Cricket

തകര്‍ത്തടിച്ച് പൃഥ്വി ഷായു പന്തും; ഇന്ത്യ ടോപ് ഗിയറില്‍

തകര്‍ത്തടിച്ച് പൃഥ്വി ഷായു പന്തും; ഇന്ത്യ ടോപ് ഗിയറില്‍
X

ഹൈദരാബാദ്: ട്വന്റി20 ശൈലിയില്‍ പൃഥ്വി ഷായും ഏകദിന ശൈലിയില്‍ റിഷഭ് പന്തും ബാറ്റേന്തിയ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്ക് മേല്‍ക്കൈ. ഉമേഷ് യാദവിന്റെ ബൗളിങ് കരുത്തില്‍ വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സ് പോരാട്ടം 311 റണ്‍സിലൊതുക്കിയ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റിന് 304 റണ്‍സെന്ന മികച്ച നിലയിലാണ്. ഇന്നലെ വിന്‍ഡീസിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകളും വീഴ്ത്തിയ ഉമേഷ് യാദവാണ് സന്ദര്‍ശകരുടെ സ്‌കോര്‍ 311ല്‍ ഒതുക്കിയത്. ഇതോടെ ആറു വിക്കറ്റാണ് ഉമേഷിന് വീഴ്ത്താനായത്.
ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് ശേഷിക്കേ വിന്‍ഡീസിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് വെറും മൂന്ന് റണ്‍സ് കൂടി മതി. ഇന്ത്യയെ റിഷഭ് പന്തും(85*) അജിന്‍ക്യ രഹാനെയും(75*) ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ വീണ്ടും വമ്പന്‍ സ്‌കോറിലേക്ക് നയിക്കുകയാണ്.
ആദ്യ പന്തില്‍ തന്നെ ഷാനോണ്‍ ഗബ്രിയേലിനെ സിക്‌സിനും ഫോറിനും പറത്തി താന്‍ ട്വന്റി20 ശൈലിയിലാണ് ബാറ്റ് വീശാനായി ഇറങ്ങിയതെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ ടെസ്റ്റിലെ സെഞ്ച്വറിക്കാരന്‍ പൃഥ്വി ഷാ പ്രഹരം തുടങ്ങിയത്. ഈ ഓവറില്‍ അടിച്ചെടുത്തതാവട്ടെ 15 റണ്‍സും. ഈ സിക്‌സറോടെ വീരേന്ദര്‍ സേവാഗിന്റെ റെക്കോഡിനൊപ്പവും മുംബൈ താരമെത്തി. 2000ത്തിന് ശേഷം ഒരു ടെസ്റ്റ് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ സിക്‌സ് അടിക്കുന്ന രണ്ടാമത്തെ താരമാണ് പൃഥ്വി ഷാ. ഇതിന് മുമ്പ് 2008ല്‍ സേവാഗ് ഈ നേട്ടം കൈവരിച്ചിരുന്നു.


മറ്റൊരു ഓപണറായ കെ എല്‍ രാഹുലിനെ കാഴ്ചക്കാരനാക്കിയാണ് പൃഥ്വി ഷാ വിന്‍ഡീസ് ബൗളര്‍മാരുടെ പന്തിനെ തലങ്ങും വിലങ്ങും അടിച്ചകറ്റിയത്. ഷാ അര്‍ധ സെഞ്ച്വറി കണ്ടെത്തിയതോടെ ഒരിക്കല്‍ കൂടി സെഞ്ച്വറി നേടി റെക്കോഡ് പടുത്തുയര്‍ത്തുമെന്ന് തോന്നിച്ചു. 39 പന്തില്‍ നിന്നായിരുന്നു പതിനെട്ടുകാരന്റെ അതിവേഗ സെഞ്ചുറി. എന്നാല്‍ അതുവരെ പൃഥ്വി ഷായ്ക്ക് അരങ്ങ് തകര്‍ക്കാനായി ഒഴിഞ്ഞുകൊടുത്ത കെ എല്‍ രാഹുലിനെ(4) ഇന്ത്യക്ക് നഷ്ടമായി. ആദ്യത്തെ ടെസ്റ്റിലെ ഫോമില്ലായ്മ രാഹുല്‍ ഇവിടെയും തുടരുകയായിരുന്നു. ആ സമയം 42 റണ്‍സായിരുന്നു ഷായ്ക്ക്. വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന ഷായ്ക്ക് കൂട്ടുമായി പിന്നീട് പൂജാരയാണ് ക്രീസിലെത്തിയത്. എന്നാല്‍ 53 പന്തില്‍ 70 റണ്‍സില്‍ നില്‍ക്കേ കൂറ്റനടിക്ക് ശ്രമിച്ച പൃഥ്വി ഷായെ കൈകളിലാക്കി ഹിറ്റ്‌മെയര്‍ രണ്ടാം സെഞ്ച്വറിയെന്ന മോഹം തല്ലിക്കെടുത്തി. ജോമല്‍ വറികനായിരുന്നു വിക്കറ്റ്. താരത്തിന്റെ രണ്ടാം ടെസ്റ്റില്‍ രണ്ടാം സെഞ്ച്വറിയെന്ന മോഹം പൂര്‍ത്തിയാക്കാനായില്ലെങ്കിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് പൃഥ്വി ഷാ ക്രീസ് വിട്ടത്. 11 ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു യുവതാരത്തിന്റെ ഇന്നിങ്‌സ്.
നാല് റണ്‍സ് കൂടി ചേരുന്നതിനിടെ ഇന്ത്യക്ക് കഴിഞ്ഞ മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച പൂജാരയെയും(10) നഷ്ടമായി. തുടന്ന് ഒത്തുചേര്‍ന്ന കോഹ്‌ലിയും രഹാനെയും ഇന്ത്യയെ കൈപിടിച്ചുയര്‍ത്താന്‍ തുടങ്ങി. ഇരുവരും ശ്രദ്ധയോടെ ബാറ്റ് വീശിയതോടെ ഇന്ത്യ ടോപ് ഗിയറിലാണെന്ന് തോന്നിച്ചു. പക്ഷേ, സ്‌കോര്‍ 162ല്‍ നില്‍ക്കേ ഇന്ത്യന്‍ നായകനെ വിക്കറ്റിന് മുന്നില്‍ കുരുക്കി വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ആ കൂട്ടും പൊളിച്ചു. പിന്നീടാണ് രണ്ടാം ദിനത്തിലെ ഏറ്റവും മികച്ച പാര്‍ട്ട്ണര്‍ഷിപ്പ് പിറന്നത്. ഇതിന് രഹാനെയും പന്തും ചേര്‍ന്നാണ് ചുക്കാന്‍ പിടിച്ചത്. രഹാനെ വിന്‍ഡീസ് ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചപ്പോള്‍ ഇടവിട്ട ഓവറുകളില്‍ ബൗണ്ടറി ഡോസ് നല്‍കിയാണ് പന്ത് ബാറ്റ് ചെയ്തത്. ഇതിനിടയില്‍ ഒരോവറില്‍ തുടര്‍ച്ചയായ രണ്ട് സിക്‌സറുകളും പറത്തി പന്ത് ഇന്ത്യന്‍ ആരാധകരുടെ ആവേശം ഇരട്ടിച്ചു. തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തിയ പന്ത്, അനായാസമായാണ് വിന്‍ഡീസ് ബൗളര്‍മാരെ നേരിട്ടത്. ഇതിനോടകം തന്നെ 10 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അദ്ദേഹം നേടിക്കഴിഞ്ഞു. ഇടയ്ക്ക് വച്ച് രണ്ട് ജീവനാണ് പന്തിന് ലഭിച്ചത്. അഞ്ചാംദിനം കളി അവസാനിക്കുമ്പോള്‍ 85 റണ്‍സോടെ പന്തും 75 റണ്‍സോടെ അജിന്‍ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.ആദ്യ ബാറ്റിങില്‍ ഏഴ് വിക്കറ്റിന് 295 റണ്‍സെന്ന നിലയില്‍ നിന്ന് ബാറ്റിങ് പുനരാരംഭിച്ച വിന്‍ഡീസിന് 16 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റും നഷ്ടമായി. നേരത്തേ സെഞ്ച്വറിയിലേക്ക് രണ്ട് റണ്‍സ് മാത്രം വേണ്ടിയിരുന്ന റോസ്റ്റന്‍ ചേസ് സെഞ്ച്വറിയുമായാണ് (106) മടങ്ങിയത്.
Next Story

RELATED STORIES

Share it