18 വയസിന് മുകളിലുള്ള 75 ശതമാനത്തിനും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി
തിരുവനന്തപുരം: 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,94,87,970 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനം നടത്തിയ ഊര്‍ജിത ശ്രമങ്ങളാണ് ഇത്ര വേഗം ഈ ലക്ഷ്യം കൈവരിക്കാനായത്. ആഗസ്റ്റ് മാസത്തില്‍ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസത്തില്‍ തന്നെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യമാണ്. സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. മിക്കവാറും ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമമുണ്ട്. വാക്‌സിനേഷന്‍ സുഗമമായി നടത്താന്‍ കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. 2021 ജനുവരി 16നാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മാത്രം 1.95 കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് അനുബന്ധ കാംപയിനുകളും സംഘടിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. രാജ്യത്ത് ആദ്യയമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്‌സിന്‍ നല്‍കി. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്‌സിന്‍ സമത്വത്തിനായി വേവ് (WAVE: Work Along for Vaccine Equity) ക്യാമ്പയിന്‍, ഗര്‍ഭിണികളുടെ വാക്‌സിനേഷനായി മാതൃകവചം തുടങ്ങിയ പ്രത്യേക പരിപാടികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 92 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 47 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 54 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കിയിട്ടുണ്ട്.
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT