്വതി ആഗസ്റ്റ് മുതല്‍ ഒളിവിലായിരുന്നു. കേസിനുപിന്നാലെ ഇയാള്‍ നിരന്തരം ഒളിത്താവളങ്ങള്‍ മാറ്റിയിരുന്നതായി പോലിസ് പറയുന്നു. വിവിധ കേസുകളിലായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുപിന്നാലെ ചൈതന്യാനന്ദ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 50 ലക്ഷത്തിലധികം രൂപ പിന്‍വലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 18 ബാങ്ക് അക്കൗണ്ടുകളും 28 സ്ഥിരനിക്ഷേപങ്ങളും ഇയാളുടെ പേരിലുണ്ടായിരുന്നു. എല്ലാം കൂടി ഏകദേശം എട്ട് കോടി രൂപ വരും. ഇതിനുപിന്നാലെ അന്വേഷണ സംഘം ഇയാളുടെ 18 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

Next Story

RELATED STORIES

Share it