Latest News

അന്താരാഷ്ട്ര വനിതാ ദിനാചരണം: കേരള വനിതാ കമ്മിഷന്റെ വനിതാ പാര്‍ലമെന്റ് ആറിന്

അന്താരാഷ്ട്ര വനിതാ ദിനാചരണം: കേരള വനിതാ കമ്മിഷന്റെ  വനിതാ പാര്‍ലമെന്റ് ആറിന്
X

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള വനിതാ കമ്മിഷന്‍ ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ വനിതാ പാര്‍ലമെന്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആറിന് രാവിലെ 10 ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവിയുടെ അധ്യക്ഷയതയില്‍ ചേരുന്ന യോഗത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെയും വനിതാ പാര്‍ലമെന്റിന്റെയും ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. എം.കെ.രാഘവന്‍ എം.പി., എംഎല്‍എ മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല, ജില്ലാ കളക്ടര്‍ ഡോ. നരസിംഹഗാരു ടി.എല്‍. റെഡ്ഡി, എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എം.എസ്.താര, ഇ.എം.രാധ, ഷാഹിദാ കമാല്‍, ഷിജി ശിവജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി റാണി ജോര്‍ജ്, കെല്‍സ മെമ്പര്‍ സെക്രട്ടറി നിസ്സാര്‍ അഹമ്മദ്, കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറും സ്വാഗതസംഘം ചെയര്‍പേഴ്‌സണുമായ ഡോ. ബീനാ ഫിലിപ്പ് സ്വാഗതവും വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണ്‍ നന്ദിയും പറയും. ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍വഹിക്കും.

ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിന പ്രമേയമായ 'സുസ്ഥിരമായൊരു നാളേയ്ക്കുവേണ്ടി ഇന്ന് വേണം ലിംഗസമത്വം' എന്നതിന്റെ അടിസ്ഥാനമാക്കിയാണ് വനിതാ പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ ഡോ.ബി.സന്ധ്യ, മുന്‍ എം.പി. സി.എസ്. സുജാത, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ കെ.സി.ലേഖ, വനിതാ കമ്മിഷന്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എ.പാര്‍വതി മേനോന്‍, സംവിധായിക അഞ്ജലി മേനോന്‍, ഭക്ഷ്യ സുരക്ഷാ കമ്മിഷന്‍ അംഗം അഡ്വ. പി.വസന്തം, മുന്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം കോച്ച് പി.വി.പ്രിയ, കോഴിക്കോട് ഡയറ്റ് ലക്ചറര്‍ ഡോ.കെ.എം. സോഫിയ, ഒളവണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാരുതി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിവിധ തുറകളിലുള്ള വനിതാ നേതാക്കളുമായി പരസ്പരം ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കുക, പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ ലിംഗാധിഷ്ഠിതമായ വിഷയങ്ങളെയും അതിന്റെ സങ്കീര്‍ണതകളെയും കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക, ഇന്ത്യയിലെ/കേരളത്തിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും അവരുടെ കഴിവിന്റെ സാധ്യതകളെക്കുറിച്ച് യാഥാര്‍ഥ്യബോധം സൃഷ്ടിക്കുകയും തങ്ങളുടെ പാദമുദ്രകള്‍ പതിപ്പിക്കാന്‍ കഴിയുന്ന മേഖലകള്‍ തിരിച്ചറിയാന്‍ അവരെ ബോധവത്കരിക്കുകയും ചെയ്യുക, നയരൂപീകരണം, തീരുമാനം കൈക്കൊള്ളല്‍ എന്നീ പ്രക്രിയകളില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പാര്‍ലമെന്റിന്റെ ലക്ഷ്യങ്ങള്‍.

അതോടൊപ്പം, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ആസ്പദമാക്കിയുള്ള തെരുവ് നാടകങ്ങള്‍, കേരള വനിതാ കമ്മിഷന്റെ 2021ലെ മാധ്യമ പുരസ്‌കാര വിതരണം, പ്രസ്തുത മാധ്യമ റിപ്പോര്‍ട്ടിന് ആധാരമായവര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വനിതകളെ ആദരിക്കല്‍, കോഴിക്കോട് പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷന്റെ പ്രവര്‍ത്തനവും 'കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയിലെ സ്ത്രീ മുന്നേറ്റം കാമറക്കാഴ്ച്ചകളിലൂടെ' എന്ന ഫോട്ടോ പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it