Latest News

കാര്‍ഷിക സര്‍വകലാശാല ഗവേഷണങ്ങള്‍ കര്‍ഷകരിലേയ്ക്ക് എത്തണം: മന്ത്രി പി പ്രസാദ്

കാര്‍ഷിക സര്‍വകലാശാല ഗവേഷണങ്ങള്‍ കര്‍ഷകരിലേയ്ക്ക് എത്തണം: മന്ത്രി പി പ്രസാദ്
X

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല ഗവേഷണങ്ങള്‍ കര്‍ഷകരിലേയ്ക്ക് എത്തിച്ചേരണമെന്നും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക പ്രധാന ഉത്തരവാദിത്തമാണെന്നും കൃഷി മന്ത്രി പി പ്രസാദ്. വിളപരിപാലന ശുപാര്‍ശ 16ാം പതിപ്പ് പരിഷ്‌കരണ ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൃഷിമേഖലയിലെ കണ്ടുപിടുത്തങ്ങള്‍ മഹനീയമാണ്. ഇത് മനുഷ്യന്റെ വിശപ്പിന് പരിഹാരമാകുന്നു. കര്‍ഷകര്‍ കൃഷിയിടത്തില്‍ നിന്ന് മാറിയാല്‍ അത് സര്‍വ നാശത്തിന്റെ തുടക്കമാണ്. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയും ഘടക സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും കര്‍ഷകരിലേയ്ക്ക് യഥാവിധി എത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക രംഗത്ത് വിപ്ലവകരമായ നിരവധി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതില്‍ സര്‍വകലാശാലയുടെ പങ്ക് പ്രധാനമാണെന്നും കര്‍ഷകര്‍ക്ക് അറിവിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രമായി സര്‍വകലാശാല മാറിയെന്നും ചടങ്ങില്‍ പങ്കെടുത്ത് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. നിരന്തരമായ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെയും പ്രായോഗിക പരീക്ഷണങ്ങളിലൂടെയും പൂര്‍ണതയിലെത്തിച്ച ശാസ്ത്രീയ വിള പരിപാലന മുറകളുടെ സംഗ്രഹമാണ് വിള പരിപാലന ശുപാര്‍ശകള്‍. കര്‍ഷകരും, കൃഷി വകുപ്പിലെയും അനുബന്ധ മേഖലകളിലെയും ഉദ്യോഗസ്ഥരും, കാര്‍ഷിക ശാസ്ത്രജ്ഞരും ആശ്രയിക്കുന്ന ആധികാരിക ഗ്രന്ഥമാണിത്.

കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച 35 വിള ഇനങ്ങളും, 80 സാങ്കേതിക വിദ്യകളും കൃഷിയിട പരീക്ഷണത്തിലൂടെ പൂര്‍ണ്ണതയിലെത്തിച്ച ശാസ്ത്രീയ പരിപാലന മുറകള്‍ അവതരിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന ശില്പശാലയില്‍ സര്‍വ്വകലാശാല ശാസ്ത്രജ്ഞരും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും കൃഷി വകുപ്പിലേയും മറ്റ് അനുബന്ധ മേഖലയിലുള്ള വികസന ഉദ്യാഗസ്ഥരും കര്‍ഷകരും പങ്കെടുക്കും.

ചടങ്ങില്‍ കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.എ സക്കീര്‍ ഹുസൈന്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ആര്‍ ചന്ദ്രബാബു, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി വി സുഭാഷ്, കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജയശ്രീ കൃഷ്ണന്‍ കുട്ടി, ഗവേഷണ വിഭാഗം മേധാവി ഡോ.മധു സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it