Latest News

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ കുട്ടിയെ മൂന്നു മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ കുട്ടിയെ മൂന്നു മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
X

വടകര: മുട്ടുങ്ങല്‍ മീത്തലങ്ങാടിക്കടുത്ത് ഗോസായിക്കുന്നില്‍ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ കുട്ടിയെ മൂന്നു മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്നു നടത്തിയ ശ്രമമാണ് കുട്ടിക്കു രക്ഷയായത്.

സമീപവാസിയായ ഷാഫിയുടെയും മുബീനയുടെയും മകന്‍ ഷിയാസാണ് കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയത്. കളിക്കുന്നതിനിടയില്‍ തെറിച്ചുപോയ പന്ത് എടുക്കുന്നതിനിടയില്‍ ഷിയാസ് ഭീമന്‍ കല്ലുകള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു. മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കൂടുതല്‍ ആഴത്തിലേക്ക് വീണു. കുട്ടിയെ വലിച്ചെടുക്കാനോ ഭീമന്‍ കല്ലുകള്‍ നീക്കാനോ കഴിയാതെ വന്നതോടെയാണ് ഫയര്‍ഫോഴ്‌സിന്റെയും പോലിസിന്റെയും സഹായം തേടിയത്. ജെസിബി എത്തിച്ച് കല്ല് നീക്കാമെന്നു കരുതിയെങ്കിലും അപകടമാവുമെന്നു വന്നതോടെ ക്രെയിന്‍ കൊണ്ടുവന്ന് കല്ല് നീക്കിയാണ് യാതൊരു പോറലും ഏല്‍ക്കാതെ കുട്ടിയെ പുറത്തെടുത്തത്. ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ രാത്രി എട്ടേ മുക്കാലായിരുന്നു. ഇരുട്ടായതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ വെളിച്ച സംവിധാനവും ഒരുക്കിയിരുന്നു. ആംബുലന്‍സും സജ്ജമാക്കി നിര്‍ത്തി. കല്ലുകള്‍ക്കിടയില്‍ മണിക്കൂറുകള്‍ അകപ്പെട്ടതിനാല്‍ ഷിയാസിനെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.

Next Story

RELATED STORIES

Share it