Cricket

മൂന്നാം ദിനം വിന്‍ഡീസ് ചാരം; ഇന്ത്യക്ക് കൂറ്റന്‍ ജയം

മൂന്നാം ദിനം വിന്‍ഡീസ് ചാരം; ഇന്ത്യക്ക് കൂറ്റന്‍ ജയം
X

രാജ്‌കോട്ട്: അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ല, ഇന്ത്യക്കെതിരേ പൊരുതാന്‍ പോലും കഴിയാതെ ആദ്യ ടെസ്റ്റ് അവസാനിക്കാന്‍ രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കേ ഇന്നിങ്‌സിനും 272 റണ്‍സിനും വിന്‍ഡീസ് കീഴടങ്ങിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാം ദിനം ആറിന് 94 റണ്‍സെന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് പുനരാരംഭിച്ച വിന്‍ഡീസിനെ 181ല്‍ പുറത്താക്കുകയും പിന്നീട് അവര്‍ ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സിലിറങ്ങി. എന്നാല്‍ തുടര്‍ന്നും ഇന്ത്യന്‍ ആധിപത്യം കാരിബിയന്‍ ബാറ്റ്‌സ്മാന്‍മാരില്‍ പുലര്‍ത്തി അവരെ 196ല്‍ വീഴ്ത്തിയതോടെ ഇന്ത്യ ആദ്യ ടെസ്റ്റില്‍ കൂറ്റന്‍ ജയം സ്വന്തമാക്കുകയായിരുന്നു. നേരത്തേ മൂന്ന് പേരുടെ സെഞ്ച്വറി കണ്ട ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റിന് 649 റണ്‍സെടുത്ത് ആതിഥേയര്‍ ഡിക്ലയര്‍ ചെയ്തിരുന്നു.
സ്പിന്നര്‍മാരുടെ മാസ്മരികത നിറഞ്ഞ ബോളിങ്ങാണ് വിന്‍ഡീസിനെ പടുകുഴിയില്‍ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ നാല് വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ തന്റെ ടെസ്റ്റ് കരിയറിലെ മികച്ച ഇന്നിങ്‌സായ അഞ്ച് വിക്കറ്റ് പ്രകടനവുമായി കുല്‍ദീപ് യാദവും ഇന്ത്യന്‍ ജയത്തിന് നിര്‍ണായക പങ്കു വഹിച്ചു. മൂന്നാംദിനമായ ഇന്ന് മാത്രം 14 വിക്കറ്റുകളാണ് വിന്‍ഡീസ് നിരയില്‍ വീണത്. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. 154 പന്തില്‍ 19 ബൗണ്ടറികളോടെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ 18കാരന്‍ പൃഥ്വി ഷായാണ് (134) കളിയിലെ താരം.
മൂന്നാം ദിനം ആറിന് 94 എന്ന നിലയില്‍ തങ്ങളുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച വിന്‍ഡീസിന് 87 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന നാല് വിക്കറ്റുകള്‍ കൂടി നഷ്ടമാവുകയായിരുന്നു. അശ്വിന്റെ ട്ടേണ്‍ ബൗളിന് ബാറ്റ് വയ്ക്കാന്‍ വിഷമിക്കുന്നതിനിടെയാണ് ഇതില്‍ മൂന്നു വിക്കറ്റും വീണത്. അതോടെ വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സ് 181ല്‍ അവസാനിക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയ റോസ്റ്റന്‍ ചേസും കീമോ പോളും ചേര്‍ന്നാണ് ടീം സ്‌കോര്‍ അത്രയും കൊണ്ടെത്തിച്ചത്. റോസ്റ്റന്‍ ചേസ് അര്‍ധ ശതകം തികച്ചപ്പോള്‍ (53) കീമോ പോളിന്(47) അര്‍ധ ശതകത്തിന് മൂന്ന് റണ്‍സിപ്പുറം ഉമേഷ് യാദവിന്റെ പന്തില്‍ പൂജാരയ്ക്ക് പിടികൊടുക്കേണ്ടി വന്നു. അശ്വിനെ കൂടാതെ മുഹമ്മദ് ഷാമി രണ്ട് വിക്കറ്റും ജഡേജയും കുല്‍ദീപ് യാദവും ഉമേഷ് യാദവും ഓരോ വിക്കറ്റുകളും പിഴുതു.
തുടര്‍ന്ന് 468 റണ്‍സ് ഫോളോ ഓണിനയക്കപ്പെട്ട വിന്‍ഡീസിന് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യന്‍ ബോളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. വമ്പനടികളോടെ പരിമിത ഓവറെന്നപോലെ തു
ടങ്ങിയ ബ്രാത് വെയ്റ്റും കീറന്‍ പവലും എന്തോ ഉറപ്പിച്ച് വന്ന പോലെയുള്ള ബാറ്റിങാണ് പുറത്തെടുത്തത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 32 ചേരുന്നതിനിടെ നായകന്‍ ബ്രാത്‌വെയ്റ്റിനെ (10) അശ്വിന്‍ മടക്കി. സ്ലിപ്പില്‍ നിലയുറപ്പിച്ച പൃഥ്വി ഷായ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. തുടര്‍ന്നാണ് ചൈനാമെന്‍ കുല്‍ദീപ് യാദവിന്റെ ബൗളിങിലെ സംഹാര താണ്ഡവം. പിന്നീട് പുറത്തായ അഞ്ച് ബാറ്റ്‌സ്മാന്‍മാരെയും പവലിയനിലേക്ക് പറഞ്ഞയക്കാന്‍ താരത്തിന്റെ കൈക്കുഴ കൊണ്ട് കുത്തിത്തിരിയുന്ന പന്ത് തന്നെ വേണ്ടി വന്നു.
ഹോപും പവലും ചേര്‍ന്ന് വിന്‍ഡീസിന് രക്ഷകരാവുമെന്ന് തോന്നിച്ചെങ്കിലും സ്‌കോര്‍ 79ല്‍ നില്‍ക്കേ ഹോപ്പിനെ (17) വിക്കറ്റിന് മുന്നില്‍ കുടുക്കിത്തുടങ്ങിയാണ് കുല്‍ദീപ് വിക്കറ്റ് വേട്ട് ആരംഭിച്ചത്. തുടര്‍ന്ന് 23ാം ഓവറില്‍ ഹിറ്റ്‌മെയറേയും (11) ആ ഓവറിലെ നാലാം പന്തില്‍ അംബ്രിസിനെയും(0) പിന്നീട് 30ാം ഓവറില്‍ ചെയ്‌സിനേയും (20) മടക്കി കുല്‍ദീപ് വിക്കറ്റ് വേട്ട നാലാക്കി. അപ്പോഴും വിന്‍ഡീസിന്റെ ഒറ്റയാള്‍ പോരാളി കീറന്‍ പവല്‍ ക്രീസില്‍ തന്നെ നിലയുറപ്പിച്ചിരുന്നു. താരത്തെ മടക്കാനായി പേസ്-സ്പിന്‍ ഭേദമന്യേ നായകന്‍ കോഹ്‌ലി പരീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ തന്റെ 41ാം ഓവറിലെ നാലാം പന്തില്‍ പവലിനെ സ്ലിപ്പില്‍ നിന്നിരുന്ന പൃഥ്വി ഷായുടെ കൈകളിലെത്തിച്ചതോടെ കുല്‍ദീപിന്റ അഞ്ചാം ഇരയായി പവലും മടങ്ങി. ഏകദിനശൈലിയില്‍ ബാറ്റേന്തിയ പവല്‍ 93 പന്തിലാണ് 83 റണ്‍സെടുത്തത്. പിറന്നതാവട്ടെ, എട്ട് ഫോറും നാല് സികസറും. പവലും കൂടി വീണതോടെ പിന്നീട് മുമ്പത്തെ സമാന നില പോലെ തകര്‍ന്ന വിന്‍ഡീസിന്റെ പോരാട്ടം ഒടുവില്‍ 196ല്‍ അവസാനിച്ചു. ഇന്ത്യയാവട്ടെ തകര്‍പ്പന്‍ ജയവും സ്വന്തമാക്കി. രണ്ടാമിന്നിങ്‌സില്‍ ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ സെഞ്ചുറി നേടിയ പൃഥ്വി ഷാ(134) വിരാട് കോഹ്‌ലി(139) രവീന്ദ്ര ജഡേജ(100*) എന്നിവരുടെ മികവിലാണ് ഇന്ത്യ ഒന്നാമിന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 649 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തത്. റിഷഭ് പന്ത് 92 റണ്‍സും പൂജാര 86 റണ്‍സുമെടുത്തു.
ഒക്ടോബര്‍ 12ാം തിയ്യതി രാജ്‌കോട്ടിലാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കുക.
Next Story

RELATED STORIES

Share it