Latest News

തൃശൂര്‍ കുറാഞ്ചേരിയില്‍ 16 ഹെക്ടറില്‍ നഗരവനം ഒരുങ്ങുന്നു

തൃശൂര്‍ കുറാഞ്ചേരിയില്‍ 16 ഹെക്ടറില്‍ നഗരവനം ഒരുങ്ങുന്നു
X

തൃശൂര്‍: നഗരവല്‍ക്കരണം നഷ്ടമാക്കിയ ഹരിതാഭ തിരിച്ചുപിടിക്കാന്‍ നഗരവനം പദ്ധതിയുമായി തൃശൂര്‍ജില്ലാ വനം വകുപ്പ്. വടക്കാഞ്ചേരി, തെക്കുംകര പഞ്ചായത്തിലെ കുറാഞ്ചേരിയില്‍ 16 ഹെക്ടര്‍ സ്ഥലത്താണ് നഗരവനം നടപ്പാക്കുന്നത്. 7,500 തൈകള്‍ നട്ടാണ് വനങ്ങളുടെ ചെറുമാതൃകകള്‍ സൃഷ്ടിക്കുന്നത്. ഞാവല്‍, നെല്ലി, പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷ തൈകളും ഇലഞ്ഞി, ആല്‍ തുടങ്ങിയ തണല്‍ മരങ്ങളുമാണ് വച്ചു പിടിപ്പിക്കുക. കൂടാതെ നക്ഷത്രവനവും ബട്ടര്‍ഫ്‌ലൈ പാര്‍ക്കും ഇവിടെ ഒരുക്കുന്നുണ്ട്.

തൃശൂര്‍ ഡിവിഷന് കീഴില്‍ വരുന്ന മച്ചാട് റേഞ്ചിലെ വാഴാനി ഫോറസ്റ്റ് സ്‌റ്റേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയമാണ് നഗരവനം പദ്ധതി രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. വനസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരമേഖലകളിലുള്ള വനഭൂമിയിലോ, പ്രാദേശിക, നഗര ഭരണകൂടങ്ങള്‍ നല്‍കുന്ന തരിശ്/മിച്ച ഭൂമിയിലോ ആയിരിക്കും വനങ്ങള്‍ കൂടുതലായും തയ്യാറാക്കുക. സ്വാഭാവിക വനങ്ങളുടെ എല്ലാ സ്വഭാവ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന കൊച്ചുവനം സൃഷ്ടിച്ചെടുക്കുക എന്നതാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്.

നഗരവനം പദ്ധതിയുടെ തൃശൂര്‍ ഡിവിഷന് കീഴിലെ ഉദ്ഘാടനം നാളെ രാവിലെ 11 ന് കുറാഞ്ചേരിയില്‍ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനില്‍ കുമാര്‍ വൃക്ഷതൈ നട്ട് നിര്‍വഹിക്കും. ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ സി വി രാജന്‍ അധ്യക്ഷത വഹിക്കും.

Next Story

RELATED STORIES

Share it