Kerala Assembly Election

'ഇന്ന് ആറുമണിക്ക് പിണറായി സര്‍ക്കാര്‍ അസ്തമിക്കും, പിന്നെയുള്ളത് കെയര്‍ടേക്കര്‍ ഗവണ്‍മെന്റ്': എ കെ ആന്റണി

ഇന്ന് ആറുമണിക്ക് പിണറായി സര്‍ക്കാര്‍ അസ്തമിക്കും, പിന്നെയുള്ളത് കെയര്‍ടേക്കര്‍ ഗവണ്‍മെന്റ്: എ കെ ആന്റണി
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇന്ന് ആറുമണിക്ക് പോളിങ് കഴിയും. അതിനര്‍ഥം, ആറുമണി കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിച്ച് കഴിഞ്ഞിരിക്കും. പിന്നെയുള്ളത് കെയര്‍ടേക്കര്‍ ഗവണ്‍മെന്റാണ്. മെയ് നാലിന് വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ യുഡിഎഫ് ഭരണം ഉണ്ടാകും. ഇടതുപക്ഷത്തിന് പ്രതിപക്ഷത്തിരുന്നുകൊണ്ട് തെറ്റുതിരുത്തല്‍ പ്രക്രിയ ആരംഭിക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ തുടര്‍ഭരണത്തിന് എതിരാണ്. തുടര്‍ഭരണം കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ശവക്കുഴി തോണ്ടുമെന്ന് അവര്‍ക്കറിയാം. ബംഗാളിലെ പരമദയനീയമായ സ്ഥിതിയിലേക്ക് കേരളത്തിലെ ഇടതുപക്ഷം എത്തരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ ചരിത്രത്തിലാദ്യമായി എല്ലാ ജില്ലകളിലും യുഡിഎഫിന് വോട്ട് ചെയ്യുകയാണ്. പിണറായി സര്‍ക്കാരിനെ എതിര്‍ക്കുന്നവരും യുഡിഎഫിനെ സ്‌നേഹിക്കുന്നവരും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരും ഇടതുപക്ഷം നശിക്കരുതെന്ന് ആഗ്രഹിക്കുന്നവരും ചേര്‍ന്നുള്ള ഒരുമുന്നണി ഈ തിരഞ്ഞെടുപ്പില്‍ രംഗത്തുണ്ട്. അതുകൊണ്ട് യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് ആന്റണി പറഞ്ഞു.

യുഡിഎഫ് ഭരണം ഉറപ്പിച്ചു. എല്‍ഡിഎഫ് ഇനി പ്രതിപക്ഷത്ത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇനി പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാം. ഇടതുപക്ഷം ഇനി പ്രതിപക്ഷത്തിരുന്നുകൊണ്ട് തെറ്റ് തിരുത്തല്‍ പ്രക്രിയ ആരംഭിക്കണമെന്നാണ് തന്റെ അഭിപ്രായം. നായനാര്‍ സര്‍ക്കാറിനോടുള്ളതിനേക്കാള്‍ പതിന്മടങ്ങ് ജനരോഷമാണ് ഇപ്പോഴുള്ളത്. ഇലക്ഷന്‍ കഴിയുമ്പോള്‍ യുഡിഎഫ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും ആന്റണി പറഞ്ഞു.

കേരളത്തിന്റെ മണ്ണില്‍ ബിജെപിക്ക് വേരോട്ടം കിട്ടാന്‍ പ്രയാസമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തൊക്കെയോ കാരണത്താല്‍ ഒരു സീറ്റ് കിട്ടിയെന്നതൊഴിച്ചാല്‍ മറ്റൊന്നുമില്ല. ഒ രാജഗോപാല്‍ മല്‍സരിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള വ്യക്തിപരമായ സ്‌നേഹം കൊണ്ട് അദ്ദേഹം ജയിച്ചതൊഴിച്ചാല്‍ കേരളത്തില്‍ ബിജെപി പച്ചപിടിക്കാന്‍ സാധ്യതയില്ലെന്നും എ കെ ആന്റണി അഭിപ്രായപ്പെട്ടു.

യുഡിഎഫിന് ചരിത്രവിജയമുണ്ടാകും. അത് പകല്‍പോലെ വ്യക്തമാണ്. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. പത്തുവര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് ജനം കണക്ക് ചോദിക്കും. ജനവിരുദ്ധ നടപടികള്‍ക്ക് ജനം കടുത്ത ശിക്ഷനല്‍കും. എസ്എഫ്ഐയുടെ സ്ഥാപക പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഭരണവിരുദ്ധരായി മാറിയെന്നും എ കെ ആന്റണി പറഞ്ഞു.

Next Story

RELATED STORIES

Share it