ഫ്രാന്‍സിന് മുന്നില്‍ ഇന്ത്യന്‍ യുവനിര അടിയറവച്ചു


സാഗ്രെബ്: ക്രൊയേഷ്യയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് പരാജയം. ശക്തരായ ഫ്രാന്‍സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പൊരുതിത്തോല്‍ക്കുകയായിരുന്നു.
തുടക്കം മുതല്‍ കളിയുടെ നിയന്ത്രണം ഫ്രാന്‍സിനു തന്നെയായിരുന്നു. എന്നാല്‍ തങ്ങളുടെ പരിമിതിക്കുള്ളില്‍ ഇടയ്ക്കിടെ ശക്തമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ ടീമിനായി. 18ാം മിനിറ്റിലാണ് ഇന്ത്യ ആദ്യ ഗോള്‍ വഴങ്ങിയത്. പിന്നീടുള്ള ആദ്യ പകുതിയില്‍ പ്രതിരോധം ശക്തമാക്കിയ ഇന്ത്യയ്‌ക്കെതിരേ രണ്ടാം ഗോള്‍ കണ്ടെത്താന്‍ ഫ്രഞ്ച് പടയ്ക്കായില്ല. രണ്ടാം പകുതിയില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ച ഇന്ത്യ പലവട്ടം എതിരാളികളുടെ ബോക്‌സില്‍ പന്തുമായി കടന്നെത്തി.
65ാം മിനിറ്റില്‍ സമനില ഗോളിനായി് ഇന്ത്യയ്ക്ക് മികച്ചൊരവസരം ലഭിച്ചെങ്കിലും അങ്കിതിന്റെ ഷോട്ട് ക്രോസ് ബാറില്‍ നിന്ന് പോയിന്റ് വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. തുടര്‍ന്ന് ഫ്രാന്‍സ് 73ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി.
ആദ്യ മല്‍സരത്തില്‍ ക്രൊയേഷ്യയോട് 5-0ത്തിന് തോറ്റ ഇന്ത്യ രണ്ടാം മല്‍സരത്തില്‍ സ്ലൊവാനിയയോട് ഇഞ്ചുറി ടൈമിലെ ഗോളില്‍ 1-0നും പരാജയപ്പെട്ടിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ മല്‍സരങ്ങള്‍ അവസാനിച്ചു. ഇനി ഇന്ത്യ യൂറോപ്പിലേക്ക് പറക്കും. അവിടെ സെര്‍ബിയക്കെതിരേ രണ്ട് മല്‍സരങ്ങള്‍ കളിക്കും. 13നാണ് ആദ്യ മല്‍സരം.

RELATED STORIES

Share it
Top