Latest News

കുരുമുളകോ,തെങ്ങോ നടണോ ; കൃഷിവകുപ്പിന്റെ നേര്യമംഗലം കൃഷിത്തോട്ടത്തില്‍ തൈകള്‍ തയ്യാര്‍

കൃഷിവകുപ്പിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിപ്രകാരം മൂന്ന് ലക്ഷം കുരുമുളക് തൈകളാണ് ജില്ലാ കൃഷിത്തോട്ടത്തിലെ നേഴ്‌സറിയില്‍ ഒരുക്കിയിരിക്കുന്നത്. അത്യുല്‍പാദന ശേഷിയുള്ള ഇനങ്ങളായ പന്നിയൂര്‍ 1, കരിമുണ്ട എന്നീ ഇനങ്ങളില്‍പ്പെട്ട തൈകളാണ് വേരുപിടിപ്പിച്ച് തയ്യാറാക്കിയിട്ടുള്ളത്

കുരുമുളകോ,തെങ്ങോ നടണോ ; കൃഷിവകുപ്പിന്റെ നേര്യമംഗലം കൃഷിത്തോട്ടത്തില്‍ തൈകള്‍ തയ്യാര്‍
X

കൊച്ചി: കുരുമുളകോ, തെങ്ങോ മറ്റ് തൈകളോ നടണമെന്ന് ഉദ്ദേശിക്കുന്നവരുണ്ടോ ? എങ്കില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ചെന്നോളൂ. അവിടെ നിങ്ങളെ കാത്ത് നിരവധി തൈകളാണ് തയ്യാറായിരിക്കുന്നത്. കൃഷിവകുപ്പിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിപ്രകാരം മൂന്ന് ലക്ഷം കുരുമുളക് തൈകളാണ് ജില്ലാ കൃഷിത്തോട്ടത്തിലെ നേഴ്‌സറിയില്‍ ഒരുക്കിയിരിക്കുന്നത്.


അത്യുല്‍പാദന ശേഷിയുള്ള ഇനങ്ങളായ പന്നിയൂര്‍ 1, കരിമുണ്ട എന്നീ ഇനങ്ങളില്‍പ്പെട്ട തൈകളാണ് വേരുപിടിപ്പിച്ച് തയ്യാറാക്കിയിട്ടുള്ളത്.പ്രധാനമായും എറണാകുളം, കോട്ടയം ജില്ലകളെ ഉദ്ദേശിച്ചാണ് തൈകള്‍ ഉല്‍പാദിപ്പിച്ചിരിക്കുന്നത്. ഒരു തൈക്ക് എട്ട് രൂപയാണ് വില. ഫാമിന്റെ വില്‍പന കൗണ്ടറില്‍ നിന്നും കര്‍ഷകര്‍ക്ക് ആവശ്യാനുസരണം തൈകള്‍ വാങ്ങാവുന്നതാണ്. കൃഷിവകുപ്പിന്റെ വിവിധ പദ്ധതികള്‍ പ്രകാരം കൃഷിഭവനുകള്‍ ഇവിടെ നിന്ന് തൈകള്‍ സംഭരിച്ച് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

കുറ്റിയാടി ഇനത്തില്‍പ്പെട്ട 43,000 തെങ്ങിന്‍ തൈകളാണ് തിരുവാതിര ഞാറ്റുവേല പ്രമാണിച്ച് ഫാമില്‍ ഉല്‍പാദിപ്പിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളില്‍ നിന്ന് ഗുണമേന്മയുറപ്പാക്കി വിത്തുതേങ്ങകള്‍ എത്തിച്ച്, ശാസ്ത്രീയ പരിപാലനം വഴി ഒന്നര വര്‍ഷം കൊണ്ട് വളര്‍ത്തി എടുത്തവയാണ് ഇവ. നൂറ് രൂപയാണ് ഒരു തൈയുടെ വില. ഫാമിന്റെ വില്‍പന കൗണ്ടര്‍ മുഖേനയും എറണാകുളം ഇടുക്കി ജില്ലകളിലെ വിവിധ കൃഷിഭവനുകള്‍ വഴിയുമാണ് തൈകള്‍ വിതരണം ചെയ്യുന്നത്. ഫാമിലെ മാതൃസസ്യത്തോട്ടത്തില്‍ നിന്നുല്‍പാദിപ്പിച്ച മികച്ച കായ്ഫലം നല്‍കുന്ന ഫലവൃക്ഷത്തൈകളും കര്‍ഷകര്‍ക്ക് വാങ്ങാവുന്നതാണ്.

മുട്ടം വരിക്ക, തേന്‍വരിക്ക, ബെര്‍ളിയന്‍ വരിക്ക, വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളി, ഗംലസ്, നങ്കടാക്ക്, ചെമ്പടാക്ക്, ജാക്ക് 33 എന്നിങ്ങനെ പ്ലാവിന്റെ നിരവധി ഇനത്തിലുള്ള തൈകള്‍ ഇവിടെയുണ്ട്. മാവ്, പേര, ചെറി, ചെറുനാരകം എന്നിവയുടെയും പല വകഭേദങ്ങളും ലഭ്യമാണ്. അതിന് പുറമെ ജാതി, കുടംപുളി, കൊക്കോ തുടങ്ങിയവയുടെ തൈകളും ആവശ്യക്കാര്‍ക്ക് വാങ്ങാം. ആലുവ മൂന്നാര്‍ റോഡിനോട് ചേര്‍ന്ന് നേര്യമംഗലത്താണ് ജില്ലാ കൃഷിത്തോട്ടം സ്ഥിതി ചെയ്യുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് വില്‍പന കൗണ്ടറിന്റെ പ്രവര്‍ത്തന സമയം. ഫോണ്‍ : 04852554416

Next Story

RELATED STORIES

Share it