Cricket

ഇന്ത്യ- വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ- വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്
X

ഹൈദരാബാദ്: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിന് ഇന്ന് വിശാഖപട്ടണം വേദിയാകും. ആദ്യ മല്‍സരത്തില്‍ ജയിച്ച ഇന്ത്യ ലീഡ് രണ്ടാക്കി ഉയര്‍ത്താനായി ഇന്ന് മൈതാനത്തിലിറങ്ങുമ്പോള്‍ മല്‍സരം സമനിലയിലാക്കാനുള്ള പരിശ്രമത്തിനാണ് കാരിബീയന്‍സ് പാഡണിയുന്നത്. ബാറ്റിങ്ങില്‍ തിളങ്ങി നില്‍ക്കുന്ന ഇന്ത്യയെ വെല്ലാന്‍ വെസ്റ്റ് ഇന്‍ഡീസ് മാര്‍ഗങ്ങള്‍ തേടേണ്ടി വരും.
കഴിഞ്ഞ ഏകദിനത്തില്‍ മങ്ങിപ്പോയെങ്കിലും ഇന്ത്യയുടെ ബൗളിങ് നിരയുടെ അടുത്ത കാലത്തെ പ്രകടനം വളരെ തൃപ്തികരമാണ്. ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ കഴിഞ്ഞ ഒമ്പത് ഏകദിനങ്ങളില്‍ നിന്നും എട്ട് എണ്ണത്തില്‍ വിജയം കൈവരിച്ചു. എന്നാല്‍ എട്ടാം റാങ്കുകാരായ വെസ്റ്റ് ഇന്‍ഡീസിന്റെ നില ദയനീയമാണ്. 2014ന് ശേഷം ഏകദിന പരമ്പരകള്‍ ഒന്നും അവര്‍ ജയിച്ചിട്ടില്ല. ഇന്ത്യന്‍ മണ്ണില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളിങില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതാണ് വിന്‍ഡീസിന്റെ വിജയത്തിന് വിള്ളല്‍ വീണത്. പക്ഷേ, കോഹ്‌ലി -രോഹിത് കൂട്ടുകെട്ട് ഒരിക്കല്‍ കൂടി പിറവിയെടുത്തതും വിന്‍ഡീസിന് പ്രതികൂല സാഹചര്യമൊരുക്കി എന്നു വേണം കരുതാന്‍. ഇരുവരുടെയും സെഞ്ച്വറിയാണ് 300ല്‍ കൂടുതല്‍ റണ്‍സെടുത്ത് ജയം മുന്നില്‍ കണ്ട വിന്‍ഡീസിന്റെ കണക്കൂകൂട്ടലുകള്‍ തെറ്റിച്ചത്. കോഹ്‌ലിയും രോഹിതുമടങ്ങുന്ന മുന്നേറ്റം ഇന്ന് പരാജയപ്പെടുകയാണെങ്കില്‍ മധ്യ നിരയുടെ കരുത്ത് കണ്ടു തന്നെ അറിയണം. ആദ്യ മല്‍സരത്തില്‍ അവര്‍ക്ക് ബാറ്റേന്താനുള്ള അവസരം പോലും കോഹ്‌ലിയും രോഹിതും നല്‍കിയിരുന്നില്ല. ലോകകപ്പ് മുന്നില്‍ നില്‍ക്കേ ഭദ്രതയുള്ള മധ്യ നിരയെ തിരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ സിലക്ടര്‍മാര്‍ പാടുപെടുമ്പോള്‍ ആ അവസരത്തിന് ഇന്ത്യന്‍ മുന്നേറ്റ നിര മാറിക്കൊടുക്കുന്നില്ലെന്നതാണ് ആദ്യ ഏകദിനം വിരല്‍ ചൂണ്ടുന്നത്. അതേസമയം ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ പുതിയ കരുത്തായി റിഷഭ് പന്ത് മധ്യ നിരയിലുണ്ട്. തന്റെ കന്നി ഏകദിനത്തില്‍ പന്തിന് ഇറങ്ങാന്‍ കഴിഞ്ഞിട്ടില്ല. താരത്തിന്റെ ഐപിഎല്ലിലെ പ്രകടനം ഏകദിനത്തിലും ആവര്‍ത്തിക്കാനായാല്‍ അത് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും. ട്വന്റി20 മല്‍സരങ്ങളിലെന്ന പോലെ ബാറ്റു വീശുന്ന രോഹിതും കോഹ്‌ലിയും മികച്ച പ്രകടനം തുടരുകയും കൂടാതെ ശിഖര്‍ ധവാന്‍, എംഎസ് ധോണി, രവീന്ദ്ര ജഡേജ എന്നിവരും ഫോമിലേക്കുയരുകയും ചെയ്താല്‍ പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്കാവും. അങ്ങനെയെങ്കില്‍ തുടര്‍ച്ചയായ പത്ത് ഹോം മാച്ചുകള്‍ ജയിച്ചെന്ന റെക്കോഡ് ഇന്ത്യക്ക് സ്വന്തമാകും.രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്്‌വേന്ദ്ര ചഹല്‍,മുഹമ്മദ് ഷാമി എന്നിവരുടെ മൂര്‍ച്ചയേറിയ ബൗളിങ്ങും ഇന്ത്യക്ക് അനുകൂലമാണ്.
എന്നാല്‍ വിന്‍ഡീസ് നിരയിലാവട്ടെ, നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഉള്‍പ്പെടെ പേരു കേട്ട വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് നിര ഇപ്പോള്‍ കടുത്ത ഭീഷണിയിലുമാണ്. നായകനൊഴികേ ബാക്കിയുള്ള ഓരോ വിന്‍ഡീസ് ബൗളര്‍മാരും ശരാശരി ആറില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയാണ് ഇന്ത്യക്ക് വിജയം അനായാസമാക്കിക്കൊടുത്തത്.
വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കീറന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരെല്ലാം ബൗളര്‍മാര്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. കഴിഞ്ഞ മല്‍സരത്തില്‍ ഇവര്‍ ക്രീസില്‍ പിടിച്ചുനിന്നെങ്കിലും പരാജയത്തോടെ പാഡഴിക്കേണ്ടി വന്നു.
രണ്ടാം ഏകദിനത്തിനുള്ള ടീമില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. വിരാട് കോഹ്‌ലി നയിക്കുന്ന ടീമില്‍ ധവാന്‍, രോഹിത് ശര്‍മ, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, ധോണി എന്നിവര്‍ ബാറ്റ്‌സ്മാന്മാരായും രവീന്ദ്ര ജഡേജ ഓള്‍റൗണ്ടറായും ടീമിലുണ്ട്.
ഇന്ത്യന്‍ ടീം : വിരാട് കോഹ്‌ലി , ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്്‌വേന്ദ്ര ചഹല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ്.
Next Story

RELATED STORIES

Share it