റൊണാള്‍ഡോയുടെ മാസ്റ്റര്‍ ക്ലാസ്; യുവന്റസിനായി രണ്ട് ഗോള്‍


എംപോളി: വീര നായകന്‍ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നും ഇരട്ടഗോള്‍ വീണ ഇറ്റാലിയന്‍ സീരി എ മല്‍സരത്തില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. എംപോളിക്കെതിരേ അവരുടെ നാട്ടില്‍ വച്ച് നടന്ന മല്‍സരത്തിലാണ് റോണോ ഗോള്‍ നേടിയത്. ഈ മല്‍സരത്തില്‍ 2-1ന് യുവന്റസ് ജയിക്കുകയും ചെയ്തു. ചാംപ്യന്‍സ് ലീഗ് മല്‍സരത്തിന്റെ ക്ഷീണത്തില്‍ ഇറങ്ങിയ യുവന്റസ് ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ജയം അക്കൗണ്ടിലാക്കിയത്. 28ാംം മിനിറ്റില്‍ കപൂറ്റോ യുവന്റസിനെ ഞെട്ടിച്ച് കൊണ്ട് എംപോളിക്ക് ഗോള്‍ സമ്മാനിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ റോണോ ഇരട്ട ഗോളുമായി ടീമിന്റെ രക്ഷകവേഷം കെട്ടി. 54ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ യുവന്റസിന് സമനില നേടിക്കൊടുത്ത റോണോ 70ാം മിനിറ്റില്‍ വിജയ ഗോളും സ്വന്തമാക്കി. ഒരു തണ്ടര്‍ബോള്‍ട്ട് ഷോട്ടിലൂടെയായിരുന്നു റൊണാള്‍ഡോ വിജയ ഗോള്‍ നേടിയത്.
25വാര അകലെ നിന്ന് റൊണാള്‍ഡോ തൊടുത്ത ഷോട്ട് തൊടാന്‍ വരെ എംപോളി കീപ്പര്‍ക്ക് ആയില്ല. ജയത്തോടെ യുവന്റസിന്റെ ലീഗിലെ അപരാജിത കുതിപ്പ് 10 മല്‍സരങ്ങളായി. 10 മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും ഒരു സമനിലയുമായി യുവന്റസ് 28 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
മറ്റൊരു മല്‍സരത്തില്‍ അറ്റ്‌ലാന്റ പാര്‍മയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

RELATED STORIES

Share it
Top