Kerala

സ്വകാര്യ ബസുകളിലെ സീറ്റ് ഘടന: തേജസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഗതാഗതവകുപ്പിന്റെ നടപടി

കേരളത്തിലെ സ്വകാര്യ ബസുകളില്‍ ഭൂരിഭാഗവും മാനദണ്ഡങ്ങള്‍ പാലിക്കാതെ സീറ്റുകള്‍ ഘടിപ്പിക്കുന്നതുമൂലം യാത്രക്കാര്‍ ദുരിതം പേറുന്നതായി 2018 ഒക്ടോബര്‍ 15 ന് തേജസ് ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നടപടി.

സ്വകാര്യ ബസുകളിലെ സീറ്റ് ഘടന: തേജസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഗതാഗതവകുപ്പിന്റെ നടപടി
X

കെ സനൂപ്

തൃശൂര്‍: കേരളത്തിലെ സ്വകാര്യ ബസുകളില്‍ ഭൂരിഭാഗവും മാനദണ്ഡങ്ങള്‍ പാലിക്കാതെ സീറ്റുകള്‍ ഘടിപ്പിക്കുന്നതുമൂലം യാത്രക്കാര്‍ ദുരിതം പേറുന്നതായി 2018 ഒക്ടോബര്‍ 15 ന് തേജസ് ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നടപടി. തേജസ് വാര്‍ത്ത പരാതിയായി സ്വീകരിച്ച് എത്രയും പെട്ടെന്ന് നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഈ മാസം 11 ന് നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് വേണ്ടി സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ (നികുതി) ആണ് തൃശൂരിലെ മധ്യമേഖലാ 1, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സി5/ഇ76569/2018/ടിസി നമ്പര്‍ പ്രകാരം ഉത്തരവ് കൈമാറിയിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് തേജസ് ദിനപത്രം തൃശൂര്‍ ബ്യൂറോ ചീഫിനും നല്‍കിയിട്ടുണ്ട്. തേജസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.

കേരളത്തിലെ സ്വകാര്യ ബസുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സീറ്റുകള്‍ ഘടിപ്പിക്കുന്നതുമൂലം യാത്രക്കാര്‍ ദുരിതം പേറുന്നതായാണ് തേജസ് 2018 ഒക്ടോബര്‍ 15 ന് വാര്‍ത്ത നല്‍കിയിരുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ സീറ്റ് ഘടിപ്പിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബസുകളിലെ സീറ്റുകളുടെ വലിപ്പത്തിനും സീറ്റുകള്‍ തമ്മിലുള്ള അകലത്തിനും കൃത്യമായി കേന്ദ്ര, സംസ്ഥാന സര്‍കക്കാരുകള്‍ മാനദണ്ഡമുണ്ടാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഭൂരിഭാഗം ബസുകളിലും അത് പാലിക്കുന്നില്ല. 2 പേര്‍ക്കുള്ള സീറ്റിന് 38 സെന്റീമീറ്റര്‍ വീതിയും 76 സെന്റീ മീറ്റര്‍ നീളവും വേണമെന്നാണ് നിയമം. സീറ്റുകള്‍ തമ്മിലും മതിയായ അകലം വേണം. സീറ്റുകള്‍ തമ്മില്‍ 75 സെന്റീമീറ്റര്‍ അകലം വേണമെന്നാണ് നിയമം. പക്ഷെ ഇത് സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ബസുകളിലും പാലിക്കപ്പെടുന്നില്ല. മൈലേജ് കൂടുതല്‍ കിട്ടാന്‍ ബസുടമകള്‍ നീളം കുറഞ്ഞ ബസുകളാണ് തെരഞ്ഞെടുക്കുന്നത്. ഈ ബസില്‍ ആവശ്യത്തിലേറെ ആളുകളെ കൊള്ളിക്കാനായി സീറ്റുകള്‍ തമ്മിലുള്ള അകലം കുറയ്ക്കുകയാണ്. മാത്രമല്ലാ സീറ്റുകളുടെ വീതി കുറച്ച് രണ്ടുപേര്‍ക്ക് കഷ്ടിച്ച് ഇരിക്കാവുന്ന രൂപത്തില്‍ പരുവപ്പെടുത്തുന്നു. രണ്ട് സീറ്റുകളും തമ്മിലുള്ള അകലം കൂട്ടി കൂടുതല്‍ ആളുകളെ നടുവില്‍ നിര്‍ത്താന്‍ വേണ്ടിയാണിത്. ഇതോടെ സീറ്റുകളിലിരിക്കുന്ന യാത്രക്കാര്‍ കാലുകള്‍ വളച്ച് ഞെരുങ്ങി ഇരിക്കേണ്ടി വരുന്നു. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സീറ്റ് ഘടിപ്പിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പരാതി വ്യാപകമാകുമ്പോഴും യാതൊരു നടപടിയും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുണ്ടാകാത്തത് അവര്‍ക്ക് തുണയാകുന്നതായാണ് വാര്‍ത്ത ചൂണ്ടിക്കാട്ടിയത്.

അതേസമയം കെഎസ്ആര്‍ടിസി ബസുകളില്‍ സീറ്റുകളുടെ അളവും അകലവും കൃത്യമായി പാലിക്കുന്നുണ്ടെന്ന് വസ്തുതകള്‍ നിരത്തി വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബസ് ബോഡി നിര്‍മാണച്ചട്ടം (എഐഎസ് 052 ബോഡി കോഡ്) പ്രകാരം ബസിനു 11.9 മീറ്റര്‍ നീളം, 2.5 മീറ്റര്‍ വീതി, മൂന്നു വശങ്ങളില്‍ റൂട്ട് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, മുന്നിലും പിന്നിലും ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍, സുരക്ഷയ്ക്കുള്‍പ്പെടെ അഞ്ചു വാതിലുകള്‍, പരമാവധി 49 സീറ്റുകള്‍, സീറ്റുകള്‍ തമ്മില്‍ 75 സെന്റീമീറ്റര്‍ അകലം, തീപിടിക്കാത്ത റെക്‌സിന്‍ സീറ്റുകള്‍ എന്നിവ വേണം. ഈ ചട്ടങ്ങള്‍ സംസ്ഥാനത്ത് കൃത്യമായി പാലിക്കുന്നത് കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രമാണ്. അതുകൊണ്ടുതന്നേ സംസ്ഥാനത്ത് അപകടങ്ങളില്‍പ്പെടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണം പൊതുവെ കുറവാണ്.




Next Story

RELATED STORIES

Share it