Latest News

ഇന്ത്യയിലെ 76 ശതമാനം ജനങ്ങളും കൊടും ചൂടിന്റെ ഇരകള്‍, പഠനം

ഇന്ത്യയിലെ 76 ശതമാനം ജനങ്ങളും കൊടും ചൂടിന്റെ ഇരകള്‍, പഠനം
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍, ജനസംഖ്യയുടെ 76 ശതമാനം വരുന്ന 57 ശതമാനം ജില്ലകളും കടുത്ത ചൂട് നേരിടുന്നുണ്ടെന്ന് വിദഗ്ധര്‍. ഇത് വലിയൊരു വിഭാഗം വരുന്ന ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി ആസ്ഥാനമായുള്ള കൗണ്‍സില്‍ ഓണ്‍ എനര്‍ജി, എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ എന്ന ഗവേഷണ സംഘടന നടത്തിയ ഒരു പഠനത്തിലാണ് നിരീക്ഷണം.

1982 മുതല്‍ 2022 വരെയുള്ള കാലാവസ്ഥാ വ്യതിയാനം എങ്ങനെ താപനിലയെ സ്വാധീനിച്ചു എന്നതിനെക്കുറിച്ചുള്ള വിശദമായ പഠനമാണ് സംഘം നടത്തിയത്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി കാലാവസ്ഥാ വ്യതിയാനം, താപനില മൂലമുള്ള അപകടങ്ങളുടെ ആവൃത്തി, തീവ്രത, ദൈര്‍ഘ്യം എന്നിവയെ എങ്ങനെ മാറ്റിമറിച്ചുവെന്ന് മനസിലാക്കാന്‍ രാത്രികാല ചൂടും ആപേക്ഷിക ആര്‍ദ്രതയും വിശകലനം ചെയ്തായിരുന്നു പഠനം.

ഇതിനായി ഇന്ത്യയിലെ 734 ജില്ലകളിലെ താപനില 35 സൂചകങ്ങള്‍ ഉപയോഗിച്ച് മാപ്പ് ചെയ്തു. പഠനമനുസരിച്ച്, 417 ജില്ലകള്‍ അതിശക്തമായ ചൂടിന്റെ അപകടസാധ്യതാ വിഭാഗങ്ങളില്‍ പെടുന്നതായും 201 എണ്ണം മിതമായ അപകടസാധ്യതാ വിഭാഗങ്ങളില്‍ പെടുന്നവയായും ശേഷിക്കുന്ന 116 ജില്ലകള്‍ താരതമ്യേന കുറഞ്ഞ ചൂടിന് വിധേയമാകുന്നവുമാണെന്ന് കണ്ടെത്തി. വടക്കേ ഇന്ത്യയിലുടനീളം, ഇക്കാലയളവില്‍, പ്രത്യേകിച്ച് ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഭോപ്പാല്‍, ഭുവനേശ്വര്‍ തുടങ്ങിയ ജില്ലകളിലെ ഉയര്‍ന്ന ചൂട് വിദഗ്ദ സംഘം രേഖപ്പടുത്തി.

കൂടാതെ, മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലെ ചില ഗ്രാമീണ ജില്ലകളില്‍ ചൂടു കൂടിയിട്ടുണ്ടെന്നും പഠനം പറയുന്നു. കൂടാതെ, 1982-2011 വരെയുള്ള കാലഘട്ടമെടുത്താല്‍ 70 ശതമാനം ജില്ലകളിലും വേനല്‍ക്കാലത്ത് അഞ്ചിലധികം അധിക ചൂടുള്ള രാത്രികള്‍ ഉണ്ടായെന്നും പഠനം വിശകലനം ചെയ്തു. ചൂടുള്ള രാത്രികള്‍ മനുഷ്യശരീരത്തെ തണുപ്പിക്കാനും പകല്‍സമയത്തെ ചൂടില്‍ നിന്ന് കരകയറാനും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അത് ആരോഗ്യത്തെ കൂടുതല്‍ ദുഷ്‌കരമാക്കുന്നെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it